ജോര്‍ജ്ജ് സൂററ്റ് (1859–1891)- വര്‍ണബിന്ദുക്കളില്‍ വിരിയുന്ന കല

Web Desk
Posted on May 26, 2019, 7:15 am

സൂര്‍ദാസ് രാമകൃഷ്ണന്‍

പത്തൊമ്പതാം നൂറ്റാണ്ട് അതിന്റെ മദ്ധ്യവര്‍ഷങ്ങളിലെത്തിയപ്പോഴേക്കും പാശ്ചാത്യചിത്രകലയുടെ സ്വര്‍ഗീയഭൂമിയായി മാറിക്കഴിഞ്ഞിരുന്നു, പാരീസ്. ചിത്രകലയെ രക്തത്തില്‍ ലയിപ്പിച്ച കലാകാരന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പാരീസിലേക്ക് വന്നുകൊണ്ടിരുന്നു. ചിത്രകാരന്മാര്‍ക്ക് പാരീസ് ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ വാഗ്ദത്ത ഭൂമിയായിരുന്നു. സര്‍ഗാത്മകതയുടെ സ്വപ്നങ്ങളും ഉന്മാദങ്ങളും വെളിപാടുകളും കൊണ്ട് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരുന്ന കലയുടെ മാന്ത്രിക ലാവണ്യലോകം! പക്ഷേ, വ്യാവസായിക വിപ്ലവത്തിന്റെ അനുരണനങ്ങളും ഫോട്ടോഗ്രാഫിയുടെ കടന്നുവരവും ഈ ലാവണ്യലോകത്തിന് മേല്‍ നിഴല്‍ പടര്‍ത്താന്‍ അധികകാലം വേണ്ടിവന്നില്ല. വ്യവസായമേഖലയിലുണ്ടായ അതിദ്രുതമായ മാറ്റങ്ങള്‍ മനുഷ്യരുടെ സാമൂഹ്യസാമ്പത്തികാവസ്ഥകളെ പാടേ മാറ്റിമറിച്ചു. അത് ജനങ്ങളുടെ ജീവിതസങ്കല്പങ്ങളേയും കലാവബോധത്തേയും ബാധിച്ചു. എല്ലാറ്റിനെയും സാമ്പത്തികാടിസ്ഥാനത്തില്‍ വീക്ഷിക്കുന്ന ഒരുപുതിയ ജീവിതക്രമത്തില്‍ കലാകാരന്റെ സര്‍ഗാത്മകത തരംതാഴ്ത്തപ്പെട്ടു. ശരിക്കും കലാകാരന്മാര്‍ അന്യവല്‍ക്കരിക്കപ്പെട്ട ഒരുകാലമായിരുന്നു അത്. ഫോട്ടോഗ്രാഫിയാകട്ടെ ചിത്രകാരന്മാരുടെ ഉപജീവനത്തെ തന്നെ വേട്ടയാടി. ഛായാചിത്രങ്ങള്‍ വരച്ചുനേടുന്ന പണമായിരുന്നു അന്ന് ചിത്രകാരന്മാരുടെ പ്രധാനവരുമാനം. ഫോട്ടോഗ്രാഫി വന്നതോടെ ചിത്രകാരന് മുന്നില്‍ ദിവസങ്ങളോളം തപസിരിക്കാതെ സ്വന്തം ചിത്രം വേഗത്തില്‍ പകര്‍ത്താമെന്നൊരു വലിയ സൗകര്യം മനുഷ്യര്‍ക്കുണ്ടായി. ചിത്രകാരനെക്കൊണ്ട് വരപ്പിക്കുന്ന അത്രയും ചെലവേറിയതല്ല ഈ പുതിയ സാങ്കേതികവിദ്യ എന്നതും ജനങ്ങള്‍ ഫോട്ടോഗ്രാഫിയിലേക്ക് കൂടുതലടുക്കാന്‍ കാരണമായി. മാത്രമല്ല, ചിത്രകാരന്മാരുടെ മനോഹരമായ പ്രകൃതി ദൃശ്യരചനകള്‍ക്കും അതൊരു വെല്ലുവിളിയായി മാറി. കാണുന്നതിനെ അതുപോലെ പകര്‍ത്തുന്ന ക്യാമറകണ്ണിന്റെ മുമ്പില്‍ ചിത്രകാരന്റെ സര്‍ഗാത്മകത സൃഷ്ടിക്കുന്ന റിയലിസത്തിന് പിടിച്ചുനില്‍ക്കാന്‍ പറ്റുമോ എന്നൊരാശങ്ക പോലും ഉണ്ടായി.
പക്ഷേ, ചിത്രകാരന്മാരുടെ അതിരുകളില്ലാത്ത ഭാവനയ്ക്കുമുന്നില്‍ ഇതൊന്നും ഭീഷണിയല്ലാതായി മാറുന്നതാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ ലോകം കണ്ടത്.

