ജീന്‍ ബാങ്ക് ചെറുവയല്‍ രാമന് ദുബായ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍

കെ രംഗനാഥ്
ദുബായ്: ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞര്‍ ‘ജനിതകബാങ്ക്’ എന്നു വിശേഷിപ്പിക്കുന്ന വയനാട്ടില്‍ അട്ടപ്പാടിയിലെ ആദിവാസി കര്‍ഷകനായ ചെറുവയല്‍ രാമനെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ദുബായില്‍ അല്‍ റഷീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല.
അന്യംനിന്നുപോയ നാല്പതിനം നെല്‍വിത്തുകള്‍ വീണ്ടെടുത്തു കൃഷിയിറക്കി ശ്രദ്ധേയനായരാമന് കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്കിടയില്‍ പ്രശസ്തനാണ്. ജൈവകൃഷിയിലൂടെ അന്യംനിന്ന പരമ്പരാഗത നെല്‍വിത്തുകളുടെ പുനരുജ്ജീവനം സാധ്യമാക്കിയ രാമന്റെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് അംഗീകാരമായി അദ്ദേഹത്തെ കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമാക്കിയാണ് കൃഷിവകുപ്പ് ആദരിച്ചത്. യുഎഇയിലെ ജൈവകൃഷിക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഫുജൈറയിലെ ജൈവകൃഷിപ്പാടങ്ങള് നഗ്നപാദനായാണ് ചുറ്റിനടന്നുകണ്ടത്. ദുബായില്‍ വിമാനമിറങ്ങിയതും മുണ്ടും ഷര്‍ട്ടും തോളില്‍ ഒരു തോര്ത്തുമായായിരുന്നു.
കൃഷിപ്പാടങ്ങളും ജൈവഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന വിപണിയും സന്ദര്‍ശിച്ച് താമസസ്ഥലത്തേയ്ക്കു വരുമ്പോള്‍ ബോധക്ഷയം സംഭവിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന് ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രാമന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ചികിത്സയ്ക്ക് ലക്ഷങ്ങളാണ് വേണ്ടിവരിക. വിവരമറിഞ്ഞ രാമന്റെ മകന് തങ്ങളുടെ പക്കലുള്ള ഒരു തുണ്ടുഭൂമിയും കൂരയും വിറ്റ് പണം അയയ്ക്കാമെന്ന് അറിയിച്ചുവെങ്കിലും സുഹൃത്തുക്കള്‍ അതു വിലക്കുകയാണുണ്ടായത്. ഭൂമിയും വീടും വിറ്റാലും ഒന്നിനും തികയില്ല. കേരള സര്‍ക്കാര്‍ തന്നെ അടിയന്തരമായി ഇടപെട്ട് കാര്‍ഷിക കേരളത്തിന്റെ അഭിമാനസ്തംഭമായ ചെറുവയല്‍ രാമന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കണമെന്ന് യുഎഇ യുവകലാസാഹിതിയടക്കമുള്ള മലയാളി പ്രവാസി സംഘടനകള്‍ അഭ്യര്‍ഥിച്ചു.
നിരവധി ദേശീയ – സാര്‍വദേശീയ പുരസ്കാരങ്ങള്‍ നേടിയ രാമന് പ്രതിബദ്ധതയുള്ള പരിസ്ഥിതി പ്രവര്ത്തകന് കൂടിയാണ്. ഹൈദരാബാദില്‍ നടന്ന 11 രാജ്യങ്ങളുടെ ജൈവവൈവിധ്യസംരക്ഷണ സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ഈ ആദിവാസി കാര്‍ഷിക പ്രതിഭയായിരുന്നു.