20 September 2024, Friday
KSFE Galaxy Chits Banner 2

ഗിഗ്-പ്ലാറ്റ്ഫോം: തൊഴിൽസുരക്ഷാ നിയമം വേണം

കെ ജി ശിവാനന്ദൻ
August 7, 2024 4:15 am

ലോകത്താകെയും ഇന്ത്യയിലും അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലയാണ് ഗിഗ്-പ്ലാറ്റ്ഫോം സംവിധാനം. കടുത്ത തൊഴിൽചൂഷണ കേന്ദ്രം കൂടിയാണ് ഇവിടം. വിവര സാങ്കേതികവിദ്യയെ ആസ്പദമാക്കി വളരുന്ന തൊഴിൽ മേഖലയെന്ന നിലയിൽ ഈ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെതാണ്. ഈ മേഖലയെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിനും സർക്കാരുകൾ തയ്യാറാകേണ്ടതുണ്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ അന്താരാഷ്ട്ര സമ്മേളനത്തിൽ അവതരിപ്പിച്ച അവലോകന റിപ്പോർട്ടും നിതി ആയോഗിന്റെ 2022ലെ റിപ്പോർട്ടും പഠനവിധേയമാക്കേണ്ടതാവശ്യമാണ്. 

2022ൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ ചേർന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ അന്താരാഷ്ട്ര സമ്മേളനത്തിൽ അവതരിപ്പിച്ച ഗ്ലോബൽ റിസ്ക് റിപ്പോർട്ടിലെ പ്രധാന ഭാഗമാണ്, ‘നയങ്ങളും കച്ചവട തന്ത്രങ്ങളും’. ഇതിലെ പ്രതിപാദ്യ വിഷയങ്ങളിലൊരു ഭാഗം നിർമ്മിതബുദ്ധി ഉപയോഗിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന തൊഴിൽനഷ്ടത്തെ സംബന്ധിച്ചുള്ളതാണ്. നഷ്ടപ്പെട്ട തൊഴിലുകൾ തിരിച്ചുകിട്ടാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് പ്രതിപാദിക്കുന്നു. പുതിയ തൊഴിലുകൾക്കുള്ള സാധ്യത വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന മേഖലകളിലായിരിക്കുമെന്നും സൂചിപ്പിക്കുന്നു. അതിൽ പ്രധാനമായും, വളർന്നുവരാൻ സാധ്യതയുള്ളത് ഡിജിറ്റൽ പ്ലാറ്റ്ഫോം മേഖലയാണ്.
നവതൊഴിൽ മേഖലയെന്ന നിലയിൽ ഗിഗ്-പ്ലാറ്റ്ഫോം ലോകവ്യാപകമായി വളർച്ച പ്രാപിച്ചുവരികയാണ്. കോവിഡ് മഹാമാരിക്കു ശേഷമാണ് വളർച്ചയുടെ വേഗത വർധിച്ചത്. കോർപറേറ്റ് മൂലധന ശക്തികളാണ് പ്രധാനമായും ഈ മേഖലയെ നയിക്കുന്നത്. 2008ലെ ലോക സാമ്പത്തികമാന്ദ്യം കാഠിന്യമേറിയ തോതിൽ ബാധിച്ച അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് ഗിഗ്-പ്ലാറ്റ്ഫോം തൊഴിൽ ശൃംഖല രൂപപ്പെട്ടത്. സാമ്പത്തികമാന്ദ്യം സൃഷ്ടിച്ച തൊഴിലില്ലായ്മയിൽ നിന്നും വിമുക്തി നേടാനുള്ള ഉപാധിയെന്ന നിലയിൽ ഈ തൊഴിൽ സംരംഭത്തെ ആശ്രയിക്കാൻ യുവതീ- യുവാക്കളിൽ ഒരു വിഭാഗം മുന്നോട്ടു വന്നു. വേതനത്തോടൊപ്പം ആനുകൂല്യങ്ങൾ കൂടി നൽകുന്ന പാരമ്പര്യ തൊഴിൽ മേഖലയിൽ നിന്നും വ്യത്യസ്തമായി അതെല്ലാം നിരാകരിക്കുന്ന ഈ മേഖലയിലേക്ക് നിക്ഷേപങ്ങൾ ഒഴുകിയെത്തി. കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതൽ ലാഭം എന്ന മുതലാളിത്ത നിയമങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന സംരംഭമായി ഇത് മാറി. ചങ്ങാത്ത മുതലാളിത്ത സർക്കാരുകൾ ഈ സംരംഭങ്ങൾക്ക് വളരാനുള്ള വഴിയൊരുക്കി. 