Seurat-painting

 

നിലവിലുണ്ടായിരുന്ന ചിത്രകലാ സങ്കല്പങ്ങളെ തകിടം മറിച്ചുകൊണ്ട് സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തെ കലാപകാരികളായ ചിത്രകാരന്മാര്‍ സര്‍ഗാത്മകമായി പരാജയപ്പെടുത്തി. കാഴ്ചയല്ല, കാഴ്ച കലാകാരന്റെ മനസില്‍ സൃഷ്ടിക്കുന്ന അനുഭൂതികളാണ് യാഥാര്‍ത്ഥ്യമെന്നും, അതാണ് കലാകാരന്‍ ആവിഷ്‌ക്കരിക്കുന്നതെന്നും ഈ കലാപകാരികള്‍ വാദിച്ചു. അതൊരു പുതിയ ചിത്രകലാപ്രസ്ഥാനത്തിന് ജന്മം നല്‍കി-ഇംപ്രഷനിസം. എഡ്വാര്‍ഡ് മാനെ, ക്ലൗഡ് മോണെ, റെനോയര്‍ തുടങ്ങിയ ചിത്രകാരന്മാരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കള്‍. അങ്ങനെ ഇംപ്രഷനിസത്തിലൂടെ പുതിയ വെല്ലുവിളികളെ അതിജീവിച്ച ചിത്രകല, റിയലിസത്തിന്റെ എല്ലാ രചനാസങ്കേതങ്ങളെയും ഉപേക്ഷിച്ചു. ഈ മുന്നേറ്റത്തില്‍ ഇംപ്രഷനിസത്തിന് നൂതനമായ ഒരു മുഖം പകര്‍ന്നുനല്‍കിയ ചിത്രകാരനായിരുന്നു ജോര്‍ജ്ജ് പീര്‍ സൂററ്റ്. ബ്രഷിന്‍തുമ്പുകൊണ്ട് വിരുദ്ധവര്‍ണ്ണബിന്ദുക്കള്‍ അടുത്തടുത്ത് പകര്‍ന്ന് ചിത്രം വരയ്ക്കുന്ന, തികച്ചും നൂതനമായൊരു സങ്കേതം വികസിപ്പിച്ചെടുത്ത പ്രതിഭയായിരുന്നു സൂററ്റ്. ‘പോയിന്റലിസം’ എന്ന പേരിലാണ് അദ്ദേഹത്തിന്റെ ചിത്രരചനാസങ്കേതം അറിയപ്പെട്ടത്.
അന്നത്തെ ചിത്രകാരന്മാരുടെ ബൊഹീമിയന്‍ ജീവിതത്തിനിണങ്ങാത്ത ഒരുപാട് പ്രത്യേകതകളുള്ള വ്യക്തിയായിരുന്നു സൂററ്റ്. നല്ല ഉയരം. ആരോഗ്യമുള്ള ശരീരം. ആരെയും ആകര്‍ഷിക്കുന്ന മനോഹരമായ കണ്ണുകള്‍. മുഴക്കമുള്ളതും ശാന്തവുമായ ശബ്ദം. എപ്പോഴും വൃത്തിയായും കൃത്യമായും വസ്ത്രം ധരിച്ച് നടക്കാന്‍ അതീവതാല്‍പര്യമുള്ളയാള്‍ (പരിഹാസപ്രിയനായ ചിത്രകാരന്‍ എഡ്ഗാര്‍ ഡീഗാസ്, ‘ഒരുങ്ങി നടക്കുന്ന ന്യായാധിപന്‍’ എന്നാണ് സൂററ്റിനെ കളിയാക്കി വിളിച്ചിരുന്നത്.) കുടിച്ചുകൂത്താടാന്‍ വേണ്ടി പണം ചെലവാക്കാന്‍ ഇഷ്ടപ്പെടാത്തയാള്‍. പുസ്തകങ്ങള്‍ വാങ്ങാനാണ് സൂററ്റ് കൂടുതല്‍ പണം ചെലവഴിച്ചിരുന്നത്. സൂററ്റിന്റെ സ്റ്റുഡിയോ പോലെ പുസ്തകങ്ങള്‍ കൊണ്ട് നിറഞ്ഞ മറ്റൊന്ന് ഒരു ചിത്രകാരന്റെ ജീവിതത്തിലും നമുക്ക് കാണാന്‍ കഴിയില്ല. വര കഴിഞ്ഞാല്‍ വായനയായിരുന്നു അദ്ദേഹത്തിന്റെ ലഹരി. സ്റ്റുഡിയോയിലെ ഏകാന്തമായ അന്തരീക്ഷത്തിലിരുന്ന് വരയ്ക്കാനും വായിക്കാനുമാണ് സൂററ്റ് ഇഷ്ടപ്പെട്ടിരുന്നത്. ഏകാന്തതയെ അഗാധമായി പ്രണയിച്ചിരുന്ന ഈ ചിത്രകാരന്റെ ഏറ്റവും വലിയ പ്രത്യേകത ആര്‍ക്കും പിടികൊടുക്കാത്ത മനസിന്റെ രഹസ്യാത്മകസ്വഭാവമാണ്. സൂററ്റിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം തന്റെ സ്വകാര്യതകള്‍ പലതും നിഗൂഢമാക്കിവയ്ക്കാന്‍ അദ്ദേഹത്തിന് അസാധാരണമായ കഴിവുണ്ടായിരുന്നു.

