Saturday
23 Mar 2019

ഗണേഷ്‌കുമാറിന്റെ ആന പോലീസ് കസ്റ്റഡിയില്‍

By: Web Desk | Monday 29 January 2018 3:53 PM IST


കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍വേലിക്കര കുരുന്നിലായ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കീഴൂട്ട് വിശ്വനാഥന്‍ എന്ന ആന പാപ്പാനെ തുമ്പികൈ കൊണ്ട് അടിച്ചു കൊന്നിരുന്നു. അടിയേറ്റ് രണ്ടാം പാപ്പാന്‍ കോട്ടയം തിരുവാര്‍പ്പ് കിളിരൂര്‍ നോര്‍ത്ത് കളരി പറമ്പില്‍ ചന്ദ്രന്റെ മകന്‍ ബിനുകുമാറാണ് (32) മരിച്ചത്. കുളിപ്പിക്കാന്‍ കൊണ്ടു പോകും വഴിയാണ് ആന തുമ്പികൈ കൊണ്ട് ബിനുകുമാറിനെ അടിച്ചു വീഴ്ത്തിയത്. ഉടന്‍തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബിനുവിനെ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല

ഉത്സവ കമ്മിറ്റിക്കാര്‍ ബുക്ക് ചെയ്തിരുന്ന ആനകളില്‍ ഈ ആന ഇല്ലായിരുന്നു. പകരക്കാരനായി കൊണ്ടുവന്നതാണ് വിശ്വനാഥനെയെന്ന് ഉത്സവ കമ്മിറ്റിക്കാര്‍ പറയുന്നു. അതു കൊണ്ടു തന്നെ സംഭവത്തില്‍ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കുന്നില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആനയെ എഴുന്നള്ളിക്കാന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഒന്നാം പാപ്പാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ബിനുകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തെ തുടര്‍ന്നാണ് ആനയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.