ആലുവയിൽ ഗിഫ്റ്റ് സിറ്റി വരുന്നു

Web Desk

കൊച്ചി

Posted on August 28, 2020, 7:20 pm

കൊച്ചി ‚ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി രാജ്യാനന്തര വിമാനത്താവളത്തിന് സമീപം ആലുവയിൽ ഗിഫ്റ്റ് സിറ്റി വരുന്നു . ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് ഫിനാന്‍സ് ആന്‍ഡ് ട്രേഡ് (ജിഐഎഫ്ടി) സിറ്റിക്കായി 220 ഹെക്ടർ സ്ഥലം ഏറ്റെടുക്കും. ഇതിനായി സംസ്ഥാന സർക്കാർ 540 കോടി രൂപ അനുവദിച്ചു. 2021 ഫെബ്രുവരിയിൽ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കും.

1600 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. 2030 ഓടെ 18000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വ്യവസായങ്ങൾക്കാണ് മുൻഗണന. എട്ട് മാസം കൊണ്ട് പദ്ധതി രേഖ തയ്യാറാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ അറിയിച്ചു.

ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് നേരിട്ടും മൂന്നര ലക്ഷത്തിന് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് ഫിനാന്‍സ് ആന്‍ഡ് ട്രേഡ് (ജിഐഎഫ്ടി) സിറ്റി, സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ പൊതുമേഖലാ സ്വകാര്യ മേഖലാ സഹകരണത്തിലാണ് (പിപിപി) നടപ്പാക്കുക .സംസ്ഥാനം സ്ഥലമെടുപ്പ് നടത്തണം. ഇതിനുള്ള പണവും പലിശകുറഞ്ഞ ലോണായി കേന്ദ്രം നല്‍കും. ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റാണ് പദ്ധതിയുടെ നിർവഹണ ചുമതല.

Eng­lish summary:gift city in alu­va
You may also like this video