ഓട്ടോറിക്ഷയില്‍ കടത്തിയ രണ്ടേകാല്‍ കിലോ കഞ്ചാവ് പിടികൂടി

Web Desk
Posted on August 10, 2018, 8:40 pm

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അമ്പലപ്പുഴ, തകഴി, തിരുവല്ല പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടേകാല്‍ കിലോ കഞ്ചാവുമായി രണ്ട് തിരുവല്ല സ്വദേശികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസ് ഷാഡോ അംഗങ്ങള്‍ നടത്തിയ വിവരശേഖരണത്തില്‍ നിന്നും അമ്പലപ്പുഴ, തകഴി, എടത്വ ഭാഗങ്ങളില്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടറിഞ്ഞ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോബര്‍ട്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തിരുവല്ല കുറ്റപ്പുഴ വാലുപറമ്പില്‍ ബിനോയ് ചാക്കോ (34) ആണ് ഓട്ടോറിക്ഷ സഹിതം പിടിയിലായത്. ഇയാളുടെ ഓട്ടോയില്‍ നിന്നും കാല്‍ക്കിലോയോളം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിനോയ് ചാക്കോയ്ക്ക് ഇവ എത്തിച്ചുകൊടുക്കുന്ന തിരുവല്ല ചീരംചിറ ഭഗവതിപ്പറമ്പില്‍ മസ്താന്‍ എന്നു വിളിക്കുന്ന സുനില്‍കുമാറിനെ (39) എക്‌സൈസ് സംഘം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തെക്കണ്ട് മറ്റൊരു ഓട്ടോറിക്ഷയില്‍ അപകടകരമായി വെട്ടിച്ചുകടന്ന സുനില്‍കുമാറിനെ തിരുവല്ല ഇടിഞ്ഞില്ലം ജംഗ്ഷ്‌നില്‍ വെച്ച് തടഞ്ഞ് ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാളില്‍ നിന്നും രണ്ട് കിലോയോളം കഞ്ചാവ് പിടികൂടി. ഒട്ടോയും കസ്റ്റഡിയിലെടുത്തു.

കായംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി കൊട്ടേഷന്‍ സംഘങ്ങളില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്‍പ്പന നടത്തിവരുകയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. കഞ്ചാവ് വില്‍പ്പനയിലെ പ്രധാനിയാണ് സുനില്‍കുമാര്‍. 250 ഗ്രാം മുതല്‍ രണ്ട് കിലോ വരെയുള്ള അളവുകളിലാണ് ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍ രാജന്‍, പ്രിവന്റീവ് ഓഫീസറന്മാരായ എം ബൈജു, എന്‍ സതീശന്‍, സിവില്‍ എക്‌സൈസ് ഓഫീസറന്മാരായ ആര്‍ രവികുമാര്‍, കെ ജി ഓംകാര്‍നാഥ്, ടി ജിയേഷ്, എന്‍ പി അരുണ്‍, കെ ബി ബിപിന്‍, വി എ അഭിലാഷ്, വിപിനചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.