george-Seurat1859ല്‍ പാരീസിലാണ് സൂററ്റ് ജനിച്ചത്. സമ്പത്തും സന്തുഷ്ടിയുമുള്ള കുടുംബാന്തരീക്ഷം. പിതാവ് നിയമവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ശാന്തയും സ്‌നേഹസ്വരൂപിണിയുമായ മാതാവ്, സൂററ്റിന്റെ ബാല്യകാലജീവിതത്തെ ഏറെ ആനന്ദകരമാക്കി. സൂററ്റിന്റെ പിതാവ് ആന്റോയ്ന്‍ ക്രിസ്റ്റോസം ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന വിചിത്രസ്വഭാവിയായിരുന്നു. സൂററ്റിലേക്ക് പകര്‍ന്നതും ഈ സ്വഭാവം തന്നെ. ചൊവ്വാഴ്ചകളില്‍ മാത്രം വീട്ടിലെത്തിയിരുന്ന പിതാവിനെക്കാള്‍ സൂററ്റിന് ആത്മബന്ധം അമ്മയോടായിരുന്നു. അമ്മ സ്‌നേഹപൂര്‍വ്വം നല്‍കിയിരുന്ന സാമ്പതതിക സുരക്ഷിതത്വമായിരുന്നു വാസ്തവത്തില്‍ സൂററ്റിന്റെ കലാജീവിതത്തിന്റെ പിന്‍ബലം. സ്‌കൂള്‍വിദ്യാഭ്യാസം ചിട്ടയോടെ പൂര്‍ത്തീകരിച്ച ശേഷം 18ാമത്തെ വയസില്‍ എയ്‌ക്കോള്‍ ദസ് ബോക്‌സ് ആര്‍ട്‌സ് എന്ന പ്രസിദ്ധമായ ആര്‍ട്‌സ് സ്‌കൂളില്‍ ചിത്രകലാപഠനത്തിനായി ചേര്‍ന്നു. അവിടുത്തെ ലൈബ്രറിയില്‍ സൂററ്റിനെ കാത്തിരുന്നത് ചിത്രകലയെക്കുറിച്ചുള്ള അറിവുകളുടെ വലിയൊരു കടലായിരുന്നു. തികഞ്ഞ സൂക്ഷ്മതയോടെയും ആവേശത്തോടെയും സൂററ്റ് കലാലാവണ്യത്തിന്റെ തിരകളില്‍ ഏറിമറിഞ്ഞു. ചിത്രരചനയിലെ ശൈലീവൈവിധ്യങ്ങളും നിറങ്ങള്‍ ഉപയോഗിക്കുന്നതിലെ സൈദ്ധാന്തിക തലങ്ങളും ആഴത്തില്‍ മനസിലാക്കി. ആര്‍ട്‌സ് സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും സൂററ്റ് ചിത്രകലയെപ്പറ്റി ആധികാരികമായി അറിവ് നേടിക്കഴിഞ്ഞിരുന്നു. പിന്നീട് ഒരുവര്‍ഷം സൈനികസേവനം അനുഷ്ടിച്ചതിന് ശേഷമാണ് പൂര്‍ണ്ണമായും ഒരു ചിത്രകാരന്റെ ജീവിതത്തിലേക്ക് സൂററ്റ് കടന്നത്.
1880ല്‍ പാരീസില്‍ രണ്ട് ചിത്രകലാവിദ്യാര്‍ത്ഥികളോടൊപ്പം സ്റ്റുഡിയോ പങ്കിട്ടുകൊണ്ടാണ് സൂററ്റ് ചിത്രകലാലോകത്ത് സജീവമായത്. ആദ്യകാലത്ത് ചാര്‍ക്കോളും മറ്റും ഉപയോഗിച്ച് ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ വരയ്ക്കുന്നതിലായിരുന്നു താല്‍പര്യം. 1883ലാണ് അദ്ദേഹം വര്‍ണവൈവിധ്യങ്ങളുടെ മേഖലയിലേക്ക് കടന്നുകൊണ്ട് തന്റെ ആദ്യത്തെ ബൃഹത്തായ ചിത്രം പൂര്‍ത്തീകരിച്ചത്. ‘ബാത്തിംഗ് അറ്റ് ആഡ്‌നിയേഴ്‌സ്’ എന്ന് പേരുള്ള ആ ചിത്രം തൊട്ടടുത്ത വര്‍ഷം പാരീസിലെ പ്രസിദ്ധമായ ചിത്രപ്രദര്‍ശന മേളയായ ‘പാരീസ് സാലോണി‘ല്‍ സമര്‍പ്പിച്ചു. എങ്കിലും ജൂറി ചിത്രം തഴഞ്ഞു. അതോടെ സൂററ്റും സാലോണിലെ ജൂറിയാല്‍ തഴയപ്പെട്ട പാരമ്പര്യനിഷേധികളായ ചിത്രകാരന്മാരുടെ സംഘത്തിന്റെ ഭാഗമായി. പോള്‍ ഗോഗിന്‍, സഡാന്‍, വാന്‍ഗോഗ്, മോഡിഗ്‌ലാനി തുടങ്ങിയ സര്‍ഗാത്മക ഭ്രാന്തന്മാരെല്ലാം ചേര്‍ന്നൊരു കൂട്ടമായിരുന്നു അത്. എങ്കിലും സൂററ്റിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറിയത് പോള്‍ സീന്യാക്ക് എന്ന യുവചിത്രകാരനുമായുള്ള പരിചയമായിരുന്നു. ഇംപ്രഷനിസത്തിന്റെ കടുത്ത ആരാധകനായിരുന്ന സീന്യാകിന്റെ പ്രേരണയാല്‍ സൂററ്റിന്റെ നേതൃത്വത്തില്‍ സലോണില്‍ നിന്ന് തഴയപ്പെട്ട ചിത്രകാരന്മാരുടെ ഒരു സംഘടന രൂപംകൊണ്ടു; ‘സലോണ്‍ ഡെഡ് ഇന്‍ഡിപെന്റന്‍സ്’ എന്ന പേരില്‍. സംഘടന നടത്തിയ ചിത്രപ്രദര്‍ശനത്തില്‍ സൂററ്റിന്റെ ‘ബാത്തിംഗ് അറ്റ് ആഡ്‌നിയേഴ്‌സും’ പ്രദര്‍ശിപ്പിച്ചു. വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടായെങ്കിലും കലാപകാരികളുടെ പ്രദര്‍ശനം ശ്രദ്ധിക്കപ്പെട്ടു. ക്രമേണ സൂററ്റ് തന്റെ സുഹൃത്തുക്കള്‍ക്ക് പോലും ചെറുസൂചന പോലും നല്‍കാതെ തന്റേതായ രചനാശൈലി രൂപപ്പെടുത്താനുള്ള പരീക്ഷണങ്ങളില്‍ മുഴുകി. അങ്ങനെയാണ് ‘പോയിന്റലിസം’ എന്ന തികച്ചും നൂതനമായ ഒരു ശൈലിയില്‍ സൂററ്റ് എത്തിച്ചേര്‍ന്നത്.

