Thursday
22 Aug 2019

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ക്രിസ് ഗെയ്ല്‍, വിരാട് കോലി

By: Web Desk | Monday 12 August 2019 12:39 PM IST


പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഏകദിനങ്ങളില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും.

തന്റെ മുന്നൂറാം ഏകദിന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടത്തിനാണ് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഉടമയായത്. മത്സരത്തില്‍ 6 റണ്‍സ് നേടിയതോടെയാണ് 299 മത്സരത്തില്‍ നിന്നും 10405 റണ്‍സ് നേടിയ ബ്രയാന്‍ ലാറയെ ക്രിസ് ഗെയ്ല്‍ പിന്നിലാക്കിയത്. മത്സരത്തില്‍ 11 റണ്‍സ് മാത്രമാണ് ഗെയ്‌ലിന് നേടാന്‍ സാധിച്ചത്.

തകര്‍പ്പന്‍ സെഞ്ചുറിയോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം കോലി സ്വന്തമാക്കി. 311 മത്സരത്തില്‍ നിന്നും 11363 റണ്‍സ് നേടിയ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയാണ് തന്റെ 238 ആം മത്സരത്തില്‍ കോലി മറികടന്നത്.

ഏകദിന ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ക്യാപ്റ്റനായി വിരാട് കോലി നേടുന്ന ആറാം സെഞ്ചുറിയാണിത്. ഇതോടെ ന്യൂസിലാന്‍ഡിനെതിരെ ക്യാപ്റ്റനായി അഞ്ച് സെഞ്ചുറി നേടിയ റിക്കി പോണ്ടിങിനെ മറികടന്ന് ക്യാപ്റ്റനായി ഒരു ടീമിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനായി കോലി മാറി.

വെസ്റ്റിന്‍ഡീസിനെതിരെ ഏകദിനത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ കോലിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമായി. ഏറ്റവും വേഗത്തില്‍ ഒരു ടീമിനെതിരെ 2000 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടമാണിത്. ഓസ്‌ട്രേലിയക്കെതിരെ 37 ഇന്നിങ്‌സില്‍ നിന്നും 2000 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് കോലി പഴങ്കഥയാക്കിയത്.

വെസ്റ്റിന്‍ഡീസിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടവും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി. മത്സരത്തില്‍ 19 റണ്‍സ് പിന്നിട്ടതോടെയാണ് ജാവേദ് മിയാന്‍ദാദിന്റെ 26 വര്‍ഷം നീണ്ട റെക്കോര്‍ഡ് കോലി പഴങ്കഥയാക്കിയത്. 64 ഇന്നിങ്‌സില്‍ നിന്നും 1930 റണ്‍സ് നേടിയ മിയാന്‍ദാദിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ 34 ഇന്നിങ്‌സ് മാത്രമേ കോലിക്ക് വേണ്ടിവന്നുള്ളൂ. മത്സരത്തില്‍ ഇന്ത്യ 59 റണ്‍സിനാണ് വിജയിച്ചത്.

Related News