Saturday
19 Oct 2019

കായലിലെ മാലിന്യങ്ങള്‍ വീട്ടിലെത്തിക്കാം; വേറിട്ട രീതിയില്‍ കലാരൂപങ്ങള്‍ സൃഷ്ടിച്ച് യുവതി

By: Web Desk | Wednesday 5 June 2019 5:49 PM IST


ഇവള്‍ അപര്‍ണ്ണ… മദ്യക്കുപ്പികളെ പ്രണയിക്കുന്ന പെണ്‍കുട്ടി. 23 കാരിയായ ഈ പെണ്‍കുട്ടി മദ്യക്കുപ്പികളില്‍ കല നിറച്ചുകൊണ്ടാണ് ആദ്യം ശ്രദ്ധ നേടിയത്. ഇപ്പോഴിതാ അഷ്ടമുടിക്കായല്‍ വൃത്തിയാക്കി തടാകത്തില്‍ നിന്നു കിട്ടിയ അവശിഷ്ടങ്ങള്‍ കൊണ്ട് കലാരൂപങ്ങള്‍ നിര്‍മ്മിച്ചു വീണ്ടും ശ്രദ്ധേയയാവുകയാണ് ഈ കൊച്ചുമിടുക്കി.

കായലിലെ മാലിന്യങ്ങള്‍ ഭംഗിയോടെ നിങ്ങളുടെ വീട്ടിലെത്തിക്കാം എന്ന വാഗ്ദാനത്തോടെ ആരംഭിച്ച ഈ ഉദ്യമം വിജയകരമാക്കാന്‍ അപര്‍ണ്ണയ്ക്കും കൂട്ടുകാര്‍ക്കും സാധിച്ചു. ഒന്നരവര്‍ഷം മുമ്പാണ് അഷ്ടമുടിക്കായലില്‍ വലിച്ചെറിയുന്ന കാലിക്കുപ്പികള്‍ അപര്‍ണ്ണയുടെ ശ്രദ്ധയില്‍പ്പെട്ടത്. കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്ത് സ്വദേശിയായ അപര്‍ണ സ്വയം പഠിച്ചാണ് ഈ കലാരൂപങ്ങളെല്ലാം നിര്‍മ്മിക്കുന്നത്.

രുദ്ര എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ കലാരൂപങ്ങള്‍ വില്പന നടത്തുന്ന അപര്‍ണ തന്‍റെ വീടിനു പിന്നില്‍ വലിച്ചെറിയപ്പെട്ട കുപ്പികളില്‍ നിന്നാണ് ആദ്യം കലാരൂപങ്ങള്‍ നിര്‍മ്മിച്ചത്. ഇവ വില്പനയ്ക്കു വെക്കുന്നതിനായി ‘ക്യുപ്പി’ എന്ന പേരില്‍ അപര്‍ണ ഒരു ഫേസ്ബുക്ക് പേജും ആരംഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 17ന് അപര്‍ണയും സുഹൃത്തുക്കളും ചേര്‍ന്ന് അഷ്ടമുടിക്കായല്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചു. അവിടെ നിന്നു കിട്ടിയ കുപ്പികള്‍ വൃത്തിയാക്കി അത് കലാരൂപം ഉണ്ടാക്കി അപര്‍ണ അത് വിറ്റഴിച്ചു.

ഇതേ ആഗ്രഹവുമായി ഒട്ടേറെപ്പേര്‍ അപര്‍ണയെത്തേടിയെത്തുന്നുണ്ട്. അവരെയൊക്കെ ഒരുമിച്ച് ചേര്‍ത്ത് മുന്നോട്ടു പോകാനാണ് ഇപ്പോള്‍ അപര്‍ണയുടെ പദ്ധതി. പഠിച്ച് ടീച്ചറാവണം എന്നാഗ്രഹിക്കുന്ന ഈ ബിഎഡ് വിദ്യാര്‍ഥിനി ഇനിയും കുപ്പികളില്‍ നിന്ന് കലാരൂപങ്ങളുണ്ടാക്കുമെന്നും അടിവരയിടുന്നു.

Related News