പാകിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

Web Desk
Posted on September 17, 2019, 1:09 pm

ഇസ്ലാമാബാദ്‍: പാകിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലർഖാനയിലെ ബേനസീർ ഭൂട്ടോ മെഡിക്കൽ കോളജിൽ ഡൻറൽ അവസാനവർഷ വിദ്യാർഥിനിയായിരുന്ന നിമ്രിത കുമാരിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മിർപൂരിലെ ഗോട്ക സ്വദേശിയാണ് നിമ്രിത.

കോളജ് ഹോസ്റ്റലിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറി അടച്ചിട്ട നിലയിലായിരുന്നുവെന്ന് ഹോസ്റ്റൽ അധികൃതർ പറയുന്നു. സുഹൃത്തുക്കൾ വിളിച്ചിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് അധികൃതർ വാതിൽ ഇടിച്ചുതുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സർവകലാശാല അധികൃതരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിമ്രിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനി സോഷ്യൽ മീഡിയകളിൽ വൻ കാംപെയ്നാണ് നടക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു.