തോക്കുചൂണ്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ യോഗിയുടെ പൊലീസ് വെറുതേവിട്ടു

Web Desk
Posted on September 12, 2019, 2:45 pm

ബാന്ദ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ ആളെ പൊലീസ് കുറ്റം ചുമത്തതാതെ വെറുതേവിട്ടു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം.

16 വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ തോക്കുചൂണ്ടി പീഡിപ്പിച്ച പ്രതിയെ കൈയോടെ പിടികൂടി പോലിസിലേല്‍പ്പിച്ചിട്ടും വിട്ടയച്ചെന്നും കേസൊതുക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനു ബുവാ സിങ് എന്നയാളാണ് പെണ്‍കുട്ടിയുടെ വീട്ടില്‍കയറി തോക്കുചൂണ്ടി ലൈംഗികാതിക്രമം കാട്ടിയത്. ബാന്ദ ജില്ലയിലെ ബിസാന്ദ ഏരിയയിലെ വീട്ടിലെത്തിയ ബുവാ സിങ് നാടന്‍ തോക്ക് ചൂണ്ടിയായിരുന്നു അതിക്രമം കാട്ടിയതെന്നാണ് പരാതിയിലുള്ളതെന്ന് സര്‍ക്കിള്‍ ഓഫിസര്‍ കുല്‍ദീപ് സിങ് പറഞ്ഞു.

ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയാണെന്നാണ് പൊലിസിന്റെ വാദം.