Friday
20 Sep 2019

പാലാരിവട്ടം അഴിമതി പുതിയ തലത്തിലേക്ക് ഗണേഷിന്റെ കത്തെവിടെ; ഉമ്മന്‍ചാണ്ടി വെട്ടില്‍

By: Web Desk | Friday 14 June 2019 9:28 PM IST


ബേബി ആലുവ

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിനാലാണ് യുഡിഎഫില്‍ നിന്നു പുറത്തായതെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിലേക്ക്. പാലം നിര്‍മ്മാണ കാലയളവില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു ഗണേഷ് കുമാര്‍. ആരോപണം അക്കാലത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് തള്ളിയെങ്കിലും ഉമ്മന്‍ചാണ്ടി മൗനത്തിലാണ്. ഗണേഷ്‌കുമാറിനെ തള്ളി വെട്ടിലാവാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവില്ലെന്ന് വ്യക്തം. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലടക്കം പല പദ്ധതികളിലും നടന്ന അഴിമതികള്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു താന്‍ പരാതി നല്‍കിയിരുന്നെന്നും പൊതുമരാമത്തു മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് അറിയാതെ അഴിമതി നടക്കില്ലെന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നെന്നും ഇതിന്റെ പേരിലാണ് യു ഡി എഫില്‍ നിന്നു പുറത്തായതെന്നുമാണ് കെ ബി ഗണേഷ് കുമാർ  മാധ്യമങ്ങളോടുവെളിപ്പെടുത്തിയത്.

പാലാരിവട്ടം മേല്‍പ്പാലത്തിനുണ്ടായ ബലക്ഷയത്തെ തുടര്‍ന്ന് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിക്കപ്പെടുന്ന സാഹചര്യത്തില്‍, അക്കാലത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴാണ് ആ മന്ത്രിസഭയില്‍ മറ്റൊരംഗമായിരുന്ന ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍.ഗണേഷ് കുമാറിന്റെ വാക്കുകള്‍ വിലയ്‌ക്കെടുക്കുന്നില്ലെന്നു പറഞ്ഞ് വി കെ ഇബ്രാഹിം കുഞ്ഞ് തള്ളിയെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പൊതുസമൂഹത്തോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും. മേല്‍പ്പാലം നിര്‍മ്മാണത്തിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രക്ഷോഭങ്ങള്‍ക്കെതിരായി കളമശേരിയില്‍ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു.ഇബ്രാഹിം കുഞ്ഞിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ജനങ്ങള്‍ ചെറുക്കുമെന്നു പ്രഖ്യാപിച്ച് മുന്‍ മന്ത്രിയെ വെള്ളപൂശാന്‍ ഉമ്മന്‍ ചാണ്ടി അപഹാസ്യമായ ശ്രമം നടത്തിയിരുന്നു. ഗണേഷ് കുമാറിന്റെ തുറന്നു പറച്ചിലോടെ ഉമ്മന്‍ ചാണ്ടി വെട്ടിലുമായി.പാലാരിവട്ടം മേല്‍പ്പാലത്തിന്റെ 75 ശതമാനം പണി മാത്രമേ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നുള്ളു എന്നു പറഞ്ഞു കൈ കഴുകാനും ഉമ്മന്‍ ചാണ്ടി ശ്രമം നടത്തുകയുണ്ടായി.
ഇതിനിടെ, വീടുകളും ചെറിയ മുറികളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കോണ്‍ക്രീറ്റ് കൂട്ടാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്ന കുറ്റപ്പെടുത്തലുമായി ചെന്നൈ ഐഐടിയുടെ സമഗ്ര റിപ്പോര്‍ട്ട് പുറത്തുവന്നത് വിഷയത്തിലെ സങ്കീര്‍ണ്ണത വര്‍ധിപ്പിച്ചിരിക്കുകയാണ്. പാലങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള എം35 എന്ന അനുപാതത്തില്‍ കോണ്‍ക്രീറ്റ് മിശ്രിതം വേണ്ടിടത്ത് എം 22 ഗ്രേഡിലുള്ള കോണ്‍ക്രീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാവശ്യത്തിനു പോലും സിമന്റ് കോണ്‍ക്രീറ്റില്‍ ചേര്‍ത്തിട്ടില്ല, രൂപരേഖ തയ്യാറാക്കല്‍ മുതല്‍ എല്ലാക്കാര്യങ്ങളും തട്ടിപ്പ് നടന്നു, അങ്ങനെ പോകുന്നു ചെന്നൈ ഐഐടി യുടെ സമഗ്ര റിപ്പോര്‍ട്ട്. മേല്‍പ്പാലം നിര്‍മ്മിച്ച ആര്‍ ഡി എസ് പ്രോജക്ട്‌സ് എംഡി യെ ഒന്നാം പ്രതിയാക്കിയും കിറ്റ്‌കോ മുന്‍ എംഡി അടക്കം 17 ഉദ്യോഗസ്ഥരെ സംശയ സ്ഥാനത്ത് നിര്‍ത്തിയും വിജിലന്‍സ് നേരത്തേ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചിരുന്നു. ഗര്‍ഡറുകള്‍, തൂണുകള്‍ എന്നിവയില്‍ വിള്ളലുകളും പൊട്ടലുകളും കണ്ടെത്തിയ സാഹചര്യത്തില്‍ അറ്റകുറ്റപ്പണി കൊണ്ട് അപാകത തീര്‍ക്കാനാവില്ലെന്നും പുതിയ പാലം നിര്‍മ്മിക്കണമെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
നിലവാരമില്ലാത്ത സിമന്റും കമ്പികളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്നും കോണ്‍ക്രീറ്റില്‍ വീഴ്ച വന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.പുതിയ പാലം നിര്‍മ്മിക്കണമെന്നു തന്നെയാണ് കൊച്ചി മെട്രോ റയിലിന്റെ മുഖ്യ സൂത്രധാരനായ ഇ ശ്രീധരന്റെയും അഭിപ്രായം.എന്നാല്‍, ഇ ശ്രീധരന്‍ അങ്ങനെ പലതും പറയുമെന്നായിരുന്നു മേല്‍പ്പാലം നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം. ക്രമക്കേടിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഉദ്യോഗസ്ഥന്മാര്‍ക്കാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഏതായാലും, സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇ ശ്രീധരനും വിദഗ്ധ സംഘവും 17 ന് മേല്‍പ്പാലം സന്ദര്‍ശിക്കുന്നുണ്ട്. അതോടെ, നിര്‍ണ്ണായകമായ കുറെക്കൂടി കണ്ടെത്തലുകള്‍ പുറത്തു വരാനിടയുണ്ട്.
ഇതിനും പുറമെ, യുഡിഎഫിന്റെ ഭരണകാലത്ത് നിര്‍മ്മിച്ച ചെറുതും വലുതുമായ പല പാലങ്ങളെ സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യം പ്രാദേശികമായി ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇതിനും പുറമെ, യുഡിഎഫിന്റെ ഭരണകാലത്ത് നിര്‍മ്മിച്ച ചെറുതും വലുതുമായ പല പാലങ്ങളെ സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യം പ്രാദേശികമായി ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

Related News