ഗാന്ധിജിയുടെ പ്രഥമകൃതി ‘ഹിന്ദ് സ്വരാജി‘ന്റെ ശതാബ്ദി 2009 ൽ നാടെങ്ങും കെങ്കേമമായി ആഘോഷിക്കുകയുണ്ടായി. ആ പുസ്തകത്തിന്റെ വിലയിരുത്തൽ പല വീക്ഷണകോണുകളിലുള്ളവർ നടത്തിയിരുന്നു. ഒരുകാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. മഹാത്മാവ്, സാമൂഹ്യപരിഷ്കർത്താവ്, സ്വാതന്ത്ര്യസമരസേനാനി, മികച്ച രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ഗാന്ധിജിയെ വിലയിരുത്തിയപ്പോഴും എഴുത്തുകാരനെന്ന തലം പരിഗണിക്കപ്പെടാതെ പോയി. താനൊരു എഴുത്തുകാരനാണെന്ന് ഗാന്ധിജി ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ ആ യുഗപുരുഷന്റെ രചനകൾ നമ്മുടെ രാജ്യത്ത് ഉന്നത മാനവീയ സങ്കല്പങ്ങളുടെയും ആദർശങ്ങളുടെയും വലിയ ഓളങ്ങൾ സൃഷ്ടിച്ചിരുന്നു. നിരവധി സാഹിത്യകാരന്മാർ ആ ആദർശങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മുന്നേറി. ഗുജറാത്ത് വിദ്യാപീഠം സ്ഥാപിച്ചത് ഗാന്ധിജിയായിരുന്നു. അവിടെ നിന്ന് പല വിദ്യാർത്ഥികളും ദേശീയ വിദ്യാഭ്യാസത്തിന്റെ ഉത്കൃഷ്ഠത മനസിലാക്കി. അവിടെനിന്ന് പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ, അധ്യാപകർ, എഴുത്തുകാർ എന്നിവരുടെ ഒരു വലിയ നിരയുണ്ട്. അവർ ഗുജറാത്തി സാഹിത്യത്തെ സമൃദ്ധമാക്കാൻ ഉത്സാഹിച്ചുകൊണ്ടിരുന്നു.
1914 ആകുമ്പോഴേക്ക് കനയ്യാലാൽ മാണിക്യലാൽ മുൻഷി ഗുജറാത്തി സാഹിത്യത്തിന് പുതുജീവൻ നൽകി. കരുത്തും ദിശാബോധവും നൽകി. ഭാഷയ്ക്ക് ലാളിത്യമേകി. ജീവിതത്തെയും ജനങ്ങളെയും ഒരു പുതിയ വീക്ഷണത്തിൽ വിലയിരുത്താൻ അദ്ദേഹത്തിനായി. ഗാന്ധിജിയിൽ നിന്നാണ് ഇതിനുള്ള പ്രേരണ അദ്ദേഹം ഉൾക്കൊണ്ടത്. നിർധനരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ജീവിതസാഹചര്യങ്ങളിൽ എഴുത്തുകാരുടെ ശ്രദ്ധപതിയാൻ തുടങ്ങിയത് ഇങ്ങനെയാണ്. ഗുജറാത്തി സാഹിത്യത്തിൽ അനേകം പരിവർത്തനങ്ങൾ വന്ന കാലഘട്ടമായിരുന്നു അത്. ഗാന്ധിജി നേതൃത്വം നൽകിയ ദേശീയപ്രസ്ഥാനം ലോകയുദ്ധങ്ങൾ, പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങൾ, റഷ്യൻ കമ്മ്യൂണിസം, സംസ്കൃതപഠനം, ഇംഗ്ലീഷ് പഠനം, മറ്റു പ്രദേശങ്ങളിലെ സാഹിത്യവുമായുള്ള സമ്പർക്കം ഇവയെല്ലാമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ കവിതയ്ക്ക് നവീനരൂപം കൈവന്നു. ഭാഷയിൽ പ്രസാദഗുണം കടന്നുവന്നു. വാക്കുകൾക്ക് തിളക്കമേറി. പുതിയ ഛന്ദസുകളുടെ ആവിർഭാവമുണ്ടായി. വിഷയങ്ങൾക്ക് ആഴമേറിവന്നു. നാട്ടുഭാഷയ്ക്കും നാടോടി സാഹിത്യത്തിനും സാഹിത്യത്തിൽ പ്രാധാന്യം ലഭിക്കാൻ തുടങ്ങി.
ഗാന്ധി സ്വാധീനം പ്രകടമായ സാഹിത്യത്തെ പ്രധാനമായും നാല് ഘട്ടങ്ങളായി തിരിക്കാം. പല എഴുത്തുകാർ ആ ധാരയുമായി അടുപ്പം പുലർത്തിയതായി കാണാം. കാകാ കാലോൽക്കർ, രാമനാരായൺ പാഠക്, സ്വാമി ആനന്ദ്, ഉമാശങ്കർ ജോഷി, സുന്ദരം, ഝവേർചന്ദ് മേഘാണി, പന്നാലാൽ പട്ടേൽ, ജ്യോതിന്ദ്രഭവേ, ചന്ദ്രവദൻ മേഹ്ത, ഝിനാഭായി ദേശായി, മനു പഞ്ചേലി, ഈശ്വർ പാട്ടിൽ എന്നിവർ 1915–1945 കാലഘട്ടത്തിൽ ഗാന്ധിയൻ സ്വാധീനം ഉൾക്കൊണ്ട കവികളാണ്. 1945 മുതൽ 1955 വരെ നീണ്ടുനിൽക്കുന്നതാണ് രണ്ടാംഘട്ടം. രാജേന്ദ്രഷാ, നിരഞ്ജൻ ഭഗത്, ബേനിഭായ് പുരോഹിത്, പ്രഹ്ളാദ് പാരേഖ്, ബാലമുകുന്ദ് ദവെ, സുരേഷ് ജോഷി എന്നിവർ ഗാന്ധിയൻ ആദർശങ്ങളിൽ നിന്ന് പ്രേരണയുൾക്കൊണ്ട് ഈ ദശകത്തിൽ രചനാനിരതരായി.
1955 മുതൽ 1985 വരെ നീണ്ടുനിൽക്കുന്നതാണ് മൂന്നാംഘട്ടം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് ശേഷമാണിതിന്റെ വളർച്ച. ഗുലാബ് ദാസ് ബ്രോക്കർ, മൻസുഖലാൽ ജോഷി, ഗുലാം മുഹമ്മദ് ശേഖ്, ഹരേന്ദ്രദവേ, ചീനുമോദി, നളിന്റെ രാവൽ, ആദിൽ മുൻസൂരി, രഘുവീർ ചൗധരി എന്നീ എഴുത്തുകാരുടെ കൃതികൾ ഈ കാലപരിധി
യിൽപ്പെടുന്നവയാണ്. ഗാന്ധിദർശനം പ്രചോദിതസാഹിത്യത്തിന്റെ നാലാം ഘട്ടം 1985 മുതൽ തുടങ്ങുന്നു. അതിന്റെ പ്രവാഹം ഇപ്പോഴും തുടരുന്നു. ഈ നിരയിലെ എഴുത്തുകാരിൽ ലാഭ് ശങ്കർ ഠാക്കർ, മണിലാൽ പട്ടേൽ, രമേശ് പാരേഖ്, ഭഗവതി കുമാർശർമ്മ, ഗുണവന്ത് ഷാ, യോസേഫ് മഖ്വാൻ തുടങ്ങിയവർ ഉൾപ്പെടുന്നു. നിശ്ചിത കാലയളവിൽപ്പെടുത്തി ഇവരുടെ സാഹിത്യപ്രവണതകളുടെ വിലയിരുത്തൽ അസാധ്യമാകും. ഗാന്ധി സ്വാധീനം യുഗങ്ങളായി തുടർന്നുവരുന്നു. പല രൂപങ്ങളിൽ അതിനിയും ദീർഘനാൾ നിലനിൽക്കുമെന്നതാണ് കാലബന്ധിതമായ വിലയിരുത്തലിനെ അസാധ്യമാക്കുന്നത്. ഏതുനിലക്കും ഈ നിരയിലെ ചില എഴുത്തുകാർ ഗുജറാത്തി സാഹിത്യത്തിലെ നാഴികക്കല്ലുകൾ ആവുകയാണ്.
ഗാന്ധിജിയുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്ന കനയ്യലാൽ മുൻഷി(1912) ഗുജറാത്തി സാഹിത്യത്തിൽ വലിയൊരു വിപ്ലവപക്ഷത്തിന് തുടക്കം കുറിച്ച എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ സാഹിത്യ സവിശേഷതകൾ അപഗ്രഥനം ചെയ്യാൻ ദീർഘകൃതികൾ വേണ്ടിവരും. 50വർഷത്തോളം അദ്ദേഹത്തിന്റെ സാഹിത്യസാധന നീണ്ടുനിന്നു. ഗദ്യശാഖയിലാണ് മുൻഷി മുന്നേറിയത്. വിഷയത്തിലും ഭാഷാപ്രയോഗത്തിലും അദ്ദേഹം അതുവരെ നിലനിന്ന പാരമ്പര്യത്തിൽ വലിയ മാറ്റം വരുത്തി. 1915ൽ മുൻഷി ‘യങ് ഇന്ത്യ’ പത്രം തുടങ്ങി. 1938ൽ ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചു. അതിന്റെയെല്ലാം തുടർഫലമായി സാഹിത്യം, സംസ്കാരം, രാജ്യസ്നേഹം, സാമൂഹ്യബോധം, മാനവീയ ജീവിതാദർങ്ങൾ ഇവയിലെല്ലാം വിശാലതയും ഗഹനതയും പ്രകടമായി.
ഗാന്ധി യുഗത്തിലെ ഗുജറാത്തി സറ്റയറിസ്റ്റ് ആയിരുന്നു കാകാ കാലോൽക്കർ. അദ്ദേഹത്തിന്റെ മാതൃഭാഷ മറാഠിയായിരുന്നു. എന്നിട്ടും ഗുജറാത്തി സാഹിത്യത്തിന് അദ്ദേഹം അമൂല്യ സേവനങ്ങൾ അർപ്പിച്ചു. നാട്ടിൽ നടമാടിയിരുന്ന അഴിമതി അവസാനിപ്പിക്കാൻ ഗാന്ധിജി പരമാവധി പരിശ്രമിച്ചിരുന്നു. ‘ആ പണോ രാഷ്ട്രീയ രിവാസ്’ എന്ന ഗദ്യകൃതിയിൽ കാലോൽക്കർ ഇങ്ങനെ കുറിച്ചു, ”എന്റെ ബാല്യകാലത്തെ ഒരു കാര്യം ഓർക്കുന്നു. അന്ന് കൈക്കൂലി അത്ര കുപ്രസിദ്ധമായിരുന്നില്ല. ആ സാഹചര്യത്തിൽ കൈക്കൂലി ഒരു ദേശീയ നയമാണെന്ന് ഞാൻ കരുതി. പുറമെ നിന്ന് വന്നവർ നമ്മെ പല തിന്മകളും പരിശീലിപ്പിച്ചു. എന്നാൽ കൈക്കൂലി വാങ്ങൽ ആരും പഠിപ്പിക്കേണ്ടിവന്നില്ല. നാം സൃഷ്ടിച്ച ദേവന്മാർ പോലും കൈക്കൂലി സ്വീകരിക്കുന്നതിൽ ബഹുനിപുണരാണ്. മറ്റു ദേവന്മാരെ അപേക്ഷിച്ച് രാമൻ കേമനാണെന്ന് തുളസീദാസ് പറഞ്ഞിട്ടുണ്ട്.” രാജ്യത്തിന്റെ പതനാവസ്ഥയെക്കുറിച്ച് ഇങ്ങനെ കുറിക്കാൻ കാകാ സാഹിബിനേ കഴിയൂ.
1917ൽ കാകാ കാലോൽക്കർ ഗാന്ധിജി സ്ഥാപിച്ച സത്യഗ്രഹ ആശ്രമത്തിലെത്തി. തുടർന്നദ്ദേഹം ഗുജറാത്ത് വിദ്യാപീഠത്തിലെ ആചാര്യനും ഗാന്ധിജിയുടെ ഉറ്റ ശിഷ്യനുമായി. ഗാന്ധിജിയുടെ ദർശനം അദ്ദേഹം ആഴത്തിൽ ഉൾക്കൊണ്ടു. ‘സ്മരണയാത്ര’ കാലോൽ കർനോ ലേഖോം ‘ജീവൻ ഭാരതി’, ‘ജീവൻ നോ ആനന്ദ്’ ‘ഓതാ തി ദീപാലോ’ എന്നീ കൃതികൾ ഇതിന് നല്ല നിദർശനങ്ങളാണ്. ജീവൻഭാരതി അക്കാലത്തെ ഗ്രാമീണ‑സാമൂഹ്യ ജീവിതത്തെ നന്നായി വിശകലനം ചെയ്യുന്ന കൃതിയാണ്. ‘ഓതരാതി ദിവലോ‘വിൽ അദ്ദേഹത്തിന്റെ തടവുകാല ജീവിതം വിവരിക്കുന്നുണ്ട്. ഭാരതീയ സംസ്കാരം, കല, നൈതികത ഇവയുടെയെല്ലാം നല്ല അനുയായിയും വ്യാഖ്യാതാവുമായിരുന്ന അദ്ദേഹത്തിന് അവയെക്കുറിച്ചെല്ലാം സ്വന്തമായ നിലപാട് ഉണ്ടായിരുന്നു. ഈ ഘട്ടത്തിലും ഗാന്ധിയൻ വീക്ഷണം അദ്ദേഹം മുറുകെ പിടിച്ചു. ഗുജറാത്തി ഗദ്യസാഹിത്യത്തിൽ ഉപന്യാസം, ആത്മകഥ എന്നീ ശാഖകളെ പുഷ്ടിപ്പെടുത്തുന്നതിൽ കാലോൽക്കാർ ഗണ്യമായ പങ്കുവഹിച്ചു. ഗാന്ധിജിയുടെ സ്വാധീനം ഈ ശാഖകളിൽ പ്രകടമാണ്.
