കത്തിജ്വലിച്ച് കനയ്യ; ബഗുസരായില്‍ നിന്ന് ഗിരിരാജ് പിന്മാറി

Web Desk
Posted on March 25, 2019, 3:40 pm

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍നിന്ന് മത്സരിക്കുന്നതില്‍നിന്ന് ബിജെപി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പിന്‍മാറി. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറിനെ പൊതുസ്ഥാനാര്‍ഥിയായി ഇടത് പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെഗുസരായില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്.

തന്റെ മുന്‍ മണ്ഡലമായ നവാഡയില്‍തന്നെ സീറ്റ് വേണമെന്നാണ് ഗിരാരജ് സിങ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിലപാടില്‍നിന്ന് മാറ്റമില്ലെന്നാണ് ഗിരിരാജ് സിങ് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ മണ്ഡലം മാറ്റാനുള്ള നീക്കത്തിന് എതിരെ രൂക്ഷമായാണ് ഗിരിരാജ് സിങ് പ്രതികരിച്ചത്. ചര്‍ച്ച നടത്താനെത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് അടക്കമുള്ള നേതാക്കളോട് നവാഡ തന്നെ തനിക്ക് വേണമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇടത് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി ഞായറാഴ്ചയാണ് സിപിഐ കനയ്യ കുമാറിനെ പ്രഖ്യാപിച്ചത്. ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കനയ്യ കുമാറിനെ സ്ഥാനാര്‍ഥിയാക്കി മുന്നോട്ടുപോകാന്‍ സിപിഐ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ വിജയിച്ച സീറ്റ് നിലനിര്‍ത്താര്‍ കനയ്യയുടെ അതേ സമുദായക്കാരനായ ഗിരിരാജ് സിങിനെ രംഗത്തിറക്കാനാണ് ബിജെപി തീരുമാനിച്ചത്. ഭൂമിഹാര്‍ വിഭാഗക്കാരാണ് രണ്ടുപേരും. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് ആര്‍ജെഡി തീരുമാനിച്ചിരിക്കുന്നത്.