ഗാന്ധിജിയുടെ ജീവിതവും ജീവത്യാഗവും ഏറെ പ്രസക്തമായ കാലം: മുഖ്യമന്ത്രി

Web Desk
Posted on October 10, 2019, 9:37 pm

തിരുവനന്തപുരം: ഗാന്ധിജിയുടെ ജീവിതവും ജീവത്യാഗവും ഏതൊക്കെ മൂല്യങ്ങള്‍ക്കു വേണ്ടിയായിരുന്നുവോ ആ മൂല്യങ്ങള്‍ ഏറെ പ്രസക്തമായ ഒരു കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അയ്യങ്കാളി ഹാളില്‍ ഖാദിയും ഗാന്ധിജിയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടതിനാലാണ് ഗാന്ധിജിക്ക് വെടിയേറ്റത്. ലോകമേ തറവാട് എന്ന സങ്കല്പത്തില്‍നിന്ന് രൂപപ്പെട്ടതാണ് അദ്ദേഹത്തിന്റെ ആദര്‍ശം.

മാനവികതയില്‍ ഊന്നിയ അതിവിശാലമായ ഒരു കാഴ്ചപ്പാടായിരുന്നു അത്. ഗാന്ധിജി സ്മരിക്കപ്പെട്ടുകൊണ്ടേയിരിക്കേണ്ടത് രാജ്യത്തിന്റെയും ജനതയുടേയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി ദേശീയസ്വാതന്ത്ര്യസമരത്തെ ഖാദികൊണ്ട് ഓജസ്സുറ്റതാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തെ ഗാന്ധിജി ഖാദിയുടെ നൂലിഴകള്‍കൊണ്ട് ശക്തമാക്കി. അക്രമരഹിതമായ ഒരു ആയുധം കൂടിയായിരുന്നു ഖാദി. നാനാതരം ആളുകളുടെ ഐക്യത്തിന്റെ പ്രതീകമായി മാറാന്‍ ഖാദിക്ക് കഴിഞ്ഞു. ഖാദി എന്നത് കേവലം വസ്ത്രം മാത്രമല്ല ഒരു സംസ്‌കാരം കൂടിയാണെന്നും ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനേകം പേര്‍ക്ക് ജീവനോപാധിയും പരിസ്ഥിതിസൗഹൃദപരവുമായ ഖാദി സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്വത്തിന്റെയും അടയാളമാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞു. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, മാനവികത തുടങ്ങിയ ഉന്നതമായ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു ആ സന്ദേശം. പുതിയ തലമുറ അതേപ്പറ്റി കൂടുതല്‍ അറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. കെ പി മോഹനന്‍ വിഷയാവതരണം നടത്തി. കേരള ഖാദി ഗ്രാമവ്യവസായബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് പങ്കെടുത്തു.