17 April 2024, Wednesday

Related news

April 13, 2024
April 10, 2024
April 9, 2024
April 6, 2024
March 28, 2024
March 28, 2024
March 24, 2024
March 18, 2024
March 16, 2024
March 11, 2024

മണിപ്പുരിലെ പെണ്‍കുട്ടിയും ഉക്രെയ്‌നിലെ കുട്ടികളും

അബ് ദുൾ ഗഫൂർ
April 8, 2022 7:00 am

രണ്ടു കുട്ടികളുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും അതുവഴി ദേശീയ — സാര്‍വദേശീയ മാധ്യമങ്ങളിലും ശ്രദ്ധേയമായത്. ഒന്ന് ഒരു പത്തുവയസുകാരി തന്റെ ഇളയ അനുജത്തിയെ മടിയിലിരുത്തി സ്കൂള്‍ ക്ലാസിലിരുന്ന് സാകൂതം പഠിക്കുന്ന ചിത്രമാണ്. മറ്റൊന്ന് പുറം നിറയെ സ്വന്തം പേരും കുറേ അക്കങ്ങളുമെഴുതിയ പെണ്‍കുട്ടിയുടെ ചിത്രമാണ്. ആദ്യത്തെ ചിത്രം ഇന്ത്യയില്‍ നിന്നുള്ളതാണ്. രണ്ടാമത്തേത് യുദ്ധം തിളയ്ക്കുന്ന ഉക്രെയ്‌നില്‍ നിന്നുള്ളതും. കുറച്ചുനാള്‍ മുമ്പ് അരുണാചല്‍ പ്രദേശിലെ ഒരു സ്കൂളില്‍ കരയുന്ന കുട്ടിയെ കണ്ണീര്‍ തുടച്ച് ആശ്വസിപ്പിക്കുന്ന സഹപാഠിയുടെ ചിത്രം പ്രശസ്തമാകുകയുണ്ടായി. അവിടെ നാം ആ കുട്ടിയുടെ സഹാനുഭൂതിയും മനുഷ്യസ്നേഹവുമാണ് കൊണ്ടാടിയത്. ഇത്തവണത്തെ ചിത്രം മണിപ്പുരില്‍ നിന്നുള്ളതാണ്. സംസ്ഥാനത്തെ തമെങ്‌ലോങ്ങിൽ നിന്നുള്ള മയ്നിങ് ‌സിൻലിയു പമേയ് എന്ന പെൺകുട്ടിയുടെ ചിത്രമാണ് വൈറലായത്. ഇളയ സഹോദരിയെ മടിയിലിരുത്തി ക്ലാസിൽ പങ്കെടുക്കുന്ന ആ ചിത്രം ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ കൊണ്ടാടപ്പെട്ടു. ആ കുട്ടിയുടെ പഠനോത്സുകതയെ പ്രകീര്‍ത്തിച്ചാണ് ചിത്രം നിരവധി പേര്‍ പങ്കുവച്ചത്. കേന്ദ്ര മന്ത്രിയുള്‍പ്പെടെ ആ പെണ്‍കുട്ടിയെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തവരിലുണ്ട്. മണിപ്പുരില്‍നിന്നുള്ള വൈദ്യുതി, വനം, പരിസ്ഥിതിവകുപ്പ് സഹമന്ത്രി ബിശ്വജിത് സിങ്ങാണ് ചിത്രം പങ്കുവച്ച് കുട്ടിയുടെ പഠനോത്സുകതയെ പ്രകീര്‍ത്തിച്ച കേന്ദ്രമന്ത്രി. ശരിയാണ്, ആ കുട്ടിയുടെ പഠനോത്സുകത പ്രകീര്‍ത്തിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ എന്തുകൊണ്ടാണ് മയ്നിങ് ‌സിൻലിയുമാര്‍ക്ക് ഇത്തരത്തില്‍ ഇളയകുട്ടികളുമായി സ്കൂളുകളിലെത്തേണ്ടിവരുന്നതെന്ന മറുവശം കൂടി ചിന്തനീയമാണ്. മാതാപിതാക്കള്‍ കൂലിപ്പണിക്കുപോകുമ്പോള്‍ വീട്ടില്‍ പരിപാലിക്കുവാന്‍ ആരുമില്ലാത്ത സാഹചര്യത്തിലാണ് മയ്നിങ് ‌സിൻലിയുവിന് ഇളയ കുട്ടിയെയുമെടുത്ത് സ്കൂളിലെത്തേണ്ടിവന്നത്. ഇത്തരം സാഹചര്യത്തില്‍ സ്കൂള്‍ പഠനമുപേക്ഷിക്കുകയെന്ന സാമൂഹ്യ ദുരന്തം ഇവിടെ സംഭവിച്ചില്ലെന്നതില്‍ നമുക്ക് ആശ്വസിക്കാം. പക്ഷേ കണക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ രക്ഷിതാക്കള്‍ ജോലിക്കുപോകുമ്പോള്‍ കുട്ടികളെ പരിപാലിക്കാന്‍ ആളില്ലാതെയും ഒന്നിലധികം മക്കളുള്ളപ്പോള്‍ പഠിപ്പിക്കുവാന്‍ പണമില്ലാതെയും വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവരുന്ന കുട്ടികളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കേയാണ് മയ്നിങ് ‌സിൻലി അതിന് അപവാദമായി പഠിക്കുന്നത്. യൂണിസെഫ് മാര്‍ച്ചില്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ സര്‍വേ അനുസരിച്ച് നൂറില്‍ 38 ശതമാനം പെണ്‍കുട്ടികള്‍ രാജ്യത്തെ ദരിദ്ര സംസ്ഥാനങ്ങളില്‍ പാതിവഴിയില്‍ പഠനമുപേക്ഷിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോവിഡ് മഹാമാരി പിടിമുറുക്കിയതിനെ തുടര്‍ന്ന് ഇത്തരം കുട്ടികളുടെ എണ്ണം വര്‍ധിച്ചുവെന്ന മറ്റൊരു പഠനം കൂടിയുണ്ട്. ദേശീയ വിദ്യാഭ്യാസ അവകാശ ഫോറത്തിന്റെ നിഗമനമനുസരിച്ച് കോവിഡ് മഹാമാരി കാരണം ഒരു കോടി പെണ്‍കുട്ടികളെങ്കിലും പഠനമുപേക്ഷിച്ചവരോ ഉപേക്ഷിക്കാനിരിക്കുന്നവരോ ആണ്.


ഇതുകൂടി വായിക്കാം; മതങ്ങൾ മലിനമാക്കുന്ന കലാരംഗം


പഠനമുപേക്ഷിക്കുന്നതിന് പ്രധാന കാരണം പട്ടിണിയും സാമ്പത്തിക പ്രയാസങ്ങളുമാണ്. ഇളയകുട്ടികളെ പരിപാലിക്കാനാവാത്തതിനാല്‍ പഠനമുപേക്ഷിക്കേണ്ടിവരുന്നവരുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ലെങ്കിലും വലുത് തന്നെയാണ്. അവിടെയാണ് ഇത്തരം കുട്ടികളെ പരിപാലിക്കുന്നതിനുള്ള പ്രീസ്കൂളുകളും പ്ലേ സ്കൂളുകളും സ്ഥാപിക്കേണ്ടത് അനിവാര്യമാകുന്നത്. അതിനുള്ള വിവിധ പദ്ധതികള്‍ വനിതാ — സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴില്‍ കേന്ദ്രം പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പിലാകുന്നില്ലെന്നാണ് മണിപ്പുരിലെ കുട്ടി ഇളയവളുമായി സ്കൂളിലെത്തേണ്ടി വന്നതിനെ താരതമ്യം ചെയ്യുമ്പോള്‍ മനസിലാക്കേണ്ടത്. അതുകൊണ്ട് മണിപ്പുരിലെ മയ്നിങ് ‌സിൻലിയെ പ്രകീര്‍ത്തിച്ച കേന്ദ്രമന്ത്രി ഇതിന്റെ മറുവശം കൂടി പരിശോധിക്കുകയും സംസ്ഥാനങ്ങള്‍ക്ക് മതിയായ ധനസഹായം നല്കി അങ്കണവാടികളും മറ്റും സ്ഥാപിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും വേണമെന്ന പാഠം കൂടി ഭരണാധികാരികള്‍ക്കും പൊതുസമൂഹത്തിനും ആ പെണ്‍കുട്ടി നല്കുന്നുണ്ട്. അടുത്ത ചിത്രം ഉക്രെയ്‌നില്‍ നിന്നുള്ളതാണ്. എല്ലാ യുദ്ധഭൂമികളില്‍ നിന്നും കരളലിയിപ്പിക്കുന്ന ഇത്തരം ചിത്രങ്ങളുണ്ടായിട്ടുണ്ട്. കിം ഫുക്ക് എന്ന വിയറ്റ്നാമീസ് പെണ്‍കുട്ടിയും അയ്‌ലന്‍ കുര്‍ദിയെന്ന കുര്‍ദിഷ് പൈതലും നമ്മുടെ കരളിനെ ഇപ്പോഴും കൊത്തിവലിക്കുന്നുണ്ട്. അതിന്റെ കൂടെ വയ്ക്കാവുന്നതാണ് ഉക്രെയ്‌നില്‍ നിന്നെത്തിയ ചിത്രം. ശരീരത്തിന്റെ പുറംഭാഗത്ത് പേരും വിശദാംശങ്ങളും രേഖപ്പെടുത്തിയ കുട്ടിയുടെ ചിത്രമായിരുന്നു അത്. വീര എന്ന് പേരുള്ള പെണ്‍കട്ടിയുടെ ചിത്രത്തില്‍ പുറകുഭാഗത്ത് പേരിനൊപ്പം ജനിച്ച തീയതി, ചില അക്കങ്ങള്‍ എന്നിവയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അവള്‍ ആരുടെയെങ്കിലും കൈകളിലെത്തട്ടെ എന്ന് വീരയുടെ അമ്മ സമൂഹമാധ്യമത്തി­ല്‍ കുറിച്ചിട്ടുണ്ട്. അതിനോട് പ്രതികരിച്ച പല ഉക്രെയ്‌നികളും മക്കളെ എങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നതെന്ന അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഒരമ്മ ആദ്യം കുറേ നാള്‍ മകളുടെ ശരീരത്തില്‍ എഴുതിവച്ച് സംരക്ഷിച്ചു, ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് സുരക്ഷിതമായി കഴിയുന്നെന്നാണ് കുറിച്ചത്.


