26 March 2024, Tuesday

Related news

March 26, 2024
January 29, 2024
January 7, 2024
December 20, 2023
September 8, 2023
June 11, 2023
March 24, 2023
March 1, 2023
February 28, 2023
February 25, 2023

ജിഡിപി വളര്‍ച്ച താഴേക്ക്; ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 4.6 ശതമാനം മാത്രമെന്ന് പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2023 10:51 pm

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 4.6 ശതമാനമായി കുറഞ്ഞതായി റോയിട്ടേഴ്സ് സര്‍വേ. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) സമ്പദ്‌ഘടന രണ്ടക്ക വളര്‍ച്ചയും (13 ശതമാനം) രണ്ടാം പാദത്തില്‍ 6.3 ശതമാനവും വളര്‍ച്ച കൈവരിച്ചിരുന്നു. മൂന്നാം പാദത്തിലെ സാമ്പത്തിക വളര്‍ച്ച നാല് ശതമാനം മുതല്‍ 5.8 വരെയായിരിക്കുമെന്നാണ് റോയിട്ടേഴ്സ് നേരത്തെ നടത്തിയ സര്‍വേയില്‍ 42 സാമ്പത്തിക വിദഗ്ധരും പ്രവചിച്ചത്. വളര്‍ച്ച തൊട്ടുമുമ്പുള്ള പാദത്തേക്കാള്‍ കുറവായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ വളര്‍ച്ച 4.4 ശതമാനമായി ചുരുങ്ങും. 2023–24 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മൊത്തത്തിൽ ആറ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് റോയിട്ടേഴ്‌സിന്റെ പ്രവചനം.

43 സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ പുതിയ പാദത്തിലെ വാര്‍ഷിക വളര്‍ച്ചാ പ്രവചനം ആര്‍ബിഐ പ്രവചിച്ച 6.3 ശതമാനത്തേക്കാള്‍ കുറവാണ്. 3.5 മുതല്‍ 6.2 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ് സര്‍വേയില്‍ അഭിപ്രായം ഉയര്‍ന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃഷിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിയുമാണ് വളര്‍ച്ച കുറയുന്നതിന്റെ പ്രധാന കാരണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്കിലെ മുഖ്യ സാമ്പത്തിക വിദഗ്ധ സാക്ഷി ഗുപ്ത പറഞ്ഞു. പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുകയാണെന്നും പലിശ നിരക്ക് വർധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2023–24 വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി ആറ് മുതല്‍ 6.8 ശതമാനം വരെ ഉയരുമെന്നാണ് ജനുവരി 31ന് പുറത്തുവന്ന കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക സാമ്പത്തിക സര്‍വേയിലെ പ്രവചനം. 2021–22ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 8.7 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഈ മാസം എട്ടിന് റിസര്‍വ് ബാങ്ക് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു.

Eng­lish Sum­ma­ry: GDP growth down; The study found that only 4.6 per­cent in the Octo­ber-Decem­ber quarter

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.