വനിതാ മതില്‍ വിജയിപ്പിക്കുവാന്‍ രംഗത്തിറങ്ങുക: സിപിഐ

Web Desk
Posted on December 27, 2018, 5:21 pm

തിരുവനന്തപുരം: കേരളം എക്കാലവും ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാനുള്ള പോരാട്ടത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുവാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അഭ്യര്‍ത്ഥിച്ചു.
ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നവരുടെ നെറികെട്ട പ്രവൃത്തികളെ കേരളം ഒറ്റക്കെട്ടായി എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്. കേരളീയ നവോത്ഥാനം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെയെല്ലാം സങ്കുചിത ചിന്താഗതികളുമായി തകര്‍ത്തെറിയാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായി അണിനിരക്കുക എന്നത് കേവലമായ കക്ഷിരാഷ്ട്രീയ വിഷയമല്ല.

ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം കേരളത്തിലെ മനുഷ്യര്‍ ഉയര്‍ത്തിപ്പിചിച്ച ഐക്യത്തെ തകര്‍ക്കാന്‍മാത്രം ഉപകരിക്കുന്നതാണ്. നവോത്ഥാന കാലം കടപുഴക്കി എറിഞ്ഞ ചിന്താഗതികളെ മാലയിട്ട് സ്വീകരിക്കുകയും ആനയിച്ചു കൊണ്ടുനടക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ നവോത്ഥാന ചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ച സ്ത്രീസ്വാതന്ത്ര്യം, സമത്വം എന്നെല്ലാമുള്ള ആശയങ്ങളില്‍ പിറകോട്ട് പോകാന്‍ പാടില്ലാത്തതാണ്. ഇതിനായാണ് വനിതകള്‍ ജനുവരി ഒന്നിന് ദേശീയ പാതയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മതില്‍ തീര്‍ക്കുന്നത്.
വനിതാ മതില്‍ വിജയിപ്പിക്കുവാന്‍ രാഷ്ട്രീയ ഭേദമന്യേ പുരോഗമന ചിന്താഗതിക്കാരായ വനിതകള്‍ രംഗത്തു വന്നതിനെ സി പി ഐ സ്വാഗതം ചെയ്യുന്നു.

വനിതാ മതിലിനെ ജാതീയതയും വര്‍ഗീയതയും ഇളക്കിവിട്ട് തകര്‍ക്കാനുള്ള ശ്രമത്തെ സി പി ഐ അപലപിക്കുന്നു. വനിതാ മതില്‍ ഒരു നവോത്ഥാന മതില്‍ എന്നുകണ്ട് അതുമായി യോജിക്കാന്‍ ന്യൂനപക്ഷ‑ഭൂരിപക്ഷ, ഭേദമന്യേ സ്ത്രീകള്‍ രംഗത്തു വരുമെന്ന് എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിച്ചു.