ന്യായവിലയ്ക്ക് സവാള ലഭ്യമാക്കണം: സിപിഐ

Web Desk
Posted on December 02, 2019, 10:36 pm

ന്യൂഡൽഹി: ന്യായവിലയ്ക്ക് സവാള ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രമുഖ സവാള ഉൽപാദക സംസ്ഥാനമായ മഹാരാഷ്ട്രയിലുണ്ടായ വിളനാശവും തകർച്ചയും കാരണം വിലയിലുണ്ടായിരിക്കുന്ന ഭീമമായ വർധന ഉൽക്കണ്ഠാകുലമാണ്. ലഭ്യതയിലുണ്ടായ കുറവ് മൂലമാണ് പ്രധാനമായും വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.

എന്നിരുന്നാലും 2010 ൽ സമാന സാഹചര്യമുണ്ടായപ്പോൾ നടത്തിയ പരിശോധനയിൽ സവാള വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗം നിയന്ത്രിക്കുന്ന ഒരു സ്ഥാപനം വൻതോതിൽ പൂഴ്ത്തിവയ്പ് നടത്തിയതായി കണ്ടെത്തുകയുണ്ടായി. അത്തരമൊരു സാഹചര്യം ഇപ്പോഴും തള്ളിക്കളയാനാവില്ല. ജനങ്ങൾക്ക് ആവശ്യമായ സവാള ലഭ്യമാക്കുന്നതിന് സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

കർഷകർക്ക് ന്യായവില ലഭിക്കുകയോ ജനങ്ങൾക്ക് താങ്ങാവുന്ന വിലയ്ക്ക് വാങ്ങാവുന്ന സ്ഥിതിയോ ഇല്ല. വിളവെടുപ്പ് സമയത്ത് സവാള വാങ്ങുന്നതിനും സംഭരിക്കുന്നതിനും ഫലപ്രദമായി സർക്കാർ ഇടപെട്ടാൽ മാത്രമേ ഏറ്റവും കൂടുതൽ ആവശ്യം നേരിടുന്ന ശൈത്യകാലത്ത് ഉപഭോക്താവിന് താങ്ങാനാവുന്ന വിലയിൽ വിതരണം ചെയ്യുന്നതിന് സാധിക്കുകയുള്ളൂവെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.