24 April 2025, Thursday
KSFE Galaxy Chits Banner 2

ഗ്രീസിലെ പൊതു പണിമുടക്ക് വിജയം

പി ദേവദാസ്
March 6, 2025 4:45 am

ഗ്രീസിൽ ഫെബ്രുവരി 28ന് നടന്ന 24 മണിക്കൂർ ദേശീയ പൊതു പണിമുടക്ക് സമീപകാല ചരിത്രത്തിലെ വേറിട്ട ജനമുന്നേറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. 2023 ഫെബ്രുവരി 28ന് നടന്ന ടെംപി തീവണ്ടി അപകടത്തിലെ ഇരകൾക്ക് നീതിയും കാരണക്കാരായവർക്കെതിരെ നടപടിയുമാവശ്യപ്പെട്ടാണ് രണ്ടാം വാർഷികത്തിൽ വിവിധ തൊഴിലാളി സംഘടനകളും കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളും പൊതുപണിമുടക്കിന് ആഹ്വാനം നൽകിയിരുന്നത്. അവരുടെ ലാഭമോ നമ്മുടെ ജീവിതമോ എന്ന പൊതു മുദ്രാവാക്യമായിരുന്നു പണിമുടക്കിൽ ഉന്നയിച്ചത്. പ്രധാന വിഷയം ടെംപി അപകടമായിരുന്നുവെങ്കിലും രാജ്യം നേരിടുന്ന പ്രതിസന്ധികളും സാധാരണ ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പണിമുടക്കിൽ ഉന്നയിക്കപ്പെട്ടു. 57 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായിരുന്നു ടെംപി തീവണ്ടി അപകടം. മരിച്ചവരിൽ ഭൂരിപക്ഷവും സർവകലാശാല വിദ്യാർത്ഥികളായിരുന്നു. ലാറിസ നഗരത്തിനടുത്തുള്ള ടെംപി പ്രദേശത്ത് ചരക്ക്, യാത്രാ തീവണ്ടികൾ മുഖാമുഖം കൂട്ടിയിടിച്ചുണ്ടായ അപകടം ഗുരുതരമായ സുരക്ഷാ വീഴ്ചയുടെയും ജീവനക്കാരുടെ അഭാവത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയുമൊക്കെ ഫലമാണെന്നും അതുകൊണ്ട് ആത്യന്തികമായി അപകടത്തിന്റെ കാരണക്കാർ സർക്കാർ തന്നെയാണെന്നും അക്കാലത്ത് ആരോപണമുണ്ടായിരുന്നു. ഇരകൾക്ക് നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് വിവിധ തൊഴിലാളി സഘടനകളും കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളും രംഗത്തുമുണ്ടായിരുന്നു. അതോടൊപ്പംതന്നെ രാജ്യത്തെ ഭരണകൂടം നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ തുടർച്ചയായി ചെറുതും വലുതുമായ പ്രക്ഷോഭങ്ങൾ നടന്നുവരികയുമായിരുന്നു. അതിന്റെ തുടർച്ചയായാണ് ഫെബ്രുവരി 28ന് പണിമുടക്ക് നടന്നത്. 

സേവന പ്രവർത്തനങ്ങൾക്കും ക്ഷേമ പദ്ധതികൾക്കുമുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ സൗകര്യങ്ങൾ പരിമിതപ്പെടുന്നതിനിടയാക്കിയത്. ഡോക്ടർമാരെ നിയമിക്കുന്നതിൽ കാട്ടുന്ന അലംഭാവം നിമിത്തം ആരോഗ്യരംഗം നാമമാത്രമായി മാത്രമേ രാജ്യത്ത് പ്രവർത്തിക്കുന്നുള്ളൂ എന്ന് ഗ്രീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (കെകെഇ) പറയുന്നു. ജോലിഭാരം കാരണം ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും സർക്കാർ സർവീസിൽ നിന്ന് വിട്ടുപോകുന്ന സ്ഥിതിയാണ്. 

സർക്കാരും പ്രാദേശിക അധികാരികളും മുനിസിപ്പാലിറ്റികളും സുരക്ഷാ പദ്ധതികൾക്ക് ആവശ്യമായ ധനസഹായവും അവശ്യസേവനങ്ങളും പരിമിതപ്പെടുത്തുന്നു. ഇതുകാരണം പ്രകൃതിദുരന്തങ്ങൾ, തീപിടിത്തങ്ങൾ, പ്രളയം എന്നിവയിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ലഭിക്കാതെ പോകുകയും ചെയ്യുന്നു. സ്കൂൾ അറ്റകുറ്റപ്പണികൾക്ക് പോലും തുക അനുവദിക്കുന്നതിൽ അലംഭാവം കാട്ടുന്നതുകാരണം എല്ലാ ദിവസവും അവയുടെ മേൽക്കൂരകൾ ഇടിഞ്ഞുവീഴുന്നതിന്റെ വാർത്തകൾ കേൾക്കേണ്ടിവരുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം നയങ്ങൾ സാധാരണക്കാർക്ക് വിലക്കയറ്റം, ദാരിദ്ര്യം, കുറഞ്ഞ വേതനം എന്നിങ്ങനെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഭവനരാഹിത്യം ഇടത്തരക്കാരുടെ പോലും പ്രശ്നമായി മാറി. അതിന് കാരണം വേതനം കുറഞ്ഞതിനാൽ സ്വന്തം വീടുകൾ വിൽക്കേണ്ടിവരികയും പകരം വാടക വീടുകളിലേക്ക് മാറേണ്ടിവരികയും ചെയ്തതാണ്. ഇതൊക്കെയാണെങ്കിലും രാജ്യത്തെ സാമ്രാജ്യത്വ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുന്ന നാറ്റോ സഖ്യത്തിനും ആയുധങ്ങൾക്കുമായി കോടിക്കണക്കിന് യൂറോ ചെലവഴിക്കുകയും ചെയ്യുന്നു. ഇത്തരം നയങ്ങളുടെ തുടർച്ചയായി റെയിൽവേയിലും ചെലവ് ചുരുക്കൽ നടത്തുകയും കാലാനുസൃതമായി പരിഷ്കാരങ്ങൾ വരുത്താതിരിക്കുകയും ചെയ്യുന്നതാണ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് കുറ്റപ്പെടുത്തിയാണ് ടെംപി തീവണ്ടി അപകടത്തിന്റെ വാർഷികത്തിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം നൽകിയത്. അമിത ജോലിഭാരവും തൊഴിൽ സുരക്ഷിതത്വം ഇല്ലാത്തതും കാരണം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 300 തൊഴിലാളികൾ ജോലിക്കിടെ മരിക്കുന്ന സ്ഥിതിയുണ്ടായി. രണ്ടായിരത്തിലധികം തസ്തികകൾ റെയിൽവേയിൽ മാത്രം ഒഴിഞ്ഞുകിടക്കുകയുമാണ്. പത്ത് ലക്ഷത്തിലധികം പേർ രാജ്യവ്യാപകമായി പണിമുടക്കിലും പ്രതിഷേധങ്ങളിലും പങ്കെടുത്തുവെന്നാണ് കണക്ക്. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 200ലധികം കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ഓരോ പ്രദേശങ്ങളിലും ആയിരങ്ങളാണ് അണിനിരന്നത്. പണിമുടക്ക് കാരണം പൊതുസേവനങ്ങൾ, ഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തനരഹിതമായി. വിമാന, തീവണ്ടി ഗതാഗതം നിശ്ചലമാവുകയും ചെയ്തു. 

പ്രതിഷേധത്തെ നേരിടുന്നതിന് പലയിടങ്ങളിലും ശക്തമായ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. തലസ്ഥാനമായ ഏഥൻസിലെ സിന്റാഗ്മ സ്ക്വയറിൽ പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധത്തിൽ നിന്ന് നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തുവെങ്കിലും പ്രവർത്തകർ പ്രകോപനത്തിന് തയ്യാറാകാതിരുന്നതിനാൽ സംഘർഷമുണ്ടായില്ല. എന്നാൽ പ്രതിഷേധം അവസാനിച്ചപ്പോൾ ആളുകൾ ഏതാണ്ട് പിരിഞ്ഞുപോകുന്ന വേളയിൽ വീണ്ടും പൊലീസ് പ്രകോപനമുണ്ടാക്കിയത് സംഘർഷത്തിന് കാരണമാകുകയും ചെയ്തു. പ്രവർത്തകർക്ക് നേരെ രാസപദാർത്ഥം തളിച്ചതായിരുന്നു പ്രകോപനമുണ്ടാക്കിയത്. 

തൊഴിലാളി സംഘടനകൾ, സ്വയംതൊഴിൽ ചെയ്യുന്നവരുടെ സംഘടനകൾ, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ, സ്ത്രീകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഗ്രീക്ക് ജനങ്ങളാകെ പണിമുടക്കിൽ അണിനിരന്നതായി ഏഥൻസിലെ പ്രതിഷേധത്തെ അഭിസംബോധനം ചെയ്ത ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ദിമിത്രിസ് കൗട്സൗംബാസ് പറഞ്ഞു. മനുഷ്യജീവിതത്തിന്റെ സംരക്ഷണത്തിനും, കൂട്ടായ തൊഴിൽ കരാറുകൾ, വേതന വർധന, ആരോഗ്യ — വിദ്യാഭ്യാസ — ക്ഷേമ മേഖലയ്ക്ക് മതിയായ ധനസഹായം അനുവദിക്കുക, ആയുധങ്ങൾക്കും നാറ്റോയ്ക്കുമുള്ള ചെലവുകൾ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിന്റെ വിജയം വരുംകാല പോരാട്ടം ശക്തമാക്കുന്നതിനുള്ള വഴി കാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.