November 26, 2022 Saturday

ഗീതാഞ്ജലി റാവു ; ടൈം മാഗസിനിന്റെ ഈ വര്‍ഷത്തെ കുട്ടി

ഡോ. എം ആർ സുദർശനകുമാർ
December 8, 2020 4:39 pm

ടൈം മാഗസിനിലെ മുഖചിത്രമായി തിര‍ഞ്ഞെടുത്ത ആദ്യത്തെ “ഈ വര്‍ഷത്തെ കുട്ടി“യായി ഗീതാഞ്ജലി റാവു. പതിനഞ്ചാം വയസിലാണ് ഈ നേട്ടം കൈവരിച്ചത്. നിര്‍ദ്ദേശിക്കപ്പെട്ട അയ്യായിരം പേരില്‍ നിന്നാണ് ഗീതാഞ്ജലിയെ തിരഞ്ഞെടുത്തത്. കുഞ്ഞുപ്രായത്തില്‍ തന്നെ ഗീതാഞ്ജലി ഒരുപാട് നേട്ടങ്ങളുടെ ഉടമയായി.

അമേരിക്കയിലെ യുവശാസ്ത്രജ്ഞ പുരസ്കാരത്തിന് കഴിഞ്ഞ വര്‍ഷം അര്‍ഹയായത് ഗീതാഞ്ജലിയാണ്. ഫോര്‍ബ്സ് മാഗസിന്റെ “30 ല്‍ താഴെ പ്രായമുള്ള 30” പേരില്‍ ഒരാളും ഗീതാഞ്ജലിയായിരുന്നു. ആറ് കണ്ടുപിടിത്തങ്ങളുടെ ഉപജ്ഞാതാവാണ് ഗീതാഞ്ജലി റാവു.

ഭാരതിയും രാമറാവുവുമാണ് ഗീതാഞ്ജലിയുടെ മാതാപിതാക്കള്‍. പത്താമത്തെ വയസില്‍ കാര്‍ബണ്‍ നാനോട്യൂബുകള്‍ ഉപയോഗിച്ച് ഡെന്‍വര്‍ വാട്ടര്‍ ക്വാളിറ്റി റിസേര്‍ച്ചില്‍ ഗീതാഞ്ജലി ഗവേഷണം നടത്തി. പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ ശാസ്ത്രവും സാങ്കേതികവിദ്യയും സാമൂഹ്യ മാറ്റത്തിനുപയോഗിക്കണമെന്ന് ഗീതാഞ്ജലി ചിന്തിച്ചിരുന്നു.

ഗീതാഞ്ജലി സ്കൂളില്‍ സെവന്‍ത് ഗ്രേഡില്‍ പഠിക്കുമ്പോഴാണ് മിഷിഗണിലെ ഫ്ലിന്റിലുളള താമസക്കാര്‍ക്ക് കുടിവെള്ളത്തില്‍ ലെഡിന്റെ അംശം അപകടകരമാം വിധം അടങ്ങിയിട്ടുണ്ടെന്ന് മനസിലായത്. ഗീതാഞ്ജലിക്ക് കാര്‍ബണ്‍ നാനോ ട്യൂബുകള്‍ കൊണ്ട് നിര്‍മ്മിച്ച ഉപകരണം ഉപയോഗിച്ച് കുടിവെള്ളത്തിലെ ലെഡിന്റെ അംശം നിര്‍ണയിക്കാന്‍ സാധിച്ചു. മാത്രവുമല്ല ലെഡിന്റെ അളവനുസരിച്ച് കുടിവെള്ളം “സുരക്ഷിതം”, “ചെറിയ അളവില്‍ അടങ്ങിയത്” “അപകടകരം” എന്ന സന്ദേശവും ആപ്പ് വഴി സ്മാര്‍ട്ട് ഫോണിലെത്തും. ഈ കണ്ടുപിടിത്തത്തിന് 2017 ലെ യുവശാസ്ത്രപുരസ്കാരത്തിന് ഗീതാഞ്ജലി റാവു അര്‍ഹയായി.

സൈബര്‍ ലോകത്തെ അധിക്ഷേപങ്ങളെ കൃത്രമബുദ്ധി ഉപയോഗിച്ച് കണ്ടെത്താന്‍ സഹായകരരായ “കൈന്‍ഡ്‌ലി” എന്ന ആപ്പും ഗീതാഞ്ജലി റാവു വികസിപ്പിച്ചെടുത്തു. ഏതെങ്കിലുമൊരു വാക്ക് ടൈപ്പ് ചെയ്താല്‍ അത് അധിക്ഷേപകരമായ വാക്കാണോയെന്നത് ഈ ആപ്പ് കണ്ടെത്തും. വേണമെങ്കില്‍ അതിനുശേഷം അത് പരിഷ്കരിക്കാനുമാകും. ഈ കണ്ടുപിടിത്തം സാമൂഹ്യമാധ്യമങ്ങളില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സഹായകരമാണ്. പ്രസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ ആസക്തി തിരിച്ചറിയുന്ന കണ്ടുപിടിത്തവും ഗീതാഞ്ജലിയുടേതാണ്.

ശാസ്ത്രം സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയുപയോഗിച്ച് സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന ഉറച്ച വിശ്വാസം ഗീതാഞ്ജലിക്കുണ്ട്.

Eng­lish Sum­ma­ry: Gitan­jali Rao; This year’s child of Time Magazine

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.