ലൈം ഗിക ചൂഷണത്തിനിരയായ 16 വയസ്സുകാരിയെ പോലീസ് സ്‌റ്റേഷനില്‍ അപമാനിച്ചു

Web Desk
Posted on July 25, 2019, 5:53 pm

കാണ്‍പുര്‍: ലൈം ഗിക ചൂഷണത്തിനിരയായ 16 വയസ്സുകാരിയെ പോലീസ് സ്‌റ്റേഷനില്‍ അപമാനിച്ചതായി പരാതി. പ്രശ്‌നത്തില്‍ പ്രിയങ്കാ ഗാന്ധി അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

പരാതി നല്‍കാനായി കാണ്‍പൂരിലെ പോലീസ് സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ അപമാനിച്ച് പോലീസുകാരന്‍ സംസാരിക്കുന്ന വീഡിയോ വൈറലായതോടെയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇതാണ് പരാതി നല്‍കാനെത്തിയ ഒരു പെണ്‍കുട്ടിയോട് പോലീസിന്റെ പെരുമാറ്റ രീതി. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല. ഇതാണ് നിയമം സംരക്ഷിക്കേണ്ടവരുടെ പെരുമാറ്റമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കാന്‍ വിസമ്മതിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ താര്‍ ബാബു പെണ്‍കുട്ടിയോട് മോശമായരീതിയില്‍ സംസാരിക്കുകയായിരുന്നു. എന്തിനാണ് ഇത്രയധികം ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നതെന്നും എന്താണ് ഇതിന്റെ ഉപയോഗമെന്നും പോലീസുകാരന്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. ഇതെല്ലാം നീ ശരിക്കും എന്താണെന്നാണ് കാണിക്കുന്നതെന്നും പോലീസുകാരന്‍ പറയുന്നുണ്ട്.

ഇതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടപെട്ടെങ്കിലും അവരെയും പോലീസുകാരന്‍ കുറ്റപ്പെടുത്തി. പോലീസുകാരന്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണ് ഈ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.