ഗംഗേശാനന്ദ സാധാരണ ജീവിതത്തിലേക്ക്

Web Desk

കൊച്ചി

Posted on March 27, 2018, 6:38 pm

ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ സ്വാമി ഗംഗേശാനന്ദ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ മൂന്ന് മാസത്തെ വിദഗ്ധ ചികില്‍സയിലൂടെയാണ് ഗംഗേശാനന്ദ പൂര്‍വ്വ സ്ഥിതിയിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നാണ് പൂര്‍ണമായും അറ്റ നിലയിലുള്ള ജനനേന്ദ്രിയവുമായി ഗംഗേശാനന്ദയെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശക്തമായ അണുബാധയും നീര്‍ക്കെട്ടും ബാധിച്ച് ട്യൂബിട്ട നിലയിലായിരുന്നു. പരിശോധനയില്‍ നാല് സെന്റിമിറ്റര്‍ അകലത്തില്‍ രണ്ട് കഷ്ണങ്ങളായി മുറിഞ്ഞ നിലയിലായിരുന്നു ജനനേന്ദ്രിയം. തുടര്‍ന്ന് ആഴ്ച്ചകള്‍ക്ക് മുമ്പ് യൂറോളജിസ്റ്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ ആര്‍ വിജയന്റെ നേതൃത്വത്തില്‍ ആറ് മണിക്കൂറെടുത്ത് നടത്തിയ വിദഗ്ധ ശസ്ത്രക്രിയയിലൂടെ അവയവം പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഗംഗേശാനന്ദയ്ക്ക് ജനനേന്ദ്രിയത്തില്‍ ഗുരുതരമായി പരിക്കേറ്റത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൂന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ അവയവം പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റുവാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. രക്തകുഴലുകള്‍ പൂര്‍ണമായും അറ്റ് പോയിരുന്നതിനാല്‍ ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമായിരുന്നുവെന്ന് ഡോ ആര്‍ വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി ചികില്‍സകളുടെ സഹായത്തോടെ അവയവം പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഡോ ആര്‍ വിജയന്‍ പറഞ്ഞു. കഴിഞ്ഞ പത്ത് മാസമായി അനുഭവിച്ച കഠിനമായ വേദനയ്ക്ക് പരിഹാരമായതില്‍ സന്തോഷമുണ്ടെന്ന് സ്വാമി ഗംഗേശാനന്ദ പ്രതികരിച്ചു. ഇപ്പോള്‍ തുടര്‍ ചികില്‍സകളെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു. എന്നാല്‍ തന്നെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വരുംദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടും. വയനാട് കേന്ദ്രീകരിച്ച് ചികില്‍സാ സഹായ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ഇനി മുന്നിലുള്ള ലക്ഷ്യമെന്നും ഗംഗേശാനന്ദ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ജനനേന്ദിയത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗംഗേശാനന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പീഡന ശ്രമത്തിനിടെ യുവതി അവയവം മുറിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. പിന്നീട് സ്വയം മുറിച്ചതാണെന്ന് ഗംഗേശാനന്ദ പോലിസിന് മൊഴി നല്‍കി. പിന്നീട് തന്നെ സംഘം ചേര്‍ന്ന് ആക്രമിച്ചതാണെന്നും ഗംഗേശാനന്ദ പറഞ്ഞു