മാനഭംഗശ്രമം; അമ്മയും മകളും ട്രെയിനില്‍ നിന്ന് ചാടി

Web Desk
Posted on November 13, 2017, 5:01 pm

 

കാണ്‍പൂര്‍: പൊലീസ് ഒത്താശയോടെ മകളെ ഒരു സംഘം യുവാക്കള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാണ്‍പൂരില്‍ അമ്മയും മകളും ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക്‌ ചാടി. ഹൗറ ‑ജോദ്പൂര്‍ എക്‌സ്പ്രസില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കിടെയാണ് നാല്‍പ്പതുകാരിയായ അമ്മയ്ക്കും പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിക്കും പതിനഞ്ചോളം വരുന്ന സംഘത്തില്‍ നിന്ന് ദുരനുഭവം നേരിട്ടത്. കാണ്‍പൂരിന് സമീപം ട്രെയിന്‍ എത്താറായപ്പോള്‍ സംഘം പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും, തുടര്‍ന്ന് രക്ഷപ്പെടാന്‍ മറ്റ് വഴിയില്ലാതിരുന്ന ഇരുവരും പുറത്തേക്ക് ചാടുകയുമായിരുന്നു. ട്രയിനില്‍നിന്നും വീണ് ബോധരഹിതരായി കിടന്ന ഇരുവരും രണ്ട് മണിക്കൂറിനു ശേഷം പരുക്കുകളോടെ ചന്ദാരി റെയില്‍വെ സ്റ്റേഷനിലെത്തി. ഇവരെ സ്റ്റേഷനിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
ഞായറാഴ്ചയാണ് റെയില്‍വെ പൊലീസ് വിവരം അറിയുന്നത്. പരാതിയില്‍ തങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കാണ്‍പൂര്‍ സ്റ്റേഷന്‍ പൊലീസ് അറിയിച്ചു. അക്രമി സംഘത്തില്‍ 15 ഓളം പേര്‍ ഉണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. അതേസമയം ട്രെയിന്‍ അലഹബാദിനടുത്ത് രണ്ട് സ്റ്റേഷനുകളില്‍ നിര്‍ത്തിയപ്പോള്‍ റെയില്‍വെ കോണ്‍സ്റ്റബിള്‍മാരോട് പരാതിപ്പെട്ടിരുന്നുവെന്നും പൊലീസ് മൂന്ന് പേരെ പുറത്താക്കുകയും ചെയ്തതായി അവര്‍ മൊഴിയില്‍ പറയുന്നു.
എന്നാല്‍ പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കിയിട്ടാവണം അരമണിക്കൂറിനുള്ളില്‍ സംഘം വീണ്ടുമെത്തിശല്യം തുടര്‍ന്നു. പിന്നീട് ശൗചാലയത്തിലേക്ക് പോയ പെണ്‍കുട്ടിയെ ഇവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ അമ്മ എതിര്‍ക്കാന്‍ ശ്രമിക്കുകയും രക്ഷയില്ലാതെ മകളെയും കൊണ്ട് പുറത്തേക്ക് എടുത്തുചാടുകയുമായിരുന്നു. ‘പിടിവലിയില്‍ മകളുടെ വസ്ത്രം കീറിയിരുന്നു, പുറത്തേക്ക് ചാടുകയല്ലാതെ രക്ഷപ്പെടാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റുമാര്‍ഗം ഉണ്ടായിരുന്നില്ല,’ അവര്‍ പറയുന്നു.
ദില്ലിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇവരുടെ ഭര്‍ത്താവ് ജോലിചെയ്യുന്നത്. പെണ്‍കുട്ടി കൊല്‍ക്കത്തയിലെ സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എത്രയും പെട്ടന്ന് തന്നെ പ്രതികളെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.