Web Desk

ന്യൂഡൽഹി:

September 08, 2020, 10:13 pm

ജിഡിപി കൂപ്പുകുത്തുന്നു

Janayugom Online

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 10.5 ശതമാനം ചുരുങ്ങുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ച്. ജിഡിപി വളർച്ചാനിരക്കിൽ അഞ്ചു ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്ന മുൻ പ്രവചനം തിരുത്തിയാണ് 2020–21 സാമ്പത്തിക വർഷത്തിൽ കൂടുതൽ ഇടിവ് പ്രവചിക്കുന്ന പുതിയ റിപ്പോർട്ട്. അൺ ലോക് പ്രക്രിയ ആരംഭിച്ച് വിപണി വീണ്ടും സജീവമായിത്തുടങ്ങിയ സാഹചര്യത്തിൽ ഒക്ടോബർ‑ഡിസംബർ കാലയളവിൽ ജിഡിപി നിരക്ക് ഉയർന്നേക്കുമെങ്കിലും വളർച്ച മന്ദഗതിയിലാകുമെന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ സ്ഥിതി മെച്ചപ്പെടുമെന്നും ഫിച്ചിന്റെ ആഭ്യന്തര വിഭാഗമായ ഇന്ത്യ റേറ്റിംഗ് ആൻഡ് റിസർച്ച് വിലയിരുത്തുന്നു.

കഴിഞ്ഞ വർഷം പൊതുവേ സമ്പദ് വ്യവസ്ഥ നേരിട്ട ചുരുങ്ങലിന്റെ തുടർച്ചയായി കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്കിൽ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മുൻ വർഷം 3.1 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. 1996 മുതൽ രാജ്യം ത്രൈമാസ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇപ്പോഴത്തേത്. ഉൽപ്പാദന, നിർമ്മാണ മേഖലകളാണ് കനത്ത ആഘാതം നേരിടുന്നത്. ആഗോളതലത്തിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണ്.

ഈ വർഷം രണ്ടാം പാദത്തിൽ ആഗോള ജിഡിപി വളർച്ചാനിരക്ക് 8.9 ശതമാനം ഇടിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഏഷ്യയിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും മോശമായ രീതിയിൽ ആഭ്യന്തര വളർച്ച കൂപ്പുകുത്തിയത് ഇന്ത്യയിലാണ്. ചൈനയിൽ ജനുവരി- മാർച്ച് പാദത്തിൽ വളർച്ച നിരക്ക് കുറഞ്ഞതിന് ശേഷം ഏപ്രിൽ‑ജൂൺ പാദത്തിൽ 3.1 വളർച്ച രേഖപ്പെടുത്തിയിരുന്നു. ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ചും രാജ്യത്തെ 2021 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് 11.8 ശതമാനം കണ്ട് കുറയുമെന്ന് കണക്കാക്കുന്നു. 5.3 ശതമാനത്തിൽ നിന്നാണ് നെഗറ്റീവ് 11.8 ശതമാനമായി വളർച്ചാനിരക്ക് കൂപ്പുകുത്തുന്നത്. ഇന്ത്യ റേറ്റിംഗ്സിന്റെ 2021 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജിഡിപി വളർച്ചയായിരിക്കുമെന്ന് ഏജൻസി വിലയിരുത്തുന്നു.

എന്നാൽ 2022 സാമ്പത്തിക വർഷത്തിൽ ജിഡിപി 9.9 ശതമാനമായി ഉയരുമെന്നാണ് ഏജൻസി പ്രതീക്ഷിക്കുന്നത്. മുൻ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക് 5.2 ശതമാനം നെഗറ്റീവ് ആയിരുന്നു. 2021ലെ സാമ്പത്തിക നഷ്ടം 18.44 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. റീട്ടെയിൽ, മൊത്ത നാണയപ്പെരുപ്പം യഥാക്രമം 5.1 ശതമാനവും നെഗറ്റീവ് 1.7 ശതമാനവുമാകുമെന്നും ഏജൻസി പറയുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. പൂർണമായി തകർന്ന സമ്പദ് വ്യവസ്ഥയിൽ അതിവേഗമുള്ള തിരിച്ചുവരവ് അതികഠിനമായിരിക്കുമെന്നും ഏജൻസി വിലയിരുത്തുന്നു.

ENGLISH SUMMARY: gdp decreases

YOU MAY ALSO LIKE THIS VIDEO