ജീവനുവേണ്ടിയുള്ള രോഗിയുടെ പോരാട്ടം കാണുന്നത് ഹരം: ജര്‍മ്മന്‍ നഴ്സ് ചെയ്തത് നടുക്കുന്ന കാര്യങ്ങള്‍

Web Desk
Posted on June 07, 2019, 11:46 am

വിശ്വസ്തതയോടെ പരിചരിക്കേണ്ട രോഗികള്‍ക്ക് ഓവര്‍ഡോസില്‍ ചിലമരുന്നുകള്‍ കുത്തിവെയ്ക്കും,  അവര്‍ മരണത്തിലേക്ക് പോകുന്നതിന് മുന്‍പ്  പുനരുജ്ജീവിപ്പിക്കും. മരണത്തിനും, ജീവിതത്തിനും ഇടയിലെ ഈ നൂല്‍പ്പാലത്തിലെ രോഗിയുടെ പിടച്ചടിക്കല്‍ മുന്‍ നഴ്‌സ് നീല്‍സ് ഹൊഗെലിന് ഒരു രസമായിരുന്നു. എന്നാല്‍ ഈ കളിക്കിടെ 87 കേസുകളില്‍ രോഗികള്‍ തിരിച്ചുവന്നില്ല, അവര്‍ മരണപ്പെട്ടു. 34 മുതല്‍ 96 വയസ്സ് വരെയുള്ള രോഗികളെ കൊലപ്പെടുത്തിയ കേസിലാണ് 42കാരന്‍ നീല്‍സിന് ജര്‍മ്മന്‍ കോടതി ആജീവനാന്ത ജയില്‍ശിക്ഷ വിധിച്ചത്.

രോഗികളെ മരണത്തിലേക്ക് തള്ളിവിടുക അവരെ മരണവക്ത്രത്തില്‍ നിന്നും രക്ഷിക്കാനുള്ള പോരാട്ടം നടത്തുക ഇതില്‍ ആനന്ദം കണ്ടെത്തിയതോടെയാണ് ഇയാള്‍ തന്റെ രോഗികളെ  നിരന്തിതരം  ഇതിനായി വിനിയോഗിച്ച്‌ തുടങ്ങിയത്. ചില സമയത്ത് രോഗികളെ ജീവനോടെ തിരിച്ചുകിട്ടിയപ്പോള്‍ ഭൂരിഭാഗം കേസുകളിലും നിരപരാധികള്‍ മരിച്ചു. 87 കേസുകളിലാണ് രോഗികള്‍ മരണപ്പെട്ടതെന്ന് കണ്ടെത്തിയതോടെയാണ് ജര്‍മ്മന്‍ നീതിപീഠം ഈ നഴ്‌സിനെ ചരിത്രം കണ്ട ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറായി വിധിയെഴുതിയത്.

മരണത്തിന്റെ കണക്കെടുപ്പുകാരനെ പോലെ തോന്നിയെന്ന വിശേഷണത്തോടെയാണ് ജഡ്ജ് സെബാസ്റ്റ്യന്‍ ബ്യുവര്‍മാന്‍ ശിക്ഷാവിധി പ്രസ്താവിച്ചത്. 1999 മുതല്‍ 2002 വരെ ഓള്‍ഡന്‍ബര്‍ഗിലെ ആശുപത്രിയില്‍ ജോലി ചെയ്ത നീല്‍, 2003–2005 കാലത്ത് ഡെല്‍മെന്‍ഹോഴ്സ്റ്റി ആശുപത്രിയിലും നഴ്‌സായിരുന്നു ഇയാള്‍. 2000 മുതല്‍ 2005 വരെയാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്.

രോഗികള്‍ തന്റെ പ്രവര്‍ത്തന ഫലമായി രണ്ടാമത്തെ ആശുപത്രിയിലും കൊല്ലപ്പെട്ടെന്ന് സമ്മതിച്ച നഴ്‌സ് പിന്നീട് ആദ്യത്തെ ആശുപത്രിയിലും ഇത് നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു. ജര്‍മ്മന്‍ നിയമപ്രകാരം ഒരു ജീവപര്യന്തം അനുഭവിക്കുന്നതിന് പുറത്ത് മറ്റൊരു ശിക്ഷ അനുവദിക്കുന്നില്ല. എന്നാല്‍ നഴ്‌സിന്റെ കേസില്‍ നീല്‍ ഒരിക്കലും ജയിലിന് പുറത്തുവരരുതെന്ന് ജഡ്ജ് വിധിപ്രസ്താവത്തില്‍ എടുത്തുപറയുന്നുണ്ട്.