20 April 2024, Saturday

ലിംഗനീതി ശാസ്ത്ര‑സാങ്കേതിക മേഖലയിൽ

അഡ്വ. പി സതീദേവി
അധ്യക്ഷ, കേരള വനിതാ കമ്മിഷൻ
March 8, 2023 7:30 am

ലിംഗനീതിയെക്കുറിച്ചുള്ള ചർച്ചകൾ വളരെ ശക്തമായി മുന്നോട്ടു പോകുന്നതിനിടെ ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി ആഗതമായിരിക്കുന്നു. ”ഡിജിറ്റ് ഓൾ: നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്” എന്നതാണ് ഇത്തവണത്തെ വനിതാദിനത്തിന് ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. സാങ്കേതിക വിദ്യ അതിവേഗം ബഹുദൂരത്തിൽ മുന്നോട്ടുപോകുന്ന ഈ കാലയളവിൽ ലിംഗപരമായ സാമൂഹിക അസമത്വത്തെ എങ്ങനെ മറികടക്കാമെന്നും, സാങ്കേതിക മേഖലയിൽ തന്നെ ലിംഗവിവേചനം എത്രത്തോളം നിലനിൽക്കുന്നു എന്നും ഉള്ള ചർച്ച ഉയർത്തുകയാണ് ഈ മുദ്രാവാക്യം വഴി ഉദ്ദേശിക്കുന്നത്.
ശാസ്ത്രം വളർന്ന് മനുഷ്യസമാനമായ ചിന്താശേഷിയുള്ള, ക്രിയാത്മകമായ ഉപകരണങ്ങളുടെ ആവിർഭാവത്തിലേക്ക് എത്തിയിരിക്കുകയാണ്. എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-നിർമ്മിതിബുദ്ധി) നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപകമാകാൻ അധികകാലം വേണ്ടിവരില്ലെന്നാണ് സമീപകാലത്ത് സാങ്കേതിക മേഖലയിലെ ഗവേഷണങ്ങളുടെ ഗതി നോക്കുമ്പോൾ മനസിലാകുന്നത്. ഈ വളർച്ച, സമൂഹത്തിന്റെ സർവമേഖലയ്ക്കും ഗുണപരമായ മാറ്റമാണോ കൊണ്ടുവരുന്നത് എന്നതും എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതും വലിയ ചർച്ചയ്ക്ക് വിഷയമാക്കേണ്ടതു തന്നെയാണ്.
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ നേട്ടങ്ങൾ മാനവരാശിയുടെ സമഗ്രമായ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു അന്തരീക്ഷമാണ് ലോകം പ്രതീക്ഷിക്കുന്നത്. എന്നാൽ പലപ്പോഴും ശാസ്ത്ര സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ സ്ത്രീവിരുദ്ധമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്നുള്ള കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ പിറവി ഉറപ്പുവരുത്താൻ ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുള്ള ശാസ്ത്രീയ നേട്ടമാണ് അംനിയോസിന്തസിസ് എന്നത്. ഗർഭസ്ഥശിശുവിന്റെ ആരോഗ്യം നിർണയിക്കാൻ കണ്ടുപിടിക്കപ്പെട്ട ഈ ശാസ്ത്രീയ നേട്ടം ലിംഗനിർണയത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയും പെൺഭ്രൂണങ്ങളെ നശിപ്പിക്കാൻ ഇടവരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രീനേറ്റൽ ഡയഗ്നോസ്റ്റിക്സ് ടെക്നിക്സ് (പ്രൊഹിബിഷൻ ഓഫ് സെക്സ് സെലക്ഷൻ) ആക്ട് 1994 കൊണ്ടുവരാൻ നിർബന്ധിതമായത്. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം പാടില്ല എന്ന ഈ നിയമം അടക്കം ഉണ്ടാക്കാൻ ഇടവന്നിട്ടുള്ളത് പെൺഭ്രൂണങ്ങളെ നശിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു എന്ന സാഹചര്യത്തിലാണ്. അതുകൊണ്ടുതന്നെ ആധുനിക കാലഘട്ടത്തിൽ, ഡിജിറ്റൽ യുഗത്തിൽ ശാസ്ത്രീയ നേട്ടങ്ങൾ, മനുഷ്യരാശിയുടെ ആകെ ഉന്നമനത്തിനുവേണ്ടി സജ്ജമാക്കാനും സ്ത്രീവിരുദ്ധമായ എല്ലാത്തരത്തിലുള്ള നിലപാടുകളെയും എതിർക്കാനും മറികടക്കാനും ഉപയോഗിക്കേണ്ടതുണ്ട്. 

