അപമര്യാദ കാട്ടിയ പൊലീസുകാരനെ പെണ്‍കുട്ടി അടിച്ചോടിച്ചു

Web Desk
Posted on April 07, 2018, 10:40 pm

ചണ്ഡീഗഡ്: ഓട്ടോറിക്ഷയില്‍ വച്ച് അപമര്യാദയായി പെരുമാറിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ കരാട്ടെ സ്വര്‍ണ മെഡല്‍ ജേതാവായ പെണ്‍കുട്ടി അടിച്ചോടിച്ചു. ഹരിയാനയിലെ റോത്തക്ക് ജില്ലയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
ഷെയര്‍ ഓട്ടോയില്‍ ഒരുമിച്ച് യാത്ര ചെയ്ത പെണ്‍കുട്ടിയോട് പൊലീസുകാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ഇയാളെ മര്‍ദ്ദിച്ചത്. കരാട്ടെ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുന്ന പെണ്‍കുട്ടിയോട് ഓട്ടോയില്‍ നിന്ന് പൊലീസുകാരന്‍ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുകയും ശല്യം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വനിതാ സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ പെണ്‍കുട്ടിയെ പൊലീസുകാര്‍ ചേര്‍ന്ന് അപമാനിച്ചതായും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ വനിതാ പൊലീസുകാര്‍ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം പെണ്‍കുട്ടിയെ ശല്യം ചെയ്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റോത്തക്ക് ഡിഎസ്പി രവീന്ദ്ര പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.