Web Desk

December 21, 2019, 11:55 am

ഗാരിബാൾഡി ശില്പം കണ്ടെത്തി, ശില്പം കാണാതായത് 20 കൊല്ലം മുന്‍പ്

Janayugom Online

റോം: ദീർഘനാളായി കാണായിരുന്ന ഗാരിബാൾഡി ശില്പം ഇറ്റാലിയൻ ആർട്ട് പൊലീസ് കണ്ടെത്തി. ഗാരിബാൾഡി ഷീൽഡ് എന്ന ഈ ശില്പം റോമിലെ ഒരു ശില്പിയുടെ വസതിയിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇറ്റലിയുടെ ഏകീകരണത്തിന് നിർണായക പങ്കുവഹിച്ച ജനറൽ ഗെസിപ്പി ഗാരിബാൾഡിക്ക് സിസിലിയിലെ ജനങ്ങൾ നൽകിയ സമ്മാനമാണ് വെങ്കലത്തിൽ തീർത്ത ഗാരിബാൾഡിയുടെ ഈ ശില്പം. പിതൃഭൂമിയുടെ പിതാക്കളിൽ ഒരാളായാണ് ഇറ്റലിയിലെ ജനങ്ങൾ ഗാരിബാൾഡിയെ കാണുന്നത്.

പ്രശസ്ത ശില്പി എറ്റോർ സിമെനസിന്റെ പിതാവ് അന്റോണിയോ സിമെനസ് നിർമിച്ചതാണ് ഈ ശില്പം. 118 സെന്റിമീറ്റർ വ്യാസമുള്ള ഈ ശില്പത്തിന് 50 കിലോ ഭാരവും ഉണ്ട്.

തനിക്ക് സമ്മാനമായി ലഭിച്ച ഈ ശില്പം ഗാരിബാൾഡി റോമിന് സമ്മാനിച്ചു. ക്യാപിറ്റോൾ മ്യൂസിയത്തിൽ വയ്ക്കാനായാണ് അദ്ദേഹം ഇത് കൈമാറിയത്. ഇത് പിന്നീട് റിസോർജിമെന്റോയിലെ സെന്റർമ്യൂസിയത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് 20 വർഷം മുമ്പാണ് ഇത് കാണായത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോൾ ഒരു ശില്പിയുടെ വസതിയിൽ അവസാനിച്ചിരിക്കുന്നത്.

ആയിരത്തോളം വരുന്ന ചെങ്കുപ്പായക്കാരുടെ സഹായത്തോടെ 12,000 വരുന്ന നെപ്പോളിയൻ സൈന്യത്തെ പരാജയപ്പെടുത്തിയതോടെയാമ് ഗാരിബാൾഡി ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയത്. തുടർന്ന് ഇറ്റാലിയൻ മുനമ്പിനെ ഏകീകരിക്കാൻ അദ്ദേഹം ശ്രമം തുടങ്ങി.

ഗാരിബാൾഡി ഷീൽഡ് വളരെ അമൂല്യമായൊരു കലാ നിർമിതിയാണ്. അദ്ദേഹം പോരാടിയ പ്രധാന യുദ്ധങ്ങൾ അദ്ദേഹത്തിന്റെ ശിരസിനൊപ്പം ഈ ശില്പത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ആയിരം പടയാളികളുടെ പേരും ഇതിൽ എഴുതി ചേർത്തിട്ടുണ്ട്.

കഴിഞ്ഞ വർഷം മാത്രം ഇറ്റലിയിൽ നിന്ന് 8,405 അമൂല്യ വസ്തുക്കളാണ് നഷ്ടമായിരിക്കുന്നത്. പുരാതന ആയുധങ്ങളും മധ്യകാലഘട്ടത്തിലെ പുസ്തകങ്ങളും ഇതിലുണ്ട്.

23 വർഷം മുമ്പ് കാണാതായ ഗുസ്തവ് ക്ലിമതിന്റെ ഒരു ചിത്രം ഈ മാസം ആദ്യം കണ്ടെത്തിയിരുന്നു.