Tuesday
10 Dec 2019

മനുസ്മൃതിയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും വഴി അടയ്ക്കുക

By: Web Desk | Sunday 20 January 2019 9:47 AM IST


പെരുമ്പടവം ശ്രീധരന്‍

കെട്ടുകഥകള്‍ ചരിത്രമാവുകയും ചരിത്രം കെട്ടുകഥയാവുകയും ചെയ്ത ഒരു ജീവിതമാണ് മലയാളികള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. മതവും ജാതിയും ജാതിക്കുള്ളില്‍ അസംഖ്യം ജാതികളുമായി ജീവിച്ച സമൂഹത്തിന് യഥാര്‍ഥചരിത്രം അനേ്വഷിക്കാനോ, ചരിത്രത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനോ സാധിച്ചില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംകൊണ്ട് സാമൂഹികജീവിതം ദുസഹമായിരുന്ന കാലം പിറകില്‍ കണ്ണെത്തുന്ന ദൂരത്തുതന്നെയാണ്. സ്വതന്ത്രചിന്തയുടെ കാറ്റ് വീശാന്‍ തുടങ്ങിയത് ആ ഇരുണ്ടകാലത്തിന്റെ ചരിവുകളില്‍ നിന്നാണ്. ജാതിക്കും മതത്തിനും ജന്‍മി നാടുവാഴിത്തത്തിനും എതിരായ കലാപങ്ങള്‍ സാമൂഹികമാറ്റത്തിന്റെ ഒരു ചരിത്രഘട്ടം ഓര്‍മപ്പെടുത്തുന്നു. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യന്‍കാളിയുടെയും വി ടി ഭട്ടതിരിപ്പാടിന്റെയുമൊക്കെ നേതൃത്വത്തില്‍ നടന്ന ആശയപരമായ കലാപങ്ങള്‍ നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. മനുഷ്യനാണ് പ്രപഞ്ചത്തിന്റെ നാരായവേരെന്ന് ആ യുഗപുരുഷന്‍മാര്‍ സമൂഹത്തെ പഠിപ്പിച്ചു.

ദേശീയപ്രക്ഷോഭങ്ങളുടെ കൊടുങ്കാറ്റുകളും വീശാന്‍ തുടങ്ങി. ജീര്‍ണിച്ച വിശ്വാസങ്ങളും ആചാരങ്ങളും അര്‍ഥശൂന്യമാണെന്ന് ആ മഹാപുരുഷന്‍മാര്‍ സമൂഹത്തെയും കാലത്തെയും പഠിപ്പിച്ചു. കാലപ്പകര്‍ച്ചയുടെ ഒരു കാലമായിരുന്നു അത്.
ചാതുര്‍വര്‍ണ്യത്തിന്റെ അധികാരഘടനയ്ക്ക് കീഴില്‍ സവര്‍ണഹിന്ദുത്വവും ജന്‍മിനാടുവാഴിത്ത ശക്തികളും കയ്യടക്കിവച്ചിരുന്ന കോട്ടകൊത്തളങ്ങള്‍ നിലംപരിശായി. സ്വത്ത് മുഴുവന്‍ ബ്രഹ്മസ്വമായും ദേവസ്വമായും ഭാഗിച്ചെടുത്ത് അധികാരം നടത്തിയിരുന്ന തമ്പുരാക്കന്‍മാരുടെ കാലം അധിനിവേശ ഭീകരതയുടെ ചരിത്രം മാത്രം ബാക്കിവച്ചു. മാനവികതയുടെ നീതിശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച പുതിയ കാലത്തിന്റെ വരവോടെ പാവപ്പെട്ടവന് മനുഷ്യന്റെ മേല്‍വിലാസം തിരികെ കിട്ടി.

ഇപ്പോഴാകട്ടെ പഴയ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സ്ഥാനത്ത് കൂടുതല്‍ കുടിലമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയത്തിന്റെ പിന്‍ബലവും മേല്‍വിലാസവുമൊക്കെ അതിന് അനുകൂലമായ ഒരു സാഹചര്യമൊരുക്കാനും സന്നദ്ധമായിട്ടുണ്ട്. കാലം ചീത്തയാവുകയാണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഭജനപ്പാട്ടുകളുമായി അവര്‍ തെരുവുകളില്‍ നിറയുന്നു. മനുസ്മൃതിയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും പടപ്പുറപ്പാടാണ് അത്. നവോത്ഥാനമൂല്യങ്ങള്‍ക്ക് നേരെയുള്ള ഒരാക്രമണമായി അത് രൂപംമാറുകയാണ്. ആ സാഹചര്യത്തെയും അതുണ്ടാക്കുന്ന അസുരശക്തികളെയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം പുതിയ തലമുറയ്ക്കുണ്ട്. യുവകലാസാഹിതി നയിക്കുന്ന സാംസ്‌കാരികയാത്ര ഉയര്‍ത്തിപ്പിടിക്കുന്ന ആശയം അതാണ്. മാനവികതയില്‍ വിശ്വസിക്കുന്ന സകലമാനപേരുടെയും പിന്തുണയും പങ്കാളിത്തവും അതിനുണ്ടാവണമെന്നാണ് എന്റെ ആഗ്രഹം.

Related News