11 September 2024, Wednesday
KSFE Galaxy Chits Banner 2

വെളുത്തുള്ളിയും കുതിക്കുന്നു; ചില്ലറ വില 400ലേക്ക്

പ്രദീപ് ചന്ദ്രൻ
കൊല്ലം
December 12, 2023 10:51 pm

കാലം തെറ്റിയുള്ള മഴ നിരവധി നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിന് ഇടയാക്കി. ഏറ്റവും ഒടുവിലായി വെളുത്തുള്ളി വിലയിലാണ് വൻ വർധനവ് പ്രകടമായിട്ടുള്ളത്. മൊത്ത വിപണിയിൽ 200 രൂപ മുതൽ 300 രൂപ വരെ വിലയായതോടെ ചില്ലറ വില്പന വില കിലോഗ്രാമിന് 400 രൂപ വരെയായി.
വരൾച്ചയും കാലം തെറ്റിയുള്ള മഴയുമാണ് വെളുത്തുള്ളി കൃഷിയ്ക്ക് പ്രതികൂലമായത്. ശൈത്യകാലത്ത് സാധാരണ വില കൂടുക പതിവാണ്. എന്നാൽ ഇക്കുറി വൻ വർധനവാണ് വിലയിൽ ഉണ്ടായിട്ടുള്ളത്. മൊത്ത വിപണിയിൽ ഒരു മാസം മുമ്പ് വില 100 നും 150 നും ഇടയ്ക്കായിരുന്നെങ്കിൽ ഇപ്പോൾ 150–250 എന്ന തോതിലായി. കഴിഞ്ഞ മാസം ചില്ലറ വില്പന വില 200–250 രൂപയായിരുന്നെങ്കില്‍ ഇപ്പോൾ കിലോയ്ക്ക് 350 രൂപ മുതൽ 400 രൂപ വരെയായിട്ടുണ്ട്.
വിപണിയിൽ ഏറ്റവും കൂടുതൽ വെളുത്തുള്ളി എത്തുന്നത് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ്. രാജസ്ഥാൻ, യുപി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും ഉല്പാദനത്തിൽ മുന്നിലാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്നത് തമിഴ്‌നാട്ടിലെ ഊട്ടിയും കേരളത്തിലെ മലപ്പുറത്തുമാണ്. വിപണിയിലേക്കുള്ള വരവ് പകുതിയായതോടെയാണ് ചില്ലറ വില കുതിച്ചു കയറിയത്. ജൂണിലെ മഴക്കുറവും ഒക്ടോബറിലെ കാലം തെറ്റിയുള്ള മഴയുമാണ് വെളുത്തുള്ളി കർഷകർക്ക് വിനയായത്. പുതിയ വിളവ് വിപണിയിലെത്താൻ കാലതാമസം വരുമെന്നിരിക്കെ ഉടനെങ്ങും വില കുറയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
ഉള്ളിക്കും തക്കാളിക്കും പിന്നാലെ വെളുത്തുള്ളിക്കും വില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റ് താളം തെറ്റി. ഉള്ളി വില വർധിച്ചതോടെ അടുത്ത വർഷം മാർച്ച് 31 വരെ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് രോഷാകുലരായ ഉള്ളി കർഷകർ നാസിക്കിലും മറ്റും ’ രാസ്താ രോഖോ’ പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയിരുന്നു.

ഉള്ളിവില അടുത്തമാസം കുറയും

ന്യൂഡല്‍ഹി: വിപണിയില്‍ ജനുവരിയോടെ ഉള്ളി വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്. ഉള്ളി വില കിലോയ്ക്ക് 60 രൂപയില്‍ നിന്നും 40 രൂപയില്‍ താഴെയായി അടുത്ത മാസം കുറയാനുള്ള നടപടികള്‍ എടുത്തുവരുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപ കടന്നിരുന്നു. തുടര്‍ന്ന് 2024 മാര്‍ച്ച്‌ വരെ സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചിട്ടുണ്ട്. നേരത്തെ ഓഗസ്റ്റില്‍ ഡിസംബര്‍ 31 വരെ ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു.

Eng­lish Summary:Garlic price hike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.