ഇതുകൂടി വായിക്കാം; റഷ്യ‑ഉക്രെയ്‌ന്‍; അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല


ഉക്രെയ്‌നിന്റെ പല ഭാഗങ്ങളിലും ഇതുപോലെ നിരവധി കുട്ടികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തിന്റെ ഏതു നിമിഷത്തിലും മരിച്ചുപോയേക്കാവുന്ന രക്ഷിതാക്കള്‍ മക്കളുടെ ഭാവി ആരുടെയെങ്കിലും കയ്യില്‍ സുരക്ഷിതമാകട്ടെ എന്നു കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. കൈവിട്ടുപോകുന്ന കുട്ടികള്‍ യുദ്ധതീവ്രതയ്ക്കിടെ മരിച്ചുപോയാല്‍ മൃതദേഹമെങ്കിലും തിരികെ കിട്ടണമെന്ന ആഗ്രഹത്താലും ചില രക്ഷിതാക്കള്‍ ഈ രീതി അവലംബിക്കുന്നുണ്ട്. ഒരുമാസത്തിലധികമായി തുടരുന്ന യുദ്ധത്തിന്റെ വിനാശത്തിനിടെ ഇത്തരം ദുരിതവര്‍ത്തമാനങ്ങളും വായിക്കേണ്ടിവരുന്നു. മരിച്ചാലും മക്കള്‍ അനാഥരാകരുതെന്ന, കൈവിട്ടുപോയി മരിച്ചാലും മൃതദേഹമെങ്കിലും തിരിച്ചുകിട്ടണമെന്ന അഭിലാഷവുമായി ജീവിക്കുന്നൊരു ജനത. കണക്കുകളില്‍ മരിച്ച കുട്ടികളുടെ എണ്ണം ഉക്രെയ്‌നിലും വളരെ കൂടുതലാണ്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 165 കുട്ടികള്‍ മരിച്ചുപോയി. അടുത്ത ദിവസം കൂട്ടക്കുഴിമാടം കണ്ടെത്തിയ കീവിലെ കണക്ക് ഇതില്‍ ഉള്‍പ്പെടുന്നില്ല. റഷ്യ ഒഴിഞ്ഞുപോയെന്നും ഉക്രെയ്‌ന്‍ തിരിച്ചുപിടിച്ചുവെന്നും പറയപ്പെടുന്ന പ്രധാന ഉക്രെയ്‌ന്‍ നഗരമായ കീവില്‍ നാനൂറിലേറെപ്പേരെ കൂട്ടത്തോടെ സംസ്കരിച്ച കുഴിമാടവും കണ്ടെത്തിയിട്ടുണ്ട്. ഇതിലെത്ര കുട്ടികളുണ്ടാവുമെന്നാര്‍ക്കറിയാം. സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം 245 ആണ്. ആകെ പരിക്കേറ്റവരുടെ എണ്ണം നാനൂറിലധികമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് ഉക്രെയ്ന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കാണ്. അതേസമയം തുറമുഖ നഗരമായ മരിയുപോളില്‍ മാത്രം 5000പേര്‍ മരിച്ചുവെന്നും അതില്‍ 210 കുട്ടികളും ഉള്‍പ്പെടുമെന്നാണ് നഗര മേയര്‍ വാദം ബോയ്‌ചെങ്കോ പറഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ ചൊവ്വാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 1480 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 3,675 പേര്‍ക്ക് പരിക്കേറ്റു. ഈയൊരു പശ്ചാത്തലത്തിലാണ് ഉക്രെയ്‌നില്‍ ശരീരത്തില്‍ മേല്‍വിലാസം അടയാളപ്പെടുത്തിയ കുട്ടികളുടെ ഹൃദയഭേദകമാകുന്ന ചിത്രങ്ങള്‍ പുറത്തുവരുന്നത്. മണിപ്പുരിലെ മയ്നിങ് ‌സിൻലിയും ഉക്രെയ്‌നിലെ വീരയും രണ്ട് പ്രതീകങ്ങളാണ്. പക്ഷേ രണ്ടുപേര്‍ക്കും സമാനതകളുമുണ്ട്. ദുരിതവും പ്രതീക്ഷയുമാണ് ഇരുവരിലൂടെയും അടയാളപ്പെടുന്നത്. ജീവിതത്തിന്റെ ദുരിതത്തിനിടയിലും യുദ്ധത്തിന്റെ ഭീകരതയ്ക്കിടയിലും മനസ് തൊടുന്ന രണ്ടു ചിത്രങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.