ഐസ്ക്രീം കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്: കൊലപാതകി പിടിയിൽ

Web Desk

വെളളരിക്കുണ്ട്

Posted on August 13, 2020, 4:01 pm

കാസർകോട് ബളാൽ അരിങ്കല്ലിൽ ആൻ മേരി എന്ന പതിനാറുകാരി വിഷം ഉള്ളിൽ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ആൽബിൻ ബെന്നി (22)യെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നി ബെസി ദമ്പതികളുടെ മകൾ ആൻ മേരി (16) മരിച്ചത്. ആൻ മേരിയുടെ പിതാവ് ബെന്നിയും ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിലാണ്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ആൻ മേരി മരിച്ചതെന്നാണ് ആദ്യം വാർത്ത പരന്നത്. എന്നാൽ കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ (48)ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോടെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ നടത്തിയ വിദഗ്‌ധ പരിശോധനയിൽ ബെന്നിയുടെ കരൾ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ആൻ മേരിയുടെ മരണ ശേഷം ആരോഗ്യ വകുപ്പ് അധികൃതർ കുട്ടിക്ക് കോവിഡ് പോസറ്റീവ് ഉണ്ടോ എന്ന് സംശയിച്ചിരുന്നു. ഇതേ തുടർന്ന് മാതാപിതാക്കളുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ഐസ്ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആൽബിൻ പറഞ്ഞിരുന്നു. തുടർന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ ആൽബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. ആൻ മേരി മരിക്കുന്നതിന് നാലുദിവസം മുമ്പ് ബെ­ന്നിയുടെ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയതായി പറയുന്നു.

ഐസ്ക്രീം ഉണ്ടാക്കിയ അന്ന് തന്നെ ആൻ മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ബാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത് ബെസിയും ആൽബിനും രണ്ടു ദിവസം കഴിഞ്ഞാണ് കഴിച്ചത് എന്നും പൊലീസിന്റെ ആദ്യ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആദ്യ ദിവസം ഐസ്ക്രീം കഴിച്ചപ്പോൾ തന്നെ ആൻമേരിക്ക് ഛർദ്ദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നുവെന്നാണ് ആദ്യം പൊലീസിന് കിട്ടിയ വിവരം. പനി ബാധിച്ചതോടെ നടത്തിയ രക്ത പരിശോധനയിൽ ആൻ മേരിക്ക് കരളിന് എന്തോ കുഴപ്പം ഉണ്ടെന്നും മഞ്ഞപ്പിത്ത രോഗത്തിന്റെ ലക്ഷണമാകാം ഇതെന്നും ഡോക്ടർ പറഞ്ഞിരുന്നു. കൂടുതൽ അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ചെറുപുഴയിലെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നുവെങ്കിലും ഇവിടെ വച്ച് ആൻ മേരി മരിച്ചു. പിതാവ് ബെന്നി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദൻ, എസ് ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അരിങ്കല്ലിലെ ബെന്നിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ആൻമേരി കഴിച്ചതായി പറയപ്പെടുന്ന ഐസ്ക്രീമും ഇത് ഉണ്ടാക്കാൻ ഉപയോഗിച്ച സാധന സാമഗ്രികളും വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടയിൽ ബെന്നിയുടെയും മരിച്ച ആൻ മേരിയുടെയും രക്ത സാമ്പിളുകളിൽ എലിവിഷത്തിന്റെ അംശവും കണ്ടെത്തിയതോടെയാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്തിയത്. ഐസ്ക്രീമിൽ എങ്ങനെ എലി വിഷത്തിന്റെ അംശം വന്നു എന്നസംശയം മുൻനിർത്തി വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദൻ നടത്തിയ അന്വേഷണത്തിലാണ് മലയോരത്തെ ഞെട്ടിപ്പിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണം എന്ന് വ്യക്തമായതോടെ കൂടുതൽ അന്വേഷണങ്ങൾക്കായി ചെറുപുഴ പൊലീസ് വെള്ളരിക്കുണ്ട് പൊലീസിന് കേസ് കൈമാറുകയായിരുന്നു. ഈ യുവാവ് ഒരു ദളിത് യുവതിയുമായി അടുപ്പത്തിലാണ്. ഇത് സഹോദരി ആൻ മേരിക്ക് അറിയാമായിരുന്നു. കൂടാതെ ആൻ മേരിയോടും ആൽബിൻ മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം മാതാപിതാക്കളോട് പറയുമെന്ന സംശയം മൂലം ഐസ്ക്രീമിൽ വിഷം കലർത്തിയെന്നാണ് സംശയിക്കുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എം പി വിനോദ് കുമാർ, വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ പ്രോംസദനൻ, എസ് ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

you may also like this video