ഡയറി ശാഖയിൽ മഹാദേവ ദേശായിയുടെ സംഭാവന വളരെ പ്രിയപ്പെട്ടതാണ്. അഞ്ച് വാള്യങ്ങളുള്ള ഡയറി അദ്ദേഹത്തിൽ നിന്ന് ഗുജറാത്തിക്ക് ലഭിച്ചു. വിശ്വ സാഹിത്യത്തിൽ തന്നെ ഇതൊരു റെക്കോഡ് സൃഷ്ടിച്ചു. ലേഖകന്റെ ചിന്തകൾ, ആശയങ്ങൾ, വ്യക്തിത്വം, ഇഷ്ടാനിഷ്ടങ്ങൾ ഇവയെല്ലാം അതിൽ മേളിക്കുന്നു. ഗാന്ധിജിയുടെ അനുഭവങ്ങൾ അദ്ദേഹത്തെ തേടിയെത്തുന്ന വലിയവരുടെയും ചെറിയവരുടെയും ജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങൾ ഇവയെല്ലാം ഡയറി എഴുതുമ്പോൾ കാലോൽക്കർ ശ്രദ്ധയോടെ കുറിക്കുകയുണ്ടായി. ഒഴുക്കുള്ള ഭാഷ, സത്യത്തോടുള്ള ആഭിമുഖ്യം, തനിമയാർന്ന ശൈലി ഇതെല്ലാം അദ്ദേഹത്തിന്റെ രചനാ സവിശേഷതകളാണ്. ഗുജറാത്തിലെ ഒന്നാംകിട വിവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ടാഗോറിന്റെ ‘ചിത്രാംഗദ ഗാന്ധിജിയുടെ ഇംഗ്ലീഷ് ലേഖനങ്ങൾ എന്നിവ അദ്ദേഹം നിപുണമായി ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തി. ‘ബർദോളി സത്യഗ്രഹത്തിന്റെ ചരിത്രം’ ഗാന്ധിയൻ ആശയങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിപത്തിയുടെ തെളിവാണ്.
ഡയറി ശാഖയിൽ വേറെയും കുറേ ഈടുറ്റ കൃതികൾ ഗുജറാത്തിയിൽ രചിക്കപ്പെട്ടിട്ടുണ്ട്. മനുബൻ ഗാന്ധിയുടെ ‘ബിഹാർ നികൗമി ആഗ് മാം’ (1956), വീണാബെൻ ഷായുടെ ‘വർധാ ഡയറി’ (1959), കാകാ കാലോൽക്കറുടെ ‘സന്ധ്യാഛായ’ (1979), ചന്ദുഭായി ദലാളിന്റെ ‘ഗാന്ധിജി നി ദിൻപാരി’ (1980) എന്നിവ ഈ ശാഖയിലെ ശ്രദ്ധേയ കൃതികളാണ്. സാഹിത്യത്തിൽ ഗാന്ധിജി തുടക്കം കുറിച്ച് ജനോന്മുഖ ഭാഷയെ അതിന്റെ മികവാർന്ന തലത്തിലെത്തിക്കാൻ സാധിച്ച സാഹിത്യകാരനാണ് ഝവേർചന്ദ് മേഘാണി. നാടോടികഥകളും ഗീതങ്ങളും അദ്ദേഹം സമാഹരിച്ചു. പത്രപ്രവർത്തകനായിരുന്ന മേഘാണി ബോംബെയിലെ ‘ജന്മഭൂമി’ രാൺപൂരിലെ “ഫൂൽഛാവ്’ എന്നീ പത്രങ്ങളിൽ ഈടുറ്റ ലേഖനങ്ങളെഴുതി. സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും മേഘാണി കൃതികൾ രചിച്ചിരുന്നുവെങ്കിലും കവിതയിൽ കൂടുതൽ മികവ് പുലർത്തി. ‘യുഗവന്ദന’, ‘കില്ലാൽ’, ‘വേണി നാഫൂൽ’ എന്നിവയാണ് മേഘാണിയുടെ പ്രമുഖ കാവ്യസമാഹാരങ്ങൾ. രാജ്യസ്നേഹവും ധീരതയും തുളുമ്പി നിൽക്കുന്നതാണ് ഇതിലെ കവിതകൾ, പ്രേരണാത്മകവും പ്രവാഹപൂർണവുമാണിതിന്റെ ശൈലി. നാട്ടുഭാഷയുടെ താളവും ലയവും ഈ കവിതകൾക്ക് ചാരുതയേകുന്നു. ഗുജറാത്തിലെ രാഷ്ട്രകവിയായി മേഘാണി അറിയപ്പെട്ടു. 1931 ൽ വൈസ്രോയിയുമായി സംഭാഷണത്തിനായി ഗാന്ധിജിക്ക് ക്ഷണം ലഭിച്ചിരുന്നു. നിദ്രാവസ്ഥയിലായിരുന്ന ജനതയെ ജാഗ്രതാവസ്ഥയിലേക്ക് നയിക്കാൻ തക്കവിധത്തിലുള്ള കവിത ആ ഘട്ടത്തിൽ കവി എഴുതിയത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
ഉമാശങ്കർ ജോഷിയുടെ കാവ്യകൃതി ‘വിശ്വശാന്തി’ പുറത്തിറങ്ങിയതും 1931 ലായിരുന്നു. ആധുനിക ഗുജറാത്തി കവിതയിലെ ഒരു നാഴികക്കല്ലായിരുന്നു ഈ കാവ്യം. ഗാന്ധിജിയുടെ ആശയങ്ങളും പാശ്ചാത്യ ലോകത്തിൽ നിന്നുള്ള നവീനാദർശങ്ങളും കവി മനസിൽ മേളിച്ചു. ഉണർവ്, ദേശഭക്തി, മാനവീയത, സേവന മനോഭാവം, പാവങ്ങളോട് സഹാനുഭൂതി, മാനവീയ മൂല്യങ്ങൾ ഇവയെല്ലാം ഈ വിശിഷ്ടകാവ്യത്തിൽ ദീപ്തമായി നിന്നു. അഹിംസയ്ക്കും ശാന്തിക്കും വേണ്ടി ഗാന്ധിജി സ്വീകരിച്ച പാതയുടെ മേന്മ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഭവ്യഭാവനകളും ഛന്ദസിന്റെ ചാരുതയും ഈ കൃതിക്ക് പുതിയ കരുത്തേകി. ‘വിശ്വശാന്തി‘ക്ക് അവതാരിക എഴുതിയത് കാകാ കാലോൽക്കർ ആയിരുന്നു. 1969ൽ ജോഷി ‘ഗാന്ധി കഥ’ രചിച്ചുകൊണ്ട് ഗുജറാത്തി സാഹിത്യത്തിൽ ജീവചരിത്ര ശാഖയ്ക്ക് നവോന്മേഷം നൽകി. പിന്നീട് രഘുവീർ ചൗധരി ഇതിൽ കണ്ണിചേർന്നുകൊണ്ട് ‘മോരാരി ബാപ്പുകി ജീവൻ കഥ’ എന്ന കൃതി രചിച്ചു. ജോഷി 38 വർഷക്കാലം ‘സംസ്കൃതി’ മാസികയുടെ എഡിറ്ററായി സേവനമനുഷ്ഠിച്ചിരുന്നു. ഗാന്ധിയുഗത്തിൽ നിന്ന് പ്രചോദനം നേടിയ എഴുത്തുകാരെ സമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കാൻ ഈ എഡിറ്റർക്ക് സാധിച്ചു. മഹാദേവദേശായി, നാരായൺ ഭായി ദേശായ് എന്നിവരും ഗാന്ധിയുടെ ജീവചരിത്രം ലക്ഷണമൊത്ത രീതിയിൽ രചിച്ചവരാണ്. മഹാത്മജിയുമായി അടുത്തിടപഴകാൻ സാധിച്ചവരായതിനാൽ അവർ രചിച്ച ജീവചരിത്രകൃതികൾക്ക് ആധികാരികതയും ആസ്വാദ്യതയും കൂടുകയുണ്ടായി. അഗ്നികുണ്ഠ് മാം ഉഗേലു ഗുലാബ്(1992) മാരും ജീവൻ എജ് മാരിവാണി(2003) എന്നിവ നാരായൺ ദേശായിയുടെ ശ്രദ്ധേയ കൃതികളാണ്.
കാവ്യശാഖയിൽ ഉമാശങ്കർ ജോഷിയോടൊപ്പം കടന്നുവന്ന വ്യക്തിയാണ് സുന്ദരം. 1931 ലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഗാന്ധിജി ഉയർത്തിപ്പിടിച്ച സത്യം, അഹിംസ, സ്നേഹം എന്നീ മന്ത്രങ്ങൾ സുന്ദരത്തിന്റെ ‘ചക്രദൂത്’ എന്ന ദീർഘകാവ്യത്തിൽ മുഖരിതമായി. ഗാന്ധിജിയുടെ രചനാത്മക പരിപാടികളുടെ പ്രതീകമായ ചർക്കയാണ് ഈ കാവ്യത്തിന്റെ കേന്ദ്രബിന്ദു. രാഷ്ട്രത്തിന്റെ പുരോഗതി, സ്വരാജ് ലക്ഷ്യപ്രാപ്തി എന്നിവയുടെ സന്ദേശം ഇതിലുണ്ട്. ‘സബർമതി’ മാസികയുടെ എഡിറ്റർ കൂടിയായിരുന്നു സുന്ദരം. അരവിന്ദാശ്രമത്തിൽ അദ്ദേഹം കുറച്ചുകാലം കഴിഞ്ഞിരുന്നു. അന്ന് ‘ദക്ഷിണ’ മാസികയുടെ എഡിറ്ററായി. ആ പദവിയിലിരിക്കെ അരിവിന്ദ ദർശനത്തെയും ഗാന്ധി ദർശനത്തെയും സാമാന്യ ജനങ്ങൾക്ക് പരിചയപ്പെടുത്താൻ സുന്ദരം ശ്രമിച്ചുവന്നു. “അർവാചീൻ കവിത’, ‘കാവ്യ മംഗള’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കാവ്യകൃതികൾ. ഗാനാത്മക കവിതയുടെ പാതയിൽ നിന്ന് മാറിയാണ് സുന്ദരം സഞ്ചരിച്ചത്. പുതിയ പരീക്ഷണങ്ങളും വൃത്തപ്രയോഗവും പ്രവാഹപൂർണമായ ഭാഷയും അദ്ദേഹത്തിന്റെ കവിതകൾക്ക് ശാന്തി പകർന്നു.
ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഏതാനും നഗരങ്ങളുടെ പരിമിതവൃത്തത്തിലല്ല, മറിച്ച് ഈ നാട്ടിലെ ഏഴ് ലക്ഷത്തോളം വരുന്ന ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി ഊന്നിപ്പറഞ്ഞിരുന്നു. നഗരത്തിന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാനാണ് ഗ്രാമങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ചില നഗരവാസികളുടെ വിശ്വാസം. ഗ്രാമത്തിൽ പുലരുന്ന പാവങ്ങൾക്ക് വിശപ്പടക്കാനുള്ള ഭക്ഷണവും നഗ്നത മറയ്ക്കാനുള്ള വസ്ത്രവും തലചായ്ക്കാൻ വീടും ഉണ്ടോ എന്ന കാര്യം നഗരവാസികൾ ആലോചിക്കാറില്ല. 1975ന് ശേഷം ഗുജറാത്തി കവിതയിൽ വലിയ മാറ്റം വന്നു. മറാഠിയിലെ ലളിത കവിതയുടെ സ്വാധീനം ഇതിൽ പ്രധാനമാണ്. പിന്നെ ദളിത് ചെറുകഥകളുടെയും നോവലുകളുടെയും വലിയ പ്രവാഹമായി. ഹരിജന പ്രശ്നങ്ങളിൽ ഗാന്ധിജിയും കെ എം മുൻഷിയും ശ്രദ്ധചെലുത്തിയിരുന്നു. അവർക്കുശേഷം ഈ പാതയിൽ മുന്നേറിയ
