ദുരിത ബാധിതര്‍ക്കായി 30 സെന്റ് സ്ഥലം വിട്ടു നല്‍കി ജോസഫ്

Web Desk
Posted on September 03, 2018, 8:34 pm
ദുരിത ബാധിതര്‍ക്കായി മുപ്പത് സെന്റ് ഭൂമി നല്‍കിയ ടി സി ജോസഫ് രേഖകള്‍ മന്ത്രി ടി പി രാമകൃഷണന് കൈമാറുന്നു 
കോഴിക്കോട്: കോഴിക്കോടിന്റെ മാതൃകാപരമായ സഹായസന്നദ്ധത ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ് മലാപ്പറമ്പ് സ്വദേശി ടി സി ജോസഫിലൂടെ. കട്ടിപ്പാറയില്‍ തന്റെ കൈവശമുള്ള സ്വത്തില്‍ നിന്നും 30 സെന്റ് സ്ഥലമാണ് ദുരിതബാധിതര്‍ക്കായി ജോസഫ് പാലകുന്നേല്‍ വിട്ടു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 54 വര്‍ഷമായി പൊതുമരാമത്ത് കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. നളന്ദ ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തില്‍ ജോസഫ് സ്ഥലത്തിന്റെ രേഖകള്‍ മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി. കട്ടിപ്പാറയില്‍ ജോസഫിനും കുടുംബത്തിനുമുള്ള 3.45 ഏക്കര്‍ സ്ഥലത്ത് നിന്നാണ് ദുരിതബാധിതര്‍ക്കായി ഭൂമി വിട്ടു നല്‍കിയത്. അത്യാവശ്യമായി വന്നാല്‍ കൂടുതല്‍ സ്ഥലം വിട്ടു നല്‍കുമെന്ന് ജോസഫിന്റെ മക്കള്‍ പറഞ്ഞു. ഭൂരേഖ കൈമാറുന്ന ചടങ്ങില്‍ ജോസഫിന്റെ മക്കളായ അനൂപ്, ആദര്‍ശ്, അഭിലാഷ് എന്നിവരും സംബന്ധിച്ചു. കോഴിക്കോട് മലാപ്പറമ്പ് താമസിക്കുന്ന ടി സി ജോസഫ് പാലക്കുന്നേല്‍ ഗവ. കരാറുകാരനും തോട്ടമുടമയും സാമൂഹിക പ്രവര്‍ത്തകനുമാണ്.