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) 2021ൽ പ്രസിദ്ധീകരിച്ച വേൾഡ് എംപ്ലോയ്‌മെന്റ് ആന്റ് സോഷ്യൽ ഔട്ട് ലുക്ക് റിപ്പോർട്ടിന്റെ ഒരു ഭാഗത്ത് പ്രതീക്ഷയർപ്പിച്ചിട്ടുള്ളത്, ഡിജിറ്റൽ ലേബർ പ്ലാറ്റ്ഫോമിലാണ്. ഈ തൊഴിൽ മേഖലയിൽ ഒരു ദശകത്തിനകം അഞ്ചിരട്ടി വർധനവ് ഉണ്ടായി. തൊഴിലെടുക്കുന്നവർ അനുഭവിക്കുന്ന ചൂഷണത്തെക്കുറിച്ചും ഐഎൽഒ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതാത് രാജ്യങ്ങളിലെ സ്ഥിതിവിശേഷങ്ങൾക്കനുസരിച്ച് തൊഴിൽ നിയമങ്ങൾ പാസാക്കി ചൂഷണത്തിന് പരിഹാരം കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലും ഗിഗ്-പ്ലാറ്റ്ഫോം മേഖല ശക്തിപ്പെട്ടു വരികയാണ്. ദ്രുതഗതിയുള്ള വളർച്ചയാണ് ഈ രംഗത്തുള്ളത്. ഗിഗ് സമ്പദ്‌വ്യവസ്ഥ എന്നാണ് നിതി ആയോഗ് ഇതിനെ വിളിക്കുന്നത്. മൂന്നു വിഭാഗം തൊഴിലാളികൾ ഈ രംഗത്ത് ജോലി ചെയ്യുന്നു; സ്വതന്ത്രർ, കരാര്‍, താല്‍ക്കാലികക്കാർ. രാജ്യത്തെ തൊഴിലിന്റെ മൂന്ന് ശതമാനം ഈ മേഖലയിലാണെന്ന് നിതി ആയോഗ് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെ മെക്കൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഗവേഷണങ്ങളും പഠനങ്ങളുമാണ് നിതി ആയോഗിന്റെ മാർഗാവലംബമെന്ന് കാണാൻ കഴിയും.
പ്രത്യേകമായ മുതൽമുടക്കില്ലാതെ ഡിജിറ്റൽ ഇന്റര്‍മീഡിയേഷൻ വഴി ജോലി ലഭിക്കും എന്നതാണ് ഗിഗ് ഇക്കണോമിയുടെ പ്രത്യേകതയായി മെക്കൻസി എടുത്തുകാട്ടുന്നത്. തൊഴിൽ ബന്ധങ്ങളിലെ പാരമ്പര്യ രീതിയെ തകർക്കുന്നതാണ് ഗിഗ് ഇക്കണോമിയെന്നും മെക്കൻസി രേഖ എടുത്തു കാണിക്കുന്നു.
2022ലെ നിതി ആയോഗ് റിപ്പോർട്ട് പ്രകാരം 2020–21 കാലത്ത് ഈ മേഖലയിൽ ജോലി ചെയ്തിരുന്നവരുടെ എണ്ണം 77 ലക്ഷമായിരുന്നു. 2029–30 വർഷമാകുമ്പോൾ 2.3 കോടിയായി ഉയരും. നിലവില്‍ ജോലി ചെയ്യുന്നവരിൽ 47 ശതമാനം ശരാശരി സാങ്കേതിക വിജ്ഞാനമുള്ളവരും 22 ശതമാനം പേർ ഉയർന്ന സാങ്കേതിക വിദ്യ കൈവശമുള്ളവരും 31 ശതമാനം പേർ തീരെ സാങ്കേതിക ജ്ഞാനം കുറഞ്ഞവരുമാണ്. വരുമാനത്തിന്റെ കാര്യത്തിലും അന്തരം പ്രകടമാണ്. 

ഈ മേഖലയിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ പതിയണം. ഐഎൽഒ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഗൗരവത്തോടെ കാണണം. സേവന‑വേതന വ്യവസ്ഥകളൊന്നും പാലിക്കപ്പെടാതെയാണ് ഈ മേഖലയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. തൊഴിൽ സുരക്ഷ, മാന്യമായ വേതനം, ഒത്തുചേരുന്നതിനും സ്വന്തം സേവന‑വേതന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിയമപരവും അല്ലാത്തതുമായ നടപടികൾ കൈക്കൊള്ളുന്നതിനുള്ള സ്വാതന്ത്ര്യം, സാമൂഹിക സുരക്ഷയും പെൻഷനും ഇതെല്ലാമാണ് മേഖലയിലെ തൊഴിലാളികൾക്ക് ഉണ്ടാകേണ്ടതെന്നാണ് ഐഎൽഒ ഓർമ്മിപ്പിക്കുന്നത്.
ഗിഗ്-ഓൺലൈൻ പ്ലാറ്റ്ഫോമിൽ ജോലി ചെയ്യുന്നവർക്ക് ക്ഷേമനിധി വേണമെന്ന ആവശ്യം ഉൾക്കൊള്ളുന്ന ഒരു ബിൽ എഐടിയുസി ദേശീയ വർക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം രാജ്യസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. പാർലമെന്റ് അംഗങ്ങളുടെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുവാൻ ഈ ബില്ലവതരണത്തിലൂടെ സാധിച്ചു. 2020ൽ പാർലമെന്റ് പാസാക്കിയ തൊഴിൽ സംഹിതയെ അടിസ്ഥാനമാക്കി ഒരു ക്ഷേമനിധിക്ക് രൂപം കൊടുക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടിട്ടില്ല. സമവർത്തി പട്ടികയില്‍ ഉൾപ്പെടുന്നുവെന്നതിനാൽ സംസ്ഥാന സർക്കാരുകളും മാതൃകാപരമായി മുന്നോട്ട് വരണം.
രാജ്യത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ നിരവധി നിയമനിർമ്മാണങ്ങൾക്ക് വേദിയാണ് കേരള നിയമസഭ. ഡിജിറ്റിൽ തൊഴിൽ മേഖല ബഹുമുഖമായി മുന്നേറുന്ന നാളുകളില്‍ സാമൂഹ്യ സുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പ് നൽകും വിധത്തിൽ ഒരു നിയമനിർമ്മാണത്തിന് കേരള സർക്കാർ തയ്യാറാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.