എം എസ് രാജേന്ദ്രൻ

ലോകജാലകം

March 08, 2020, 5:20 am

ജര്‍മനി വീണ്ടും ഹിറ്റ്ലറുടെ കാല്പാടുകള്‍ പിന്തുടരുന്നു

Janayugom Online

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍, 1879ലാണ് നിലവില്‍ വന്നതെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ പകുതിയോളം ലോകത്തെ വിറപ്പിച്ച ഒരു ചരിത്രമാണ് ജര്‍മനിയുടേത്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ 1990 ഒക്ടോബറില്‍ മാത്രമാണ് ആ രാജ്യത്തിന് ഒരു പുനര്‍ജന്മം കെെവന്നത്. എങ്കിലും ഈ ചെറിയ കാലയളവില്‍ തന്നെ ചരിത്രത്തെ പിടിച്ചുകുലുക്കാന്‍ ജർമനിക്കു കഴിഞ്ഞു. 1914ലും 1939ലും നടന്ന രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും തുടക്കം ജര്‍മനിയില്‍ നിന്നായിരുന്നുവെന്നും പറയാം. 1938ല്‍ ഹിറ്റ്ലറുടെ യുദ്ധക്കൊതിക്ക് അന്ത്യമാകുമെന്നു കരുതിയ ബ്രിട്ടീഷ് നേതൃത്വത്തിലുള്ള പാശ്ചാത്യശക്തികള്‍, ചെക്കോസ്ലേവാക്യയെ ഇഷ്ടദാനമായി അവര്‍ക്ക് എഴുതിക്കൊടുത്തെങ്കിലും ജര്‍മനിയുടെ യുദ്ധക്കൊതി ആളിക്കത്തിക്കാനേ അത് ഉപകരിച്ചുള്ളു. തൊട്ടടുത്ത കൊല്ലംതന്നെ, 1939 സെപ്റ്റംബറില്‍, പോളണ്ടില്‍ നിന്നാരംഭിച്ച ആ പടയോട്ടം യൂറോപ്പിനെ ഏതാണ്ട് പൂര്‍ണമായിത്തന്നെ വിഴുങ്ങിയിട്ടും ഒട്ടും ശമിച്ചില്ല. ഇംഗ്ലണ്ട് മാത്രമാണ് ഇതില്‍ നിന്ന് രക്ഷപ്പെട്ടു നിന്നത്.

ആഫ്രിക്കയിലേക്കും ആ വെട്ടിപ്പിടിത്തം വ്യാപിപ്പിക്കാന്‍ കഴിഞ്ഞതിനുശേഷം ലോകത്തിന്റെ ആറിലൊന്ന് വിസ്തൃതിയുള്ള റഷ്യയെപ്പോലും ചവിട്ടി മെതിച്ചും മോസ്കോയെ സ്പര്‍ശിക്കാതെയും ലെനിന്‍ ‍ഗ്രാഡിനെ വളഞ്ഞുവച്ചും സ്റ്റാലിന്‍ഗ്രാഡ് വരെ എത്തിയെങ്കിലും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് ചുവപ്പ് സേന തിരിച്ചടി ആരംഭിച്ചതോടെയാണ് ഹിറ്റ്ലറുടെ നാസിപ്പട പരാജയത്തിന്റെ കെെപ്പുനീര്‍ കുടിക്കാന്‍ തുടങ്ങിയത്. 1945 മെയ് ഒമ്പതിന് ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനിലെ ജര്‍മന്‍ കേന്ദ്ര സെക്രട്ടേറിയറ്റ് ആയ റെെച്ച്സ്റ്റാഗിന് മുകളില്‍ ചെങ്കൊടി ഉയര്‍ത്തുംമുന്‍പ് തന്നെ ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തതോടെയാണ് ജര്‍മനിയുടെ ആ അധ്യായം അവസാനിച്ചത്. സോവിയറ്റ് യൂണിയന്‍ ഒറ്റയ്ക്കാണ് ഫാസിസത്തെ ഭൂമുഖത്ത് നിന്ന് തുരത്തുന്നതിനുള്ള ആ തിരിച്ചടി ആരംഭിച്ചതെന്ന് ഇപ്പോള്‍ പലര്‍ക്കും ഓര്‍മയുണ്ടാവില്ല. ഏറ്റവും അവസാനഘട്ടത്തില്‍ മാത്രം അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് ബര്‍ലിനിലേക്കുള്ള പോരാട്ട മത്സരഓട്ടത്തിന് തയ്യാറായെങ്കിലും സോവിയറ്റ്‌ ചുവപ്പു‍സേന തന്നെ ജര്‍മന്‍ ആസ്ഥാനത്ത് വിജയപതാക ഉയര്‍ത്തി. പക്ഷെ, അതിനുശേഷം യുദ്ധത്തില്‍ തകര്‍ന്ന സമ്പദ്‌വ്യവസ്ഥയുടെ പുനര്‍നിര്‍മാണത്തിന് കെെകാലിട്ടടിക്കുന്ന സോവിയറ്റ് യൂണിയന് ഒരു ചെറിയ കെെസഹായംപോലും ചെയ്യാതെ പടിഞ്ഞാറന്‍ ശക്തികള്‍ ജര്‍മനിയെ (കിഴക്കന്‍ ജര്‍മനി സോവിയറ്റ് പക്ഷത്തായിരുന്നു)

ഒരു വന്‍ശക്തിയാക്കി വളര്‍ത്താന്‍ എല്ലാവിധ സഹായവുമായി ഓടി എത്തിയിരുന്നു. എന്നിട്ടും സോവിയറ്റ് യൂണിയന്‍ ലോകത്തിലെ ഒരു വന്‍ശക്തിയായി വളര്‍ന്നുവെന്നത് മറ്റൊരു കഥ. 1980ന്റെ തുടക്കത്തില്‍ അഞ്ചാം പത്തികളുടെ സഹായത്തോടെ സോവിയറ്റ് യൂണിയനെ ഇല്ലായ്മ ചെയ്തതോടെ കിഴക്കന്‍ ജര്‍മനിയും ബര്‍ലിന്റെ അധീനതയിലായതോടെയാണ് ജര്‍മനി വീണ്ടും ഉയിര്‍കൊള്ളുന്നതും ഇന്നത്തെപ്പോലുള്ള ഒരു വന്‍ ശക്തിയായി തിരിച്ചുവന്നതും. യുദ്ധാനന്തര ജര്‍മനിയുടെ ആദ്യ ചാന്‍സലറായി 1965 വരെ അധികാരത്തിലിരുന്ന കോണ്‍റാഡ് അഡ്ദോറിന്റെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ച പടിഞ്ഞാറന്‍ ജര്‍മനി കിഴക്കന്‍ ഭാഗം കൂടി ലയിച്ചതോടെ കൂടുതല്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. പക്ഷെ, പാശ്ചാത്യര്‍ കിഴക്കന്‍ ഭാഗത്ത് വളര്‍ത്തിയെടുത്ത കമ്മ്യൂണിസ്റ്റ് വിരോധം ഇന്ന് രാജ്യത്തിനാകെ ഒരു ശാപമായി മാറിയിരിക്കുകയാണ്. ആ കമ്മ്യൂണിസ്റ്റ് വിരോധം ഇപ്പോള്‍ വളര്‍ന്ന് ഹിറ്റ്ലറുടെ നാസി പാര്‍ട്ടിയുടെ പുനര്‍ജന്മത്തിന് വഴിതെളിച്ചുകൊണ്ടിരിക്കുകയുമാണ്.

കഴിഞ്ഞ നാലു പ്രാവശ്യം തുടര്‍ച്ചയായി ചാന്‍സലര്‍ (പ്രധാനമന്ത്രി) പദത്തിലിരിക്കുന്ന ഏന്‍ജലാ മെര്‍ക്കലിന്റെ ലിബറല്‍ നിലപാടുകളാണ് രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തെന്നപോലെ രാജ്യത്തൊട്ടാകെയും പുത്തന്‍ ഫാസിസ്റ്റുകളുടെ വളര്‍ച്ചയ്ക്ക് തിരികൊളുത്താന്‍ സഹായിച്ചിട്ടുള്ളതെന്ന് പറഞ്ഞാല്‍ അതൊരു വിരോധാഭാസമായി തോന്നിയേക്കാമെങ്കിലും അതൊരു സത്യമാണെന്ന് പറയേണ്ടിവരും. 2015ല്‍ സിറിയയില്‍ നിന്നും മറ്റുമുള്ള ഇസ്‌ലാമിക അഭയാര്‍ത്ഥികളെ കൂട്ടത്തോടെ രാജ്യത്ത് സ്ഥിരതാമസമാക്കാന്‍ അനുവദിച്ച മെര്‍ക്കലിന്റെ നയം ‘ജര്‍മനിക്ക് ഒരു ബദല്‍’ (എഎഫ്‌ഡി പോലുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ കെെകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്. എഎഫ്ഡി എന്ന ഈ പാര്‍ട്ടി ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയുടെ ഒരു പുതിയ അവതാരമാണ്. ഫാസിസത്തിന്റെ തിരിച്ചുവരവിന് കൊതിക്കുന്നവര്‍ ഇസ്‌ലാമിക് അഭയാര്‍ത്ഥികളുടെ കുടിയേറ്റത്തെ ഒരു ആയുധമാക്കി മാറ്റുകയായിരുന്നു. മുസ്‌ലിം അഭയാര്‍ത്ഥികള്‍ കൂട്ടം കൂട്ടമായി ജര്‍മനിയില്‍ കുടിപാര്‍ക്കാന്‍ തുടങ്ങിയത് മുതല്‍ മുസ്‌ലിം പള്ളികള്‍ (മസ്ജിദ്) പലയിടങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പള്ളികള്‍ക്കെതിരായാണ് ‘ജര്‍മനിക്ക് ബദല്‍’ പാര്‍ട്ടിയുടെ പ്രക്ഷോഭകര്‍ ആക്രമണം നടത്തുന്നതും ഇസ്‌ലാമിക്ക് വിരോധം ആളിക്കത്തിക്കുന്നതും. എഎഫ്‌ഡി എന്ന ഈ പാര്‍ട്ടിയുടെ വളര്‍ച്ച സമീപകാലത്ത് ആരംഭിച്ചതാണെങ്കിലും കൊടുങ്കാറ്റിന്റെ വേഗതയിലാണ് അതിന്റെ വളര്‍ച്ച.

ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ജര്‍മനിയില്‍ കരുത്താര്‍ജിച്ചത് യഹൂദ വിരോധത്തിന് തിരികൊളുത്തിക്കൊണ്ടായിരുന്നെങ്കില്‍ പുത്ത­ന്‍ ഫാസിസ്റ്റുകള്‍ ഉപയോഗപ്പെടുത്തുന്നത് ഇസ്‌ലാമിക വിരോധത്തെയാണ്. ഉണക്കച്ചൂട്ടിന് തീ കൊളുത്തിയാല്‍ നിമിഷങ്ങള്‍ക്കകം അത് ആളിക്കത്തുന്നതുപോലെ വര്‍ഗീയതയും ആളിപ്പടര്‍ന്നുകൊള്ളുമെന്ന് അത്തരം അക്രമസിദ്ധാന്തം പ്രചരിപ്പിക്കുന്നവര്‍ക്ക് നന്നായറിയാം. എന്നിട്ടും അറിഞ്ഞോ അറിയാതെയോ അവര്‍ അപ്രകാരമൊരു ഉദ്യമത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഈ പുത്തന്‍ ഫാസിസ്റ്റുകള്‍ ഒറ്റപ്പെട്ട അക്രമങ്ങളിലൂടെ പുത്തന്‍ ഫാസിസത്തിന്റെ വളര്‍ച്ചയ്ക്ക് തിരികൊളുത്തിക്കഴിഞ്ഞെന്നാണ് ഫ്രാങ്ക്ഫര്‍ട്ടിന് സമീപത്തുള്ള ഹന്നാവു പട്ടണത്തില്‍ നടന്ന കൊലപാതക പരമ്പര മുന്നറിയിപ്പ് നല്‍കുന്നത്. മുസ്‌ലിം പള്ളികള്‍ ആക്രമിക്കാന്‍ പരിപാടിയിട്ടതിന് പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ആയിരുന്നു ഫ്രാങ്ക്ഫര്‍ട്ടിന് തൊട്ടടുത്തുള്ള ഈ അക്രമ പരമ്പര. ഒരു ഗര്‍ഭിണിയെ ഉള്‍പ്പെടെ കൊലയാളി പലയിടങ്ങളിലായി ഒന്‍പതുപേരെ വെടിവച്ച് വീഴ്ത്തുകയാണുണ്ടായത്. അ­തി­നുശേഷം തന്റെ അമ്മയെയും കൊലപ്പെടുത്തി അക്രമി സ്വയം വെടിവച്ച് ആത്മഹത്യ ചെ­യ്യുകയായിരുന്നു. ലോകത്തെങ്ങും അത്തരം കൊലപാതകങ്ങള്‍ സംഘടിപ്പിക്കണമെന്ന ആ­ഹ്വാനവും ഇയാള്‍ നടത്തിയിരുന്നു. 2016ല്‍ മ്യൂണിച്ചില്‍ നടത്തിയ കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച അതേ ആയുധം തന്നെയാണ് ഇവിടെയും ഉപയോഗിച്ചതായി കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനിയും നടക്കാനിരിക്കുന്നതിന്റെ ഈ തെളിവുകള്‍ അന്വേഷണ ഏജന്‍സികളുടെ പരാജയമാണോ കരുതിക്കൂട്ടിയുള്ള അവരുടെ അവഗണനയാണോ എന്നു പറയാനാകുന്നില്ല.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരം അക്രമങ്ങള്‍ നടക്കുമെന്നതിന്റെ മുന്നറിയിപ്പായാണ് ഒറ്റപ്പെട്ടതാണെങ്കിലും ഇത്തരം കൊലപാതകങ്ങളെ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ജര്‍മനിയില്‍ ഹിറ്റ്ലറുടെ ഫാസിസ്റ്റ് വാഴ്ചയുടെ തിരിച്ചുവരവിന്റെ ഒരു മുന്നറിയിപ്പായാണ് ലോകം ഈ സംഭവങ്ങളെ വീക്ഷിക്കുന്നത്. ജര്‍മനിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സാമ്യമുള്ള ഡിലിങ്കെ പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ സമാന്തരമായി നടക്കുന്നത് ജര്‍മനിയില്‍ ഫാസിസത്തിന്റെ തിരിച്ചുവരവിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നാല് പ്രാവശ്യം തുടര്‍ച്ചയായി ജര്‍മന്‍ ചാന്‍സിലറായിട്ടുള്ള ഏന്‍ജലാ മെര്‍ക്കലിന്റെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പുത്തന്‍ ഫാസിസ്റ്റുകളുമായി കൂട്ടുകൂടാന്‍ തയാറെടുക്കുന്ന ഒരു വിഭാഗം വളര്‍ന്നുകൊണ്ടിരിക്കുന്നതും പുതിയ വിപത്തിന്റെ ഒരു മുന്നറിയിപ്പായി കാണേണ്ടതുണ്ടെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മെര്‍ക്കന്‍‍ സ്ഥാനമൊഴിയുമ്പോള്‍ ചാന്‍സലറാകുമെന്ന് പറഞ്ഞിരുന്ന അനര്‍ഗേറ്റ് അടുത്ത ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതും ജര്‍മനിയെ കാത്തിരിക്കുന്ന വിപത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ വിപത്ത് എത്രവേഗം സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാവില്ലെങ്കിലും എഎഫ്ഡി പാര്‍ട്ടി പാര്‍ലമെന്റില്‍ 89 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായി മാറിയിട്ടുണ്ടെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ലിബറല്‍ ചിന്താഗതിക്കാര്‍ ഏന്‍ജലാ മെര്‍ക്കലിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നില്ലെങ്കില്‍ ‘ഹിറ്റ്‌ലറുടെ’ തിരിച്ചുവരവ് അത്ര അകലെയല്ലെന്ന് തന്നെ പറയേണ്ടിവരും.