ഐഎസ് ക്രൂരതകള്‍ അവസാനിക്കുന്നില്ല; അഞ്ചു വയസുകാരിയെ പൊരിവെയിലത്തു നിര്‍ത്തി പട്ടിണിക്കിട്ടു കൊന്നു

Web Desk

ബെർലിൻ

Posted on December 29, 2018, 7:18 pm
അഞ്ചു വയസ്സുകാരിയെ ചങ്ങലക്കിട്ട് പൊരിവെയിലത്തിട്ടു കൊന്നകേസില്‍, ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) അംഗമായ സ്ത്രീക്കെതിരെ യുദ്ധക്കുറ്റങ്ങളടക്കം ചുമത്തണമെന്നു ജര്‍മന്‍ അഭിഭാഷകന്‍. യുദ്ധക്കുറ്റങ്ങൾ, കൊലപാതകം, ആയുധം കൈവശം വച്ച കുറ്റങ്ങൾ തുടങ്ങിയവയാണു യുവതിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റാരോപണങ്ങൾ.
2015ൽ ഭീകരസംഘടനയ്ക്കു വേണ്ടി പ്രവർത്തിക്കുന്നതിനിടെ 27കാരിയായിരുന്ന ഡബ്ല്യു. ജെന്നിഫർ എന്ന യുവതിയും ഭർത്താവും ചേർന്നാണു പെൺകുട്ടിയെ അടിമയായി വാങ്ങിയത്.
ഇറാഖിലെ മൊസൂളിലായിരുന്നു ഈ സമയത്ത് ജർമൻ യുവതിയും ഭർത്താവും താമസിച്ചിരുന്നത്.

2014 ഓഗസ്റ്റിലാണു ഭീകരസംഘടനയിൽ ചേരുന്നതിനു ജെന്നിഫർ ജർമനി വിട്ടത്. തുര്‍ക്കിയില്‍നിന്നു സിറിയയിലേക്കും അവിടെനിന്ന് ഇറാഖിലേക്കും കടന്നാണു യുവതി ഭീകരസംഘടനയിൽ ചേർന്നത്.

ഭീകര സംഘടനയിൽ ചേർന്നശേഷം ഐഎസ് നിയന്ത്രണത്തിലായ ഫലൂജ, മൊസൂൾ നഗരങ്ങളിൽ പട്രോളിങ് നടത്തുന്ന സംഘത്തിലായിരുന്നു ജെന്നിഫറിനെ നിയോഗിച്ചത്. സ്ത്രീകൾക്കായി ഐഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരിശോധിക്കുകയായിരുന്നു ഇവരുടെ ചുമതല. എകെ 47 തോക്ക്, പിസ്റ്റൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയവ ഈ സമയത്തു യുവതി ഉപയോഗിച്ചിരുന്നു.
ഇതിനിടെയാണ് അഞ്ച് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ജെന്നിഫറും ഭർത്താവും ചേർന്ന് അടിമയാക്കുന്നത്. അസുഖം വന്നു വീണ പെണ്‍കുട്ടിയെ ഭർത്താവ് ചങ്ങലയ്ക്കിട്ട് പൊരിവെയിലത്തു നിർത്തുകയായിരുന്നു. ദാഹിച്ചപ്പോൾ വെള്ളം നൽകാനും ദമ്പതികൾ തയാറായില്ല. പെൺകുട്ടി പിന്നീട് അവിടെക്കിടന്നു മരിച്ചു. ഈ സംഭവങ്ങളെല്ലാം കണ്ടിട്ടും ഭർത്താവിൽനിന്നു പെൺകുട്ടിയെ രക്ഷിക്കാൻ‌ ജെന്നിഫർ തയാറായില്ലെന്നും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു.
2016 ജനുവരിയിൽ പെൺകുട്ടിയുടെ മരണത്തിനുശേഷം ജർമൻ യുവതി ജന്മനാട്ടിലേക്കു തിരികെയെത്തി. അങ്കാറയിലെ ജർമൻ എംബസിയിലെത്തി യാത്രാ രേഖകൾ തരപ്പെടുത്തി. എന്നാൽ ഇതിനിടെ തുർക്കിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടി, പിന്നീട് ജർമനിക്കു തന്നെ കൈമാറി.
എന്നാൽ, ഇവർക്കെതിരെയുള്ള തെളിവുകളുടെ അപര്യാപ്തത കാരണം യുവതിയെ വീട്ടിലേക്കു പോകാൻ അനുവദിച്ചു. തുടർന്നും ഭീകരസംഘടനയിലേക്കു തന്നെ തിരികെപോകാൻ ജെന്നിഫർ ശ്രമിച്ചു. 2018 ജൂണിൽ വീണ്ടും സിറിയയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. കുറ്റക്കാരിയായി കണ്ടെത്തിയാൽ യുവതി ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവരും.