23 April 2024, Tuesday

Related news

April 9, 2024
April 6, 2024
April 4, 2024
April 1, 2024
March 31, 2024
March 14, 2024
November 26, 2023
November 14, 2023
November 10, 2023
November 5, 2023

സമുദ്രത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു: കടലിന്റെ ആവാസ വ്യവസ്ഥ തെറ്റുന്നതായി പഠനം

ബേബി ആലുവ
കൊച്ചി
February 14, 2023 10:01 pm

കടലിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങളുടെ തോത് വർഷംതോറും അപകടകരമായി വർധിച്ചു വരുന്നതായി പഠനങ്ങൾ. ഓരോ വർഷവും സമുദ്രത്തിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ മാത്രം അളവ് എട്ട് ദശലക്ഷം ടണ്ണാണെന്നാണ് കണ്ടെത്തൽ.
ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ അതിലേറെയും നടക്കുന്നത് കടൽ വഴിയാണ്. ഏറ്റവും കൂടുതൽ രാസവസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനത്തുള്ളതും ഇന്ത്യ തന്നെ.
മധ്യപൂർവേഷ്യയിൽ നിന്ന് കിഴക്കൻ രാജ്യങ്ങളിലേക്ക് വൻതോതിൽ എണ്ണ കൊണ്ടുപോകുന്നത് ഇന്ത്യൻ തീരം വഴിയായതിനാൽ കടൽ മലിനീകരണം ഏറ്റവുമധികം ഉത്കണ്ഠപ്പെടുത്തുന്നത് ഇന്ത്യയെയാണ്. ഇതും സ്വന്തം എണ്ണ ഇറക്കുമതിയും കൂടിച്ചേർന്ന് സമുദ്ര പരിസ്ഥിതിക്ക് തുടർച്ചയായി ഭീഷണിയുയർത്തുകയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 

ഇതിനു പുറമെ, പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും കക്കൂസുകളിൽ നിന്നുൾപ്പെടെയുള്ള മലിനജലവും ഫാക്ടറികളും വ്യവസായ ശാലകളും പുഴകളിലേക്കൊഴുക്കുന്ന മാലിന്യങ്ങളും ഭക്ഷണം, പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങൾ, നിർമ്മാണ സാമഗ്രികൾ തുടങ്ങിയവയുടെ ഉല്പാദനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അവശിഷ്ടങ്ങളുമൊക്കെ പല വഴികളിലൂടെ കടലിലെത്തി സമുദ്ര ഭക്ഷ്യശൃംഖലകളിൽ പ്രവേശിക്കുന്നു.
ജപ്പാനിലെ മിനിമാതാ ഉൾക്കടലിൽ ഒരു വ്യവസായശാല മീഥൈൽ മെർക്കുറി അടങ്ങിയ മാലിന്യം തള്ളുകയും അവ കലർന്ന മത്സ്യവും കക്കയിറച്ചിയും ഭക്ഷിച്ച 1000 ‑ത്തിലധികം പേർ മരിക്കുകയും 2000‑ത്തിലേറെപ്പേർ വിഷബാധ മൂലം ദുരിതത്തിലാവുകയും ചെയ്ത സംഭവം പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികളും മണ്ണിൽ കലർന്ന് പുഴകളിലൂടെ കടലിലെത്തുന്നുണ്ട്. കടലിലെത്തിയാൽ ഇവയ്ക്ക് നാശം സംഭവിക്കാത്തതിനാൽ ഇവയും ഭക്ഷ്യശൃംഖലയിൽ പ്രവേശിക്കുന്നു. വായു മലിനീകരണവും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. മാലിന്യത്തിന്റെ 80 ശതമാനവും കരയിലെ പ്രവർത്തനങ്ങളുടെ ഭാഗമായാണെത്തുന്നത്. 2025 ആകുമ്പോൾ ആ വർഷം മാത്രം ഏകദേശം 17.5 ദശലക്ഷം ടൺ പ്ലാസ്റ്റിക് കടലിൽ എത്തിച്ചേരുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ഭൂമിയിലെ 94 ശതമാനം ജൈവസാന്നിധ്യവും സമുദ്രത്തിലാണ്. ഇപ്പോൾ രൂക്ഷമായ മലിനീകരണം അവയെ ഇല്ലാതാക്കി തുടങ്ങിയതോടെ ഭൂമിയുടെ സന്തുലനാവസ്ഥ തെറ്റിത്തുടങ്ങിയിരിക്കുകയാണെന്ന മുന്നറിയിപ്പും പഠനങ്ങൾ നൽകുന്നുണ്ട്. 

മാലിന്യങ്ങളിലെ 70 ശതമാനം അടിത്തട്ടിൽ അടിഞ്ഞുകൂടി ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്നു. 15 ശതമാനം പൊങ്ങിപ്പരന്ന് കിടക്കുന്നു. 15 ശതമാനം കരയിലേക്ക് അടിച്ചു കയറുന്നു. എണ്ണയും രാസവസ്തുക്കളും ചേർന്നുള്ള മലിനീകരണം കേരള തീരത്തും ഏറി വരുന്നതായി ഈയിടെ തീരദേശ സേന സംഘടിപ്പിച്ച സെമിനാറിലെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കേരള തീരത്ത് വലിയ കപ്പലുകൾ അകലത്തായാണ് നങ്കൂരമിടുന്നത്. അവിടെ നിന്ന് എണ്ണ പമ്പ് ചെയ്യുന്നതിനിടെ സംഭവിക്കുന്ന ചോർച്ചകളാണ് കേരള തീരത്തിന് ദോഷം ചെയ്യുന്നത്. ഇത് ഇല്ലാതാക്കാനുള്ള ശ്രമം നടത്താനാണ് തീരദേശ സേന ഉദ്ദേശിക്കുന്നത്. 

Eng­lish Sum­ma­ry: Garbage piles up in oceans: Study dis­rupts marine habitats

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.