സാങ്കേതികവിദ്യയിലും സാങ്കേതികമേഖലയിലും സ്ത്രീകളുടെ പങ്ക് താരതമ്യേന കുറവാണെന്ന് കാണാം. ഇന്ന് ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ടെക് കമ്പനികളുടെ തലപ്പത്തുള്ള സ്ത്രീകളുടെ പങ്കാളിത്തം പരിശോധിച്ചാൽ തന്നെ ഇത് വ്യക്തമാകും. ആഗോള തലത്തിൽ തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം മെച്ചപ്പെട്ടുവരുമ്പോഴും ശാസ്ത്ര‑സാങ്കേതിക മേഖലയിൽ ഇത് ഗണ്യമായി കുറവാണ്.
സാങ്കേതികവിദ്യയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. സ്കൂളിൽ ഈ മേഖലയിലെ ഉന്നതപഠനം പിന്തുടരാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കാത്തതാണ് ഒരു കാരണം. പെൺകുട്ടികളെ പലപ്പോഴും ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകൾ പിന്തുടരുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു. ഈ വിഷയങ്ങൾ ‘പുരുഷ വിഷയങ്ങൾ’ ആണെന്ന ധാരണയാണ് ഇതിന് പ്രധാന കാരണം. സ്റ്റെം വിഷയങ്ങളിൽ പെൺകുട്ടികളുടെ പങ്കാളിത്തം 35 ശതമാനമാണെങ്കിൽ, ഐടി മേഖലയിലെ പഠനത്തിൽ ഇത് വെറും മൂന്നു ശതമാനമാണ്. 

സാങ്കേതികരംഗത്ത് സ്ത്രീകളുടെ അഭാവത്തിന് മറ്റൊരു കാരണം പെൺകുട്ടികൾക്ക് മാതൃകകൾ കുറവാണ് എന്നതാണ്. സാങ്കേതികവിദ്യയിൽ പെൺകുട്ടികൾ മറ്റ് സ്ത്രീകളെ കാണാത്തപ്പോൾ, അവർ അത് ഒരു കരിയർ ഓപ്ഷനായി കണക്കാക്കാനുള്ള സാധ്യത കുറവാണ്. നമ്മുടെ ചരിത്രവായനകളും പഠനങ്ങളും ഇപ്പോഴും ശാസ്ത്രരംഗത്തെ സ്ത്രീകളെ പരിചയപ്പെടുത്തുന്നത് മാഡം ക്യൂറിയിൽ അവസാനിപ്പിക്കുന്നു. 1977‑ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച തലശേരിക്കാരിയായ ബൊട്ടാണിസ്റ്റ് ജാനകി അമ്മാളിനെ നമ്മളിലെത്ര മലയാളികളോർക്കുന്നു? പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ ജ്യോതിശാസ്ത്രത്തിൽ തന്റേതായ മാർഗം തെളിച്ച മരിയ മിച്ചെലിനെക്കുറിച്ച് നാമെവിടെയാണ് പഠിക്കുന്നത്? എയ്ഡാ ലവ്ലേസ്, മരിയാ കിർച്ച്, ഐഡാ നൊഡാക്ക് തുടങ്ങി ഇനിയും എത്രപേർ.
ടെക്നോളജി രംഗത്തെ ലിംഗ അസമത്വം പ്രകടമാകുന്ന മറ്റൊരു മാർഗം സ്ത്രീയും പുരുഷനും തമ്മിലുള്ള വേതന വ്യത്യാസമാണ്. പുരുഷന്മാരുടെ അതേ നിലവാരത്തിലുള്ള അനുഭവപരിചയവും അറിവും ഉള്ളപ്പോൾ പോലും സ്ത്രീകൾക്ക് കുറഞ്ഞ ശമ്പളം നൽകുന്ന പ്രവണത വ്യാപകമാണ്. ബ്ലൂംബർഗിൽ വന്ന ഒരു റിപ്പോർട്ട് പ്രകാരം സാങ്കേതികവിദ്യാ മേഖലയിൽ 59 ശതമാനം സമയത്തും പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതൽ ശമ്പളം ലഭിക്കുന്നു. സ്ത്രീകൾ ഈ മേഖലയിൽ അപരിചിതരാണ്, പുരുഷന്മാരെപ്പോലെ കൂടുതൽ സമയം ജോലിയെടുക്കാൻ സാധിക്കില്ല, പ്രസവാവധി പോലുള്ള കാര്യങ്ങൾ കമ്പനിയുടെ ലാഭനേട്ടത്തെ ബാധിക്കും തുടങ്ങിയ തെറ്റിദ്ധാരണകൾ ഇവിടെ വലിയ സ്വാധീനം ചെലുത്തുന്നു.
ആധുനികലോകത്ത് സ്ത്രീകൾ ഉല്പാദന മേഖലയുടെ ഭാഗമാകാതെ മനുഷ്യരാശിയുടെ വളർച്ച ഒരിക്കലും പൂർണമായ തോതിലെത്തില്ല. ലിംഗവിവേചനത്തെ മറികടക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതും അവശ്യമാണ്. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.