Web Desk

കൊച്ചി

December 19, 2020, 11:01 am

വിദ്യാർത്ഥിയായിരിക്കെ പെൻഷൻ : ജോർജ്ജ് മാത്യുവിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം

Janayugom Online

ഷാജി ഇടപ്പള്ളി

കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ   പെൻഷൻ   ലഭിച്ചതിന് എറണാകുളം മരട്  സ്വദേശിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം. ഇന്ത്യൻ എയർഫോഴ്സിൽ  ഉദ്യോഗസ്ഥനായിരുന്ന ജോർജ്ജ് മാത്യു പുല്ലാട്ട്  വിരമിക്കുന്നതിന് മുൻപ് പാലാ  സെന്റ് തോമസ് കോളേജിൽ ബി എഡ് പഠനത്തിന് ചേർന്നിരുന്നു. സർവീസിൽ നിന്നും വിരമിക്കുന്നതിന് മുൻപ് തൊഴിൽ ലഭിക്കുന്നതിനുള്ള പരിശീലനം തേടുന്നതിന് അനുമതിയുള്ളത് കണക്കിലെടുത്താണ് ഇദ്ദേഹം അധ്യാപക ജോലി നേടുന്നതിനായി ബി എഡ്  കോഴ്സിന് റെഗുലറായി ചേർന്നത്.

1973  ഫെബ്രുവരി 27  എയർ ഫോസിൽ ഇലക്ട്രിക്കൽ ഉദ്യോഗസ്ഥനായി ചേർന്ന ഇദ്ദേഹം ബി എഡ് പഠനം തീരുന്നതിന് മുൻപ്  15  വർഷത്തെ സേവനത്തിന് ശേഷം   1988  ഫെബ്രുവരി 29 ന് സർവീസ് അവസാനിക്കുകയും അടുത്ത മാസം പെൻഷൻ ലഭിക്കുകയും ചെയ്തു. 34 വയസ്സുള്ള റെഗുലർ കോളേജ് വിദ്യാർത്ഥിക്ക് പെൻഷൻ ലഭിച്ചുവെന്നത് വളരെയേറെ ചർച്ചയായിരുന്നു. ഇതുപ്രകാരം   ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്  ജോർജ്ജ് നൽകിയ   അപേക്ഷ പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്  ഇന്ത്യൻ എയർ ഫോഴ്സിലെ ചെറുപ്പക്കാരനായ  പെൻഷനാർത്ഥി  എന്ന ബഹുമതി ലഭിച്ചത്. സർട്ടിഫിക്കറ്റ് ‚മെഡൽ,  പേന, ഐഡി  കാർഡ്, കാറിൽ സ്റ്റിക്കർ എന്നിവ ഉൾപ്പെടുന്നതാണ്  പുരസ്‌കാരം.

ബി എഡ്  പഠന  സന്ദർഭത്തിൽ എം ജി സർവകലാശാല കലോത്സവത്തിൽ പട്ടാളക്കാരൻ മത്സരത്തിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. ആദ്യമായിട്ടായിരുന്നു അത്തരത്തിൽ ഒരു പട്ടാളക്കാരൻ റെഗുലർ കോളേജ് വിദ്യാർത്ഥിയായി കലോത്സവത്തിൽ പങ്കെടുക്കുന്നത്. പഠനശേഷം പാലാ , കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ സ്കൂളുകളിൽ അധ്യാപകനായി മൂന്നര വർഷം  ഇദ്ദേഹം ജോലി നോക്കി. ഇതിനിടയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസിൽ ജോലി കിട്ടി. തുടർന്ന് ആറു മാസത്തിന് ശേഷം കസ്റ്റംസിൽ ജോലി ലഭിച്ചു. നെടുമ്പാശ്ശേരിയിൽ നിന്നും കസ്റ്റംസ് സൂപ്രണ്ടായി വിരമിച്ചിട്ടുള്ള ജോർജ്ജ് മാത്യു അറിയപ്പെടുന്ന എഴുത്തുകാരൻ കൂടിയാണ്.

കസ്റ്റംസിൽ ജോലി കിട്ടിയതോടെയാണ് പാലാ പൂവരണി സ്വദേശിയായ ഇദ്ദേഹം എറണാകുളം മരടിൽ താമസം തുടങ്ങിയത്. ചെറുകഥ,നോവൽ, ചരിത്രം, അനുഭവകഥകൾ തുടങ്ങിയ നിരവധി   പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ  വിശ്വസാഹിത്യത്തിൽ  നിന്നുള്ള പ്രസിദ്ധമായ കൃതികളുൾപ്പെടെ  12  പുസ്തകങ്ങൾ തർജ്ജമ ചെയ്തിട്ടുമുണ്ട്. ടി വി , ആകാശവാണി എന്നിവയിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2015  ൽ നടന്ന നാഷണൽ ഗെയിംസിൽ ആകാശവാണിക്കായി ബാസ്‌ക്കറ്റ് ബോൾ  കമെന്ററി  പറഞ്ഞതും ജോർജ്ജാണ്. വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാറുള്ള ഇദ്ദേഹം അറിയപ്പെടുന്ന മോട്ടിവേഷൻ ക്ലാസുകൾ  കൈകാര്യം ചെയ്യുന്ന പ്രഭാഷകനുമാണ്.

മജീഷ്യൻ കൂടിയായ ജോർജ്ജ് മാത്യു  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ  അപൂർവ അംഗീകാരം കിട്ടിയതിലുള്ള സന്തോഷത്തിലാണ്. സാമൂഹ്യ പ്രവർത്തക ദയാ ഭായിയുടെ സഹോദരനാണിദ്ദേഹം. അധ്യാപികയായ ലാലി ജോർജ്ജാണ് ഭാര്യ. മക്കൾ ജീവൻ , ജ്യോതിസ്, ജെനി, ജ്യോതിക . സാമൂഹ്യ രംഗത്ത്  ഇനിയും കൂടുതൽ സജീവമാകാനുള്ള  ഒരുക്കത്തിലാണെന്ന്  അദ്ദേഹം  ജനയുഗത്തോട് പറഞ്ഞു.

Eng­lish sum­ma­ry: George math­ew in India books of records

You may also like this video: