Web Desk

വാഷിങ്ടണ്‍

June 03, 2020, 5:00 am

ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: യുഎസിൽ പ്രതിഷേധം ആളിക്കത്തുന്നു

50 വർഷത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ ജനകീയ പ്രതിഷേധം | രാജ്യത്തുടനീളം വ്യാപകമായ അക്രമങ്ങളും കൊള്ളയും | സൈന്യത്തെ വിളിക്കുമെന്ന് പ്രസിഡന്റ് ട്രംപ്
Janayugom Online

നിരോധനാജ്ഞയും കടുത്ത പൊലീസ് നടപടിയും വകവയ്ക്കാതെ ഇന്നലെയും യുഎസ് നഗരങ്ങളിൽ പ്രതിഷേധം ആളിക്കത്തി. പ്രതിഷേധങ്ങൾക്കിടെ വ്യാപകമായ അക്രമങ്ങളും കൊള്ളയും രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തിന്റെ പലഭാഗത്തും സുരക്ഷാ സേനയും പ്രതിഷേധക്കാരും പരസ്പരം വെടിയുതിർത്തതായും ജനക്കൂട്ടത്തിനുനേരെയും പൊലീസ് നിരകളിലേയ്ക്കും വാഹനങ്ങൾ ഓടിച്ചുകയറ്റിതായും റിപ്പോർട്ടുകളുണ്ട്. രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഏഴാം ദിനമായ ഇന്നലെ പ്രതിഷേധം അടിച്ചമർത്താൻ സൈന്യത്തെ വിളിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി ഉയർത്തി.

അക്രമങ്ങൾ അനിയന്ത്രിതമായതിനെ തുടർന്ന് ന്യുയോർക്ക്, മാൻഹട്ടൻ തുടങ്ങി രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു.
അക്ഷാരാർത്ഥത്തിൽ യുഎസ് നഗരങ്ങൾ ജോർജ് ഫ്ളോയിഡിന് നീതിക്കായി ശക്തമായ പ്രതിഷേധം തുടർന്നു. തിങ്കളാഴ്ച്ച രാത്രിയിൽ സെന്റ് ലൂയിയിൽ ഉണ്ടായ പ്രതിഷേധത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും നിരവധി പ്രതിഷേധക്കാർക്കും വെടിയേറ്റു. ലെസ് വീഗാസിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. മാൻഹട്ടനിലെ കടകൾ പൂർണമായും കൊള്ളയടിക്കപ്പെട്ടു. വിവിധ നഗരങ്ങളിലായി നൂറ് കണക്കിന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അതിക്രമത്തിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 50 വർഷത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ ജനകീയ പ്രതിഷേധമാണ് ഏഴ് ദിവസങ്ങളായി യുഎസിൽ തുടരുന്നത്.

സംസ്ഥാന ഗർണർമാർ അക്രമം അടിച്ചമർത്താനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സൈന്യത്തെ വിന്യസിക്കുമെന്നായിരുന്നു ട്രംപ് ഭീഷണി മുഴക്കിയത്.

വൈറ്റ് ഹൗസ് പരിസരത്തുള്ള സെന്റ് ജോൺസ് പള്ളിയിൽ ബൈബിളുമായി ട്രംപ് എത്തിയതിലും ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. രാജ്യത്ത് അക്രമം തുടരുമ്പോൾ ബൈബിളുമായി പള്ളിയിലെത്തി ചിത്രത്തിന് പോസ് ചെയ്ത ട്രംപിന്റെ നടപടി അപമാനകരമെന്ന് വാഷിങ്ടൺ മേയർ പ്രതികരിച്ചു. പള്ളിയങ്കണത്തിൽവച്ച് സൈന്യത്തെ വിന്യസിക്കുമെന്ന ട്രംപിന്റെ ഭീഷണി തന്നെ രോഷാകുലനാക്കിയെന്ന് വാഷിങ്ടൺ എപിസ്കോപ്പൽ ഡയസ് ബിഷപ്പ് മരിയാന എഡ്ഗാർ ബുഡെ പ്രതികരിച്ചു.

ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും ഇന്നലെ വൈകിയും പ്രതിഷേധങ്ങളും അക്രമങ്ങളും തുടരുന്നതായി ദി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മാൻഹട്ടനിലെ മാഡിസൻ ചത്വരത്തിലെ കടകളാണ് കൂടുതലായി തകർത്ത് കൊള്ളയടിച്ചത്. സമാധാനപരമായി ഫിലാഡൽഫിയയിൽ പ്രതിഷേധം നടത്തിയവർക്കുനേരെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. ഡളാസിലെ മാർഗററ്റ് ഹണ്ട് ഹിൽ ബ്രിഡ്ജിലേക്ക് പ്രകടനം നടത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലോയിഡിന്റെ കൊലപാതകം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇത്തരത്തിലുള്ള രീതികൾക്ക് സമൂലമായ മാറ്റം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം നടത്താൻ ഡളാസ് കൗണ്ടി ജഡ്ജി ക്ലെ ജംഗിൻസ് അനുമതി നൽകി.

അതിനിടെ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ട മിനിയാപൊളിസിലെ സ്ഥലം സഹോദരനായ ടെറൻസ് ഫ്ലോയിഡ് സന്ദർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനാണ് ടെറൻസ് അഭ്യർഥിച്ചത്. എന്നാൽ ഇവിടെയും പ്രതിഷേധക്കാരെ പൊലീസ് ആക്രമിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ചിക്കാഗോയിൽ യുവാവിനെ അറസ്റ്റ് ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ടെക്സസിലെ ഓസ്റ്റിനിൽ കറുത്തവർഗക്കാരിയായ പ്രതിഷേധക്കാരിക്കുനേരെ പൊലീസ് വെടിവച്ചു. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്നലെ വൈകിയും ഓസ്റ്റിനിൽ ശക്തമായ പ്രതിഷേധവും വ്യാപക അക്രമവും തുടരുന്നതായാണ് റിപ്പോർട്ട്.

eng­lish sum­ma­ry: george Floid’s mur­der, big protest in us

you may also like this video