george-Seurat painting
പ്രാഥമിക വര്‍ണ്ണങ്ങളായ ചുവപ്പ്, നീല, മഞ്ഞ എന്നിവയും അവയോടിണങ്ങി നില്‍ക്കുന്ന കോംപ്ലിമെന്ററി വര്‍ണ്ണങ്ങളായ പച്ച, ഓറഞ്ച്, വയലറ്റ് എന്നിവയും ബ്രഷിന്റെ തുമ്പ് കൊണ്ട് അടുത്തടുത്തായി ബിന്ദുരൂപത്തില്‍ അതീവശ്രദ്ധയോടെ ഉപയോഗിച്ച് ചിത്രം വരയ്ക്കലാണ് ‘പോയിന്റലിസം’. ആദ്യം ക്യാന്‍വാസ് ഏതെങ്കിലും പ്രാഥമിക വര്‍ണ്ണം കൊണ്ട് പൂശി നിറയ്ക്കും. എന്നിട്ട് അതിന് മുകളിലാണ് ബിന്ദുരൂപത്തില്‍ നിറങ്ങളുപയോഗിച്ച് വരയ്ക്കുന്നത്. ഏറെ ശ്രമകരമായ ഈ ശൈലി ക്ഷമയോടും ഏകാഗ്രതയോടും കൂടിയാണ് സൂററ്റ് അനുഷ്ഠിച്ചിരുന്നത്. ഈ സങ്കേതം ഉപയോഗിച്ച് സൂററ്റ് വരച്ച ഏറ്റവും പ്രസിദ്ധമായ ചിത്രമാണ് ‘ലാ ഗ്രാന്റ് ജാതേ’. 81 ണ്മ 120 അടി വിസ്തീര്‍ണ്ണമുള്ള ക്യാന്‍വാസില്‍ വരച്ച ഈ ചിത്രം പൂര്‍ത്തീകരിക്കാന്‍ രണ്ടുവര്‍,മെടുത്തു സൂററ്റ്. ഓരോ ദിവസും ക്യാന്‍വാസിന്റെ ഒരുഭാഗം എന്ന് കൃതൃമായി തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ് ഈ ചിത്രം വരച്ചത്. ലാഗ്രാന്റ് ജാതേയിലുള്ള ഒരു ദ്വീപില്‍, വേനല്‍ക്കാല സായാഹ്നം ആസ്വദിക്കാനെത്തിയവരുടെ അലസമായ ജീവിതചിത്രമാണ് ഇത്. മറ്റൊരു പ്രസിദ്ധമായ ചിത്രം ‘ദി സര്‍ക്കസ്’ ആണ്. അത് പൂര്‍ത്തീകരിക്കുംമുമ്പ് സൂററ്റ് മരിച്ചു. എങ്കിലും സര്‍ക്കസിലെ അഭ്യാസികളുടെയും മൃഗങ്ങളുടെയും ചലനാത്മകമായ സൗന്ദര്യം അതിമനോഹരമായി സൂററ്റ് തന്റെ സങ്കീര്‍ണ്ണമായ ശൈലിയിലൂടെ പകര്‍ന്നുവയ്ക്കുകതന്നെ ചെയ്തു.
ജീവിച്ചിരുന്ന കാലത്ത് രണ്ടേരണ്ട് ചിത്രങ്ങള്‍ മാത്രമേ വിറ്റുപോയുള്ളു. എങ്കിലും പില്‍ക്കാലത്ത് സൂററ്റിന്റെ അനന്യമായ ശൈലികൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിലമതിക്കാനാകാത്ത സ്ഥാനം അലങ്കരിച്ചു.
തികച്ചും അവിചാരിതമായി 1891ല്‍ സൂററ്റ് മരിച്ചു. മെനഞ്ചൈറ്റിസ് പിടിപെട്ടിരുന്നു. അത് മരണകാരണമാകുമെന്ന് ആരും ധരിച്ചിരുന്നില്ല. മരണദിനത്തിന് തൊട്ടുമുമ്പുള്ള ദിവസമാണ് തന്റെ ജീവിതത്തിലെ വലിയ രഹസ്യം സൂററ്റ് അമ്മയോട് തുറന്നുപറഞ്ഞത്. തന്റെ കാര്യസ്ഥയായിരുന്ന മാദലീനിയെ താന്‍ വിവാഹം കഴിച്ചിരുന്നു എന്നും അതില്‍ തനിക്കൊരു മകനുണ്ടെന്നുമുള്ള രഹസ്യം. സൂററ്റിന്റെ മരണശേഷം അധികനാള്‍ കഴിയുംമുമ്പേ അദ്ദേഹത്തില്‍ നിന്നും രോഗം പകര്‍ന്നുകിട്ടിയിരുന്ന മകനും മരണത്തില്‍ പിതാവിനെ പിന്‍തുടര്‍ന്നു. സൂററ്റിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലുണ്ടായിരുന്ന പെയിന്റുംഗുകള്‍ അമ്മയും മാദലീനയും ചില സുഹൃത്തുക്കളായ ചിത്രകാരന്മാരും പങ്കുവച്ചു.

george-seurat-painting