ഗ്യാസ് ടാങ്കര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് മന്ത്രി ഇ ചന്ദ്രശേഖരന്റെ അഭിനന്ദനം

Web Desk
Posted on October 17, 2019, 7:18 pm

കാസര്‍കോട്: ബുധനാഴ്ച പുലര്‍ച്ചെ കാസര്‍കോട് മംഗലാപുരം ദേശീയപാതയില്‍ അടുക്കത്ത് ബയലില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടമായ സാഹചര്യത്തില്‍ നിന്ന് നാടിനെ രക്ഷിച്ച അഗ്‌നിശമന സേനാംഗങ്ങള്‍, പോലീസ്, റവന്യൂ വിഭാഗം, നാട്ടുകാര്‍ എന്നിവരെയെല്ലാം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിനന്ദനം. നാട് മുഴുവന്‍ ഉറങ്ങി കിടക്കുന്ന പുലര്‍ച്ചയെണ് ഈ അപകടം ഉണ്ടായത്. അപകടം നടന്നയുടന്‍ വാതക ചോര്‍ച്ചയുണ്ടായി ഇതിന് സാക്ഷിയാവുകയും ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുക്കുകയും ചെയ്ത കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ മനോജ് ഷെട്ടിയുള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ഒറ്റക്കെട്ടായുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.

തീപിടിത്ത മുന്നറിയിപ്പുമായി നാട്ടുകാര്‍ ഓരോ വീടും കയറിയിറങ്ങി. അപകടമുണ്ടായ ഉടന്‍ കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചു. ഓരോരുത്തരും കുഞ്ഞുങ്ങളെ തോളിലേറ്റിയും പ്രായമേറിയവരെ താങ്ങിപ്പിടിച്ചും രക്ഷപ്പെടാനുള്ള ഓട്ടമായിരുന്നു. ഒരു കിലോമീര്‌റര്‍ ചുറ്റളവില്‍ നൂറ് കണക്കിന് കുടുംബങ്ങളെയാണ് നിമിഷങ്ങള്‍ക്കകം മാറ്റിപാര്‍പ്പിച്ചത്. അടുക്കത്ത്ബയല്‍ ഭാഗത്തുള്ളവരെ റെയില്‍വേ പാളത്തിന് പടിഞ്ഞാറ് ഭാഗത്തേക്ക് മാറി. താളിപ്പടുപ്പ് ഭാഗത്തുള്ളവര്‍ കറന്തക്കാട് ഹനുമാന്‍ ക്ഷേത്രപരിസരത്തും അഭയം തേടി. വാതക ചോര്‍ച്ച കാരണം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായതിനാല്‍ ജനങ്ങള്‍ സമീപ പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് നടന്നാണ് പോയത്.

പാചകവാതകം നിറഞ്ഞ് അടുക്കത്ത്ബയല്‍ പ്രദേശം മഞ്ഞുമൂടിയ പോലെയായിരുന്നു. ചെറിയ തീപ്പൊരി വീണാല്‍ വന്‍ ദുരന്തത്തിന് നാട് സാക്ഷ്യംവഹിക്കുമായിരുന്നു. ഇതാണ് നാട്ടുകാരുടെയും അഗ്‌നിശമന പൊലീസ് സേനകളുടെയും ക്രിയാത്മക ഇടപെടലിലൂടെ മാറ്റിയെടുത്തത്. നീണ്ട 11 മണിക്കൂര്‍ ശ്രമത്തിന് ശേഷം വൈകിട്ട് ആറരയോടെ നാല് സിലിണ്ടറിലേക്കായി പാചകവാതകം പൂര്‍ണമായും മാറ്റി. തുടര്‍ന്ന് രാത്രി പതിനൊന്നോടെ ഇതുവഴിയുള്ള വാഹനഗതാഗതവും പുനഃസ്ഥാപിച്ചു. ഒരു നാട് തന്നെ കത്തിചാമ്പലാകാവുന്ന മഹാദുരന്തത്തില്‍ നിന്നും നാടിനെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാര പ്രര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അഗ്‌നിശമന സേനാംഗങ്ങള്‍, പൊലീസ്, റവന്യൂ, നാട്ടുകാര്‍ തുടങ്ങിയവരെയും ഇത് നേതൃത്വം നല്‍കിയ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, പൊലീസ് മേധാവി ജെയിംസ് ജോസഫ്, ഫയര്‍ഫോഴ്‌സ് മേധാവി, എഡിഎം കെ അജേഷ്, നാട്ടുകാരെയും മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിനന്ദനം അറിയിച്ചു.