20 April 2024, Saturday

ഗാസയില്‍ വെടിനിര്‍ത്തല്‍: 15 കുട്ടികളടക്കം 51 മരണം

Janayugom Webdesk
ഗാസ സിറ്റി
August 8, 2022 11:33 pm

മൂന്ന് ദിവസങ്ങ‍ള്‍ നീണ്ട ആക്രമണത്തിനു ശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് കരാറിന് ധാരണയായത്.
ഇസ്രയേലും ഇസ്‍ലാമിക് ജിഹാദും കരാര്‍ അംഗീകരിച്ചു. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടുമുന്‍പ് വരെയും രൂക്ഷമായ ആക്രമണമാണ് ഇസ്രയേല്‍ സെെന്യം ഗാസയ്ക്ക് നേരെ നടത്തിയത്. 2021 മേയില്‍ ഗാസയിലുണ്ടായ 11 ദിവസം നീണ്ടുനിന്ന ഇസ്രയേല്‍ ആക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്.
15 കൂട്ടികളുള്‍പ്പെടെ 51 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 27 ഗാസ പ്രദേശവാസികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 24 പേര്‍ പലസ്തീന്‍ വിമോചന സംഘടനയായ ഇസ്‍ലാമിക് ജിഹാദില്‍ നിന്നുള്ളവരാണ്. 300 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഭയാര്‍ത്ഥി ക്യാമ്പ് ലക്ഷ്യമിട്ടും ആക്രമണമുണ്ടായിരുന്നു. കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളും സര്‍വകലാശാലകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളോട് ക്ലാസുകളിലേക്ക് എത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ ബ്രേക്കിങ് ഡോ­ണ്‍ എന്ന പേരിലാണ് ഗാസ മുനമ്പില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്‍ലാമിക് ജിഹാദിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇസ്‌ലാമിക് ജിഹാദിന്റെ രണ്ട് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടു. ആക്രമണം നടത്തുന്നതിന് മുന്‍പ് ഗാസയിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ ഇസ്രയേല്‍ സെെന്യം അടച്ചിരുന്നു. ഇത് പ്രദേശത്ത് രൂക്ഷമായ ഇന്ധനക്ഷാമം സൃഷ്ടിച്ചു.
വെസ്റ്റ് ബാങ്കിലെ ഇസ്‍ലാമിക് ജിഹാദ് തലവൻ ബാസിം സാദിയെ ഒരാഴ്‌ച മുമ്പ് ഇസ്രയേൽ അറസ്റ്റ് ചെയ്‌തതാണ് ഏറ്റവും പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. വെസ്റ്റ്ബാങ്കിലെ ജനീനില്‍ നിന്നാണ് അഹമ്മദ് മുഡലാല്‍ എന്ന ഹമാസ് നേതാവിനെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തത്. മുഡലാലിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഹമാസ് ചര്‍ച്ചയ്ക്ക് സന്നദ്ധപ്രകടിപ്പിച്ചുവെങ്കിലും ഇസ്രയേല്‍ പ്രതികരിച്ചിരുന്നില്ല.
അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു.

Eng­lish Sum­ma­ry: Gaza cease­fire: 51 dead, includ­ing 15 children

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.