എഴുത്തുകാരൻ യോഗേന്ദ്ര മെക്വാനാണ്. ‘വ്യഥനാ വീതക്(1984), ‘വൽഖാ’(1987), ‘പ്രീത് പ്രമാണി പഗലേ പഗലേ’ (1987) എന്നിവ തൂലികാ ചിത്രശാഖയിൽ മെക്വാന്റെ പ്രധാന കൃതികളാണ്. ‘കുരുക്ഷേത്ര്’ ഈ ശാഖയിലുള്ള കെ എം മുൻഷിയുടെ പൂർവകൃതിയാണ്. സാമൂഹ്യ സമത്വത്തെപ്പറ്റി പിൽക്കാല എഴുത്തുകാരനായ മനുഭാവി പഞ്ചോലി ദർശക് ഇങ്ങനെ എഴുതി “ജന്മനായുള്ള ജാതിവ്യ വസ്ഥ അവസാനിച്ചേ പറ്റൂ. നിങ്ങൾ ബ്രാഹ്മണനാണ്. മറ്റേയാൾ വേറെ ജാതിക്കാരൻ എന്ന് ഈശ്വരൻ ആരുടെയും നെറ്റിയിൽ ഒന്നും കുറിച്ചുവയ്ക്കുന്നില്ല. ജന്മനാ സകലരും ശൂദ്രന്മാരാണ്. പിന്നീട് കർമ്മംകൊണ്ട് മനുഷ്യർ ഉയരുന്നു. ദളിത് ചേതന പിന്നെ കൂടുതൽ വാർന്നു വീണത് മോഹൻ പർമാറിന്റെ കൃതികളിലാണ്. ഗുജറാത്തി സാഹിത്യത്തിൽ ഗാന്ധിജിയുടെ സ്വാധീനം അപഗ്രഥിക്കുമ്പോൾ കുറെ എഴുത്തുകാരെ ഉദാഹരിക്കാനുണ്ടാകും. ആ പട്ടിക നന്നെ സുദീർഘമാണ്.
വനകാല ദേശായ് (ആമാര ബാ 1945), ഝവേർചന്ദ് മേഘാണി (സോറുഠ് താര വഹേതാ പാണി 1937), പന്താലാൽ പട്ടേൽ(മാനവിനി ഭഖായ് 1947), മുകുൾഭായി കലാർത്ഥി (ബാ ബാപ്പുജി 1951), വിപിൻ ഭായി ആസാദ് (മാനവതാ നി മഹയ്ക്ക് 1957), ഉമാശങ്കർ ജോഷി(ഗാന്ധി കഥ 1969), കമലാബെൻ പട്ടേൽ (കൂൺ സോതാം ഉഖ് ഡേല 1979), ദിൻകർ മേഹ്ത (പരിവർത്തൻ 1968), ഉഷാബെൻ മേഹ്ത(ഗാന്ധിജി 1987), ദിൻകർ ജോഷി (പ്രകാശ് നോപർഛായോ 1988), ചന്ദ്രകാന്ത് ബക്ഷി (ബക്ഷി നാമ 1988), ഉശ്നസ് (സദ് മാതാ നോ ഖാഞ്ചോം 1988), ജയന്ത് ഗാഡിത് (സത്യം 4 വോള്യം 2009) ഇവരാണ് എടുത്തു പറയേണ്ട എഴുത്തുകാർ. ഹരി അനന്ത് ഹരികഥാ അനന്താ എന്ന ചൊല്ലുപോലെയാണ് ഇതിന്റെ സ്ഥിതി. എണ്ണമറ്റ കൃതികൾ ഈ ശാഖയിലുണ്ട്. ചില പേരുകൾ വിട്ടുപോയിരിക്കും. ഏതായാലും ഒരു കാര്യം തറപ്പിച്ചു പറയാം. ഗാന്ധിസാഹിത്യത്തിന് ഗുജറാത്തിയിൽ പ്രമുഖസ്ഥാനം ലഭിച്ചിട്ടുണ്ട്. അത് ദീർഘകാലം നിലനിൽക്കുകയും ചെയ്യും. സർഗാത്മക കൃതികളും വിചാരത്മക കൃതികളും ഈ ധാരയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.