ലിംഗപദവി ശാക്തീകരണം അനിവാര്യമാകുമ്പോള്‍

Web Desk
Posted on January 07, 2019, 9:42 pm
manaveeyam

തിറ്റാണ്ടുകളായി സാമൂഹ്യക്രമത്തില്‍ പുരുഷന് കൂടുതല്‍ അധികാരം ലഭിച്ചതിലൂടെ പദവിയും സമ്പത്തിന്റെ നിയന്ത്രണവും മൂലം ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ക്ക് അവഗണന നേരിടുകയും സ്ത്രീ-പുരുഷ അസമത്വങ്ങള്‍ വര്‍ധിച്ചുവരികയാണ്. യുഎന്‍ഡിപി എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന ലിംഗ അസമത്വ സൂചിക (ജിഐഐ) പ്രകാരം 160 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 127-ാം സ്ഥാനത്താണ്. പ്രത്യുല്‍പാദന ആരോഗ്യം (മാതൃമരണനിരക്കും കൗമാര ജനന നിരക്കും വഴി കണക്കാക്കുന്നു), ശാക്തീകരണം (സ്ത്രീകള്‍ വഹിക്കുന്ന പാര്‍ലമെന്റ് സീറ്റുകളുടെയും സെക്കന്‍ഡറി വിദ്യാഭ്യാസം ലഭിച്ച മുതിര്‍ന്ന സ്ത്രീകളുടേയും പുരുഷന്മാരുടേയും അനുപാതം വഴി കണക്കാക്കുന്നു), തൊഴില്‍ വിപണി പങ്കാളിത്തം വഴി പ്രകടമാകുന്ന സാമ്പത്തിക സ്ഥിതി എന്നീ മൂന്ന് പ്രധാന മേഖലകളിലെ ലിംഗ അസമത്വമാണ് ഈ സൂചിക പ്രകാരം ഇന്ത്യയില്‍ വെളിവാകുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായ മാനവിക വികസനത്തിന്റെ ഉദാത്ത മാതൃകയായ കേരളം സ്ത്രീകളുടെ അവസ്ഥയുടെ സമാന്തര പ്രവണതകളാണ് കാണുന്നത്.

ജനസംഖ്യയുടെ 52 ശതമാനത്തോളം സ്ത്രീകളെന്ന പദവിയോടെ കേരളം അതിന്റെ ശുഭകരമായ ആണ്‍-പെണ്‍ അനുപാതത്തില്‍ അറിയപ്പെടുന്ന സംസ്ഥാനമാണ്. ലിംഗ അസമത്വ സൂചികയില്‍ പറയുന്നതുപോലെ കുറഞ്ഞ മാതൃമരണ നിരക്ക്, സെക്കന്‍ഡറി വിദ്യാഭ്യാസം ലഭിച്ച വനിതകളുടെ ഉയര്‍ന്ന നിരക്ക് എന്നിവയിലും കേരളത്തിന്റെ സംഭാവന ഏറെ അഭിനന്ദാര്‍ഹമാണ്. കേരളത്തിലെ സ്ത്രീ സാക്ഷരതാ നിരക്കായ 92 ശതമാനം- ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്നതാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രൈമറി തലത്തില്‍ ലിംഗപദവി തുല്യത നിലനിര്‍ത്തി സാര്‍വത്രിക പ്രവേശനം നേടിയെടുത്തിട്ടുണ്ട്. കേരളത്തിലെ സ്‌കൂളുകളില്‍ മൊത്തം വിദ്യര്‍ഥികളില്‍ 48.98 ശതമാനം പെണ്‍കുട്ടികളാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 51.84 ശതമാനവും പെണ്‍കുട്ടികളാണ് പഠിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് 2015–16 ല്‍ നാല് യൂണിവേഴ്‌സിറ്റികളുടെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിഷയങ്ങളിലുള്ള ബിരുദ പ്രവേശനത്തിന് 68.6 ശതമാനവും ബിരുദാനന്തര ബിരുദ പ്രവേശനത്തിന് 69.24 ശതമാനവും പെണ്‍കുട്ടികളാണ് കേരളത്തില്‍ പഠിക്കുന്നത്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിഷയങ്ങളില്‍ പെണ്‍കുട്ടികള്‍ ഉയര്‍ന്ന ശതമാനം കൈവരിച്ചുവെങ്കിലും എന്‍ജിനീയറിങ് കോളജുകളിലും പോളി ടെക്‌നിക്കുകളിലും ഇത് പ്രകടമാകുന്നില്ല. എന്‍ജിനീയറിങ് കോളജുകളില്‍ മൊത്തം കുട്ടികളുടെ പ്രവേശനത്തില്‍ 43.74 ശതമാനവും പോളിടെക്‌നിക്കുകളില്‍ 33.18 ശതമാനവും പെണ്‍കുട്ടികള്‍ മാത്രമേ പഠിക്കുന്നുള്ളു. എങ്കിലും ഇന്ത്യയിലെ ദേശീയ ശരാശരിയേക്കാള്‍ സ്ത്രീകള്‍ക്കിടയില്‍ ഉയര്‍ന്ന നിലയിലുള്ള വിദ്യാഭ്യാസ നിലവാരമുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യ സുചകങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ചും കേരളത്തിലെ പുരുഷന്‍മാരെ താരതമ്യം ചെയ്യുമ്പോഴും വളരെ മെച്ചപ്പെട്ട നിലയിലാണ്. കേരളത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 76.9 വര്‍ഷമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് വെറും 67.7 വര്‍ഷം മാത്രമേ ഉള്ളു. ഇന്ത്യയിലെ മാതൃമരണനിരക്ക് ഒരു ലക്ഷത്തില്‍ 167 ഉം കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 61 മാത്രമാണ്. കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യസ്ഥിതിയും വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെങ്കിലും അവരുടെ സാമ്പത്തിക സ്ഥിതിയും രാഷ്ട്രീയ പദവിയും ശരാശരിയേക്കാള്‍ താഴെയാണ്.

വേതനമുള്ള തൊഴില്‍ വിപണിയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ടെങ്കിലും കുടുംബങ്ങളിലെ തൊഴില്‍ വിഭജനത്തില്‍ താഴ്ന്ന ലിംഗഭേദം നിലനില്‍ക്കുന്നു. ഒട്ടുമിക്ക വികസന സൂചികകളിലും കേരളത്തിലെ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മുന്നിലാണ്. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കാര്യത്തില്‍ പ്രവര്‍ത്തനഫലം സ്ത്രീകള്‍ക്ക് അനുകൂലമല്ല. 2011-12 കാലയളവില്‍ പ്രസിദ്ധീകരിച്ച നാഷണല്‍ സാമ്പിള്‍ സര്‍വേ 68-ാം റൗണ്ട് പ്രകാരം കേരളത്തില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും തൊഴില്‍ പങ്കാളിത്ത നിരക്കില്‍ വലിയ അന്തരമുള്ളതായി കാണാം. സംസ്ഥാനം ശരാശരി 40.3 ശതമാനമാണെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 24.8 ശതമാനവും പുരുഷന്‍മാരുടേത് 57.8 ശതമാനവുമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം, മണിപ്പൂര്‍, സിക്കിം, മേഘാലയ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഉയര്‍ന്ന നിലയിലുളള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കുള്ളത്. ഹിമാചല്‍പ്രദേശില്‍ 49.8 ശതമാനമാണ് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകനം 2017 സൂചിപ്പിക്കുന്നത് വടക്കു-കിഴക്കന്‍ സസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ തിരിച്ചറിഞ്ഞ് ഈ ദിശയില്‍ കേരളത്തിലെ തന്ത്രങ്ങള്‍ പുതുക്കി നിശ്ചയിക്കുകയും കേരളത്തിലെ സ്ത്രീകള്‍ക്ക് ഉചിതമായ തൊഴില്‍ നല്‍കിക്കൊണ്ട് ശക്തിപ്പെടുത്തേണ്ടതുമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സ്വയം തൊഴിലിന് ധാരാളം അവസരമുണ്ടായിട്ടും സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ അനുപാതം വളരെ കുറവാണ്. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ 36.4 ശതമാനവും നഗരമേഖലയില്‍ 36.3 ശതമാനവുമാണ്. എന്നാല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശില്‍ 89.5 ശതമാനവും ഹിമാചല്‍പ്രദേശില്‍ 87.9 ശതമാനവുമാണ് ഗ്രാമീണ മേഖലയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുള്ളത്.
ആരോഗ്യ‑വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ കേരളത്തിലെ സ്ത്രീകളെ ശാക്തീകരിക്കുകയും ജനാധിപത്യത്തില്‍ പങ്കാളികളാക്കാന്‍ കഴിവുളളവരാക്കുകയും ചെയ്തിട്ടൂണ്ട്. നയരൂപീകരണത്തിലുള്ള പങ്കാളിത്തം മൂലം കേരളത്തിലെ സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റുകള്‍ സവരണം ചെയ്ത നടപടിയിലൂടെയാണ് ഇത് നേടിയെടുത്തത്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സ്ത്രീകള്‍ക്കുണ്ടായെങ്കില്‍ മാത്രമേ ലിംഗപദവി ശാക്തീകരണം രാഷ്ട്രീയത്തില്‍ പൂര്‍ണമായി പ്രാവര്‍ത്തികമാവുകയുള്ളൂ. കേരള നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്. കേരള നിയമസഭയില്‍ നിലവില്‍ 140 സീറ്റുകളില്‍ എട്ട് സ്ത്രീകള്‍ മാത്രമേ ഉള്ളു. അതുപോലെ നിലവിലുള്ള ലോക്‌സഭയില്‍ കേരളത്തിന്റെ വനിതാ പ്രാതിനിധ്യം ഒന്നിലൊതുങ്ങുന്ന അവസ്ഥയിലാണ്. ഉയര്‍ന്ന മാനവവികസന സൂചികയുള്ള വികസിത രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നിയമനിര്‍മാണ സഭയില്‍ ഉയര്‍ന്ന പ്രാതിധ്യമുണ്ട്. നോര്‍വേ (39.6 ശതമാനം), സ്വീഡന്‍ (44.7 ശതമാനം), ഡെന്‍മാര്‍ക്ക് (39.1 ശതമാനം), ക്യൂബ (48.9 ശതമാനം) എന്നിങ്ങനെയാണ്.

സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ലിംഗപദവി സമത്വമെന്ന അഞ്ചാമത്തെ ലക്ഷ്യത്തില്‍ ഊന്നിപ്പറയുന്നത് എല്ലാ വനിതകളുടെയും പെണ്‍കുട്ടികളുടെയും ശാസ്തീകരണം ഉറപ്പാക്കുന്ന രീതിയില്‍ ലിംഗസമത്വം നേടുകയെന്നതാണ്. ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വിശകലനത്തില്‍ ശ്രദ്ധയും വിഭവങ്ങളുടെ വിതരണം സംബന്ധിച്ച സമത്വവും അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണയവും ഊന്നിപ്പറയുന്ന ലിംഗപദവി ശാക്തീകരണത്തിന്റെ ഭാഗമാണ് ജന്‍ഡര്‍ ബജറ്റിങ്. ജന്‍ഡര്‍ ബജറ്റിങ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ബജറ്റ് എന്നല്ല മറിച്ച് ലിംഗപദവിക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണ്. സ്ത്രീകളുടെ സമഗ്ര മാറ്റത്തിലൂന്നിയ ലിംഗാവബോധ ആസൂത്രണം ഏറ്റെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. ഒമ്പതാം പദ്ധതിക്കാലത്ത് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സന്ദര്‍ഭത്തിലാണ് ആദ്യമായി ഇത് ഏറ്റെടുത്തത്. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ വനിതാ ഘടകപദ്ധതി (ഡബ്ല്യുസിപി)യെ കൂടി ഉള്‍പ്പെടുത്തി ബജറ്റിങ് പ്രക്രിയയില്‍ ജന്‍ഡര്‍ കൂടി സമന്വയിപ്പിക്കാനുള്ള ശ്രമം നടത്തി. ഒമ്പതാം പദ്ധതി കാലത്ത് തന്നെ ജന്‍ഡര്‍ റെസ്‌പോണ്‍സീവ് ബജറ്റിങ് കേരളത്തില്‍ നടപ്പിലാക്കി. സംസ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനായി 35–40 ശതമാനം വരെ ഫണ്ട് വിട്ടുനല്‍കാന്‍ ജന്‍ഡര്‍ ബജറ്റിങ്ങിന്റെ ആദ്യ രൂപം കേരളത്തില്‍ ആരംഭിച്ചത് 1996 ലാണ്. എന്നാല്‍ വികേന്ദ്രീകൃതാസൂത്രണത്തില്‍ ജന്‍ഡറിന് നല്‍കിയ പ്രത്യേക പരിഗണമൂലം സംസ്ഥാത്തുടനീളം ചില മാതൃകാപദ്ധതികളും ഫലങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞുവെങ്കിലും ലിംഗസമത്വം ഉയര്‍ത്തുന്നതില്‍ വനിതാ ഘടകപദ്ധതികള്‍ പൂര്‍ണ വിജയത്തിലെത്തിച്ചേര്‍ന്നില്ല. പതിമൂന്നാം പഞ്ചവത്സര പദ്ധതി (2017–2022) ജനകീയ പങ്കാളിത്തത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന വേളയില്‍ ജന്‍ഡര്‍ വിഷയത്തിന് പ്രാധാന്യമേറെയാണ്. ഈ പദ്ധതി ജന്‍ഡര്‍ റെസ്‌പോണ്‍സിബിള്‍ ബജറ്റിനാണ് പ്രാമുഖ്യം നല്‍കുന്നത്. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ലിംഗപദവി എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഒരു വര്‍ക്കിങ്ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ജോലി, തൊഴില്‍, നൈപുണ്യവികസനം എന്നിവയെക്കുറച്ച് താഴെ പറയുന്ന അഞ്ച് മേഖലകളില്‍ പ്രത്യേകം താല്‍പര്യത്തോടെയുള്ള ഇടപെടലിന്റെ ആവശ്യകത ഈ വര്‍ക്കിങ് ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നു. (1) പ്രത്യൂല്‍പാദന പ്രക്രിയയുടെ ക്ലേശം (2) വേതനമുള്ള സ്ത്രീതൊഴിലാളികളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുകയും നടപടികള്‍ എടുക്കുകയും ചെയ്യുക (3) സുരക്ഷിതമായ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിന് ഭരണതലത്തിലുള്ള ഇടപെടലുകള്‍ (4) പൊതു വിദ്യാഭ്യാസ സംവിധാനത്തില്‍ തൊഴിലുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ നല്‍കുക (5) സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി തൊഴില്‍ദാതാക്കളെ പ്രേരിപ്പിക്കുന്നതിനായി സാമ്പത്തികമോ, മറ്റു പ്രോത്സാഹനങ്ങളോ ഉപയോഗിക്കുക എന്നിവയാണ്. ഇതുകൂടാതെ പ്രതിരോധം, പരിഹാരം, പുനരധിവാസം എന്നിങ്ങനെ പ്രശ്‌നങ്ങളുടെ മൂന്നു വശങ്ങളെയും പരിഗണിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തടയുന്നതിനായും പദ്ധതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ മാനവിക വികസന സൂചികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കേരളം ലിംഗനീതി ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസംരക്ഷണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുകയും സ്വയം സംരഭകത്വം വളര്‍ത്തി സ്ത്രീ സംരഭകര്‍ക്ക് സാമ്പത്തിക ശാക്തീകരണത്തിനുള്ള വഴി തുറക്കുവാനുള്ള നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കണം. ഇത്തരത്തിലുള്ള സുസ്ഥിര വികസനോന്മുഖമായ നയപരിപാടികളിലൂടെ ലിംഗസമത്വം ഉറപ്പുവരുത്തിയാല്‍ കേരളത്തിന് തനതായ മറ്റൊരു വികസന മാതൃക സൃഷ്ടിക്കാനും അതിലൂടെ അന്തര്‍ദേശീയ ഖ്യാതി നേടിയെടുക്കാനും സാധിക്കും.