ഇത് ഗൗതമി. അധ്യാപകൻ കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകൾ. സ്പൈനൽ മസ്കുലർ അട്രോഫിയുടെ ഫലമായി ശാരീരിക പരിമിതികൾ നേരിടുന്ന കുട്ടി. എന്നാൽ, തന്റെ പരിമിതികളെ വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് ഗൗതമി നടത്തിയ പോരാട്ടം എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് എന്ന ഉയർന്ന വിജയത്തിന് അർഹയാക്കി.
ആലപ്പുഴ ജില്ലയിലെ തീരദേശ പ്രദേശമായ മുതുകുളം സമാജം ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു പഠനം. സ്ക്രൈബിന്റെ സഹായം സ്വീകരിക്കാതെ തന്നെ തന്റെ ദുർബലകരങ്ങൾകൊണ്ട് പരീക്ഷ എഴുതി നേടിയതാണ് ഈ ഫുൾ എ പ്ലസ് ! ചലിക്കാൻ ബലമുള്ള കാലുകളോ ഭക്ഷണം സ്വയം കഴിക്കാൻ കരുത്തുള്ള കൈകളോ ഗൗതമിക്കില്ല. എന്നാൽ നിശ്ചയദാർഢ്യമുള്ള ഒരു മനസുള്ളതാണ് ഗൗതമിയുടെ കൈമുതൽ. കിടക്കയിൽ നിന്ന് സ്ഥാനം ഒന്നു മാറണമെങ്കിൽ അച്ഛനോ അമ്മയോ എടുത്ത് മാറ്റിയാലേ സാധിക്കൂ. അത്രയ്ക്കാണ് ശാരീരികപരിമിതി.
എന്നാൽ, കിടക്കുന്ന കിടപ്പിൽ ഒരുപാട് നല്ല പുസ്തകങ്ങൾ ഗൗതമി വായിക്കും. നല്ല പ്രഭാഷണചാതുരിയുമുണ്ട്! മികച്ച പൊതുബോധം പുലർത്തുന്ന കുട്ടിയാണ്. നല്ല അന്വേഷണ ത്വരയും. പ്ലസ് വണ്ണിൽ കൊമേഴ്സ് ഗ്രൂപ്പിൽ ചേർന്ന് തുടർപഠനം നടത്തി, നല്ലൊരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാനാണ് ആഗ്രഹം. അതോ അതിനപ്പുറമോ എത്തിച്ചേരാനുള്ള കഴിവ് ഈ മിടുക്കിക്കുട്ടിക്കുണ്ട്.
നാടിനഭിമാനമായ ഗൗതമിയെ കാണാനും പുസ്തകം സമ്മാനമായി കൊടുക്കാനും ഉയർന്ന വിജയം നേടിയതിന്റെ സന്തോഷം പങ്കിടാനും ഒട്ടേറെപ്പേർ സന്ദർശിക്കുന്നു. ഗൗതമി സന്തോഷത്തോടെ എല്ലാവരോടും സംസാരിക്കും, വിശേഷങ്ങൾ ചോദിച്ചറിയും. ഗൗതമി ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് മുന്നിലെ ദീപ്തമാതൃകയാണെന്ന് നിസംശയം പറയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.