Site iconSite icon Janayugom Online

റഷ്യ- ഉക്രെയ്ന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കൊരുങ്ങി ജര്‍മ്മനി

germanygermany

ഉക്രെയ്‍നിലെ റഷ്യൻ അധിനിവേശം ഏത് നിമിഷവും സംഭവിക്കാമെന്ന യുഎസ് മുന്നറിയിപ്പിന് പിന്നാലെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്‍ളാദിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തും. ഉക്രെയ്‍നെതിരെ ആക്രമണമുണ്ടായാല്‍ റഷ്യ കടുത്ത ഉപരോധ നടപടികളും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ഷോള്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുറേ­ാപ്പില്‍ സമാധാനം നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ക്കായാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധഭീതി ഇതിനോടകം തന്നെ ഉക്രെയ്‍ന്‍ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചതിനാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള ജര്‍മ്മനിയുടെ പിന്തുണയെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. നാറ്റോ പ്രവേശനത്തിനുള്ള ഉക്രെയ്‍നിന്റെ യോഗ്യത സംബന്ധിച്ച വിഷയം ജർമ്മനിയുടെ പരിഗണനയിലുണ്ടായിരുന്നില്ലെങ്കിലും അടുത്ത 10 വർഷത്തേക്ക് ഉക്രെയ്ൻ നാറ്റോയിൽ ചേരില്ലെന്ന് റഷ്യയ്ക്ക് ഉറപ്പുനൽകി നിലവിലെ സംഘര്‍ഷം ലഘൂകരിക്കാമെന്നുള്ള ആശയം ഷോള്‍സ് മുന്നോട്ടു വച്ചതായി സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ മുന്നറിയിപ്പുകള്‍ക്കിടയിലാണ് പുതിയ നീക്കങ്ങൾ. റഷ്യയുമായുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ നിര്‍ണായക പങ്കാണ് ജര്‍മ്മനിക്കുള്ളത്. എന്നാൽ റഷ്യയുമായുള്ള ജർമ്മനിയുടെ അടുത്ത വ്യാപാര ബന്ധവും റഷ്യൻ പ്രകൃതിവാതക ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതും ഉക്രെയ്ന്‍ അനുകൂല നേതാക്കളുടെയും ബെെഡന്‍ സംഘത്തിന്റെയും ആശങ്കയാണ്. ജർമ്മനിയിലേക്കുള്ള റഷ്യയുടെ പുതിയ നോർഡ് സ്ട്രീം 2 പദ്ധതി നടപ്പാക്കില്ലെന്ന ബൈഡന്റെ മുന്നറിയിപ്പിനെ ജര്‍മ്മനി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ഉക്രയ്‍‍നിലേക്കുള്ള ആയുധ വിതരണത്തില്‍ നാറ്റോ സഖ്യത്തിനെ­ാപ്പം ചേരാത്തതില്‍ ജര്‍മ്മനിയോട് ഉക്രെ‍യ്‍ന് എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

ഉക്രെയ്ൻ ആക്രമിക്കാനുള്ള പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിക്കുമ്പോഴും ബെലാറസിലെ സൈ­നി­ക നീക്കങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കണമെന്ന ഉക്രെയ്‍നിന്റെ ഔദ്യോഗികമായ ആവശ്യത്തിന് അന്താരാഷ്ട്ര കരാറായ വിയന്ന രേഖ പ്രകാരമുള്ള 48 മണിക്കൂർ സമയപരിധി കടന്നിട്ടും റഷ്യ മറുപടി നല്‍കിയിട്ടില്ല.

അതിനിടെ , യുദ്ധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉക്രെയ്‍നിലേക്കുള്ള സര്‍വീസുകള്‍ വിമാന കമ്പനികള്‍ റദ്ദാക്കി. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഉക്രയ്‍നെയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഡെന്‍മാര്‍ക്ക് ആസ്ഥാനമായ കെഎല്‍എം എയര്‍ലെെന്‍ അറിയിച്ചു. പോർച്ചുഗലിലെ മഡെയ്‌റയിൽ നിന്ന് കൈവിലേക്കുള്ള വിമാനം മോൾഡോവൻ തലസ്ഥാനത്തേക്ക് വഴിതിരിച്ചുവിട്ടതായി ഉക്രേനിയൻ ചാർട്ടർ എയർലൈൻ സ്കൈഅപ്പും അറിയിച്ചിട്ടുണ്ട്. ഉക്രെയ്‍നിന്റെ എയർ ട്രാഫിക് സേഫ്റ്റി ഏജൻസിയായ ഉക്രേറോരുഖ് കരിങ്കടലിനു മുകളിലൂടെയുള്ള വ്യോമാതിർത്തി അപകട മേഖലയായി പ്രഖ്യാപിക്കുകയും ഫെബ്രുവരി 14 മുതൽ 19 വരെ കടലിനു മുകളിലൂടെ പറക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്.

മേഖലയിലെ സംഘർഷം പ്രധാന എണ്ണ ഉല്പാദകരായ റഷ്യയിൽ നിന്നുള്ള വിതരണത്തെ തടസപ്പെടുത്തുമെന്ന ആശങ്കയെത്തുടർന്ന് ബ്രെന്റ് ക്രൂഡിന്റെ വില ഒരു ശതമാനം ഉയർന്ന് ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 95.46 ഡോളറിലെത്തി.

 

Eng­lish Sum­ma­ry: Ger­many pre­pares for Rus­sia-Ukraine medi­a­tion talks

 

You may like this video also

Exit mobile version