Monday
18 Feb 2019

ജനങ്ങള്‍ നല്‍കിയതില്‍ ഒരു വിഹിതം തിരിച്ചു നല്‍കുക

By: Web Desk | Wednesday 12 September 2018 10:29 PM IST

 എസ് വിജയകുമാരന്‍ നായര്‍

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് കേരളം ഇരയായത്. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രളയദുരന്തമായി അത് മാറി. അപ്രതീക്ഷിതമായുണ്ടായ പ്രളയജലത്തിന്റെ കുത്തൊഴുക്കിലും മാലപ്പടക്കം പോലെ പൊട്ടിയ ഉരുള്‍പ്പൊട്ടലിലും തകര്‍ന്നു പോയ ജീവിതങ്ങള്‍ ആയിരക്കണക്കിനാണ്. ഒരായുസ്സുമുഴുവന്‍ അദ്ധ്വാനിച്ചു സ്വരുക്കൂട്ടിയതെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയത് നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. വീടും കൃഷിയും കന്നുകാലികളും സമ്പാദ്യങ്ങളും പഠനോപകരണങ്ങളും സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും റേഷന്‍ കാര്‍ഡും സ്വന്തം കിടപ്പാടത്തിന്റെ ആധാരവും ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകളുമൊക്കെ നഷ്ടപ്പെട്ടവര്‍ പതിനായിരങ്ങളാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ, ഭക്ഷണവും കുടിവെള്ളവുമില്ലാതെ, ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയത് ലക്ഷക്കണക്കിനാളുകളാണ്. മെയ് മാസത്തില്‍ തുടങ്ങിയ മഴയ്ക്കു ശേഷം പ്രളയത്തിലുള്‍പ്പെടെ 483 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 14 പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഏകദേശം 391404 കുടുംബങ്ങളിലെ 14,50,707 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. ഇവരെല്ലാം തൊഴിലും ജീവനോപാധിയും നഷ്ടപ്പെട്ട് യാതൊരു വരുമാനവുമില്ലാതായവരാണ്. സര്‍ക്കാരാഫീസുകളും പ്രളയത്തില്‍ മുങ്ങി. വിലപ്പെട്ട രേഖകളും കെട്ടിടം തന്നെയും നശിച്ചുപോയ സാഹചര്യമുണ്ട്. നിരവധി ജീവനക്കാരുടെ വീടുകളും വസ്തുവകകളും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടുപോയി.

ഒരു സര്‍ക്കാരും ജനതയാകെയും ഒരുമിച്ചു നിന്ന് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്തിയ ചരിത്രം ലോകത്ത് ഒരു പക്ഷേ ഇതാദ്യമായിരിക്കും. അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ ഒറ്റപ്പെട്ടവരെയും രോഗികളെയും ഗര്‍ഭിണികളെയും നവജാതശിശുക്കളുള്‍പ്പെടെയുള്ള കുട്ടികളെയും രക്ഷപ്പെടുത്തുക എന്നത് ശ്രമകരമായിരുന്നു. ഒരു പക്ഷേ വെള്ളത്തില്‍ മുങ്ങി എല്ലാവരും മരിക്കും എന്ന ചിന്തപോലും പല ഭാഗത്തുമുണ്ടായി. എന്നാല്‍ പ്രളയത്തിന്റെ കാരണങ്ങളന്വേഷിക്കലല്ല, പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കലാണ് നമ്മുടെ കടമയെന്ന സന്ദേശം സമൂഹത്തിനാകെ നല്‍കിക്കൊണ്ട്, നിശ്ചയദാര്‍ഢ്യത്തോടെ നമ്മുടെ മുഖ്യമന്ത്രി നല്‍കിയ നേതൃത്വം മുങ്ങിച്ചാവാന്‍ പോകുന്ന മലയാളിക്ക് ഏറ്റവും വലിയ ആശ്വാസമായിരുന്നു. ഒറ്റപ്പെട്ടുപോയവര്‍ ഇതൊന്നും അറിഞ്ഞില്ല. പക്ഷേ ഇത്രയേറെ ഭയാനകമായ പ്രളയം വന്നിട്ടും ഏതാണ്ട് 100 ശതമാനം പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ അത് ഇച്ഛാശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മാത്രം വിജയമാണ്.

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ, രാഷ്ട്രീയ ഭേദമില്ലാതെ, ജാതി-മത വിവേചനമില്ലാതെ കേരള ജനത ഒറ്റക്കെട്ടായാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും ജില്ലാ ഭരണകൂടവും ഒരേമനസ്സോടെയാണ് പ്രവര്‍ത്തിച്ചത്. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ റവന്യു വകുപ്പ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. കൃഷി വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നഷ്ടങ്ങളുടെ കണക്കെടുപ്പിലും ആശ്വാസമെത്തിക്കുന്നതിലും മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്നു. ഏറ്റവുമൊടുവില്‍ എലിപ്പനി ഉള്‍പ്പെടെ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നത്.
ദുരന്തത്തിനിരയായവരെയെല്ലാം സഹായിക്കേണ്ട ഉത്തരവാദിത്വമാണ് ദുരിതബാധിതരല്ലാത്ത മുഴുവന്‍ മലയാളികള്‍ക്കുമുള്ളത്. വീടും വസ്തുവകകളുടെ നഷ്ടവും മാത്രം ഏകദേശം 30,000 കോടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. തൊഴില്‍ നഷ്ടവും കൃഷിനാശവും ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളിലുണ്ടായ നഷ്ടവും കൂടിയാകുമ്പോള്‍ ഇതിലുമെത്രയോ വലിയ തുകവരും. അതോടൊപ്പമാണ് റോഡുകളും പാലങ്ങളും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും പുനര്‍ നിര്‍മ്മിക്കേണ്ടതിനാവശ്യമായി വരുന്ന കോടികള്‍.
രക്ഷാപ്രവര്‍ത്തനങ്ങളിലും ശുചീകരണത്തിലും ആശ്വാസമെത്തിക്കുന്നതിലും കാണിച്ച അതേ ഒത്തൊരുമയും ഹൃദയ വിശാലതയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുന്ന കാര്യത്തിലും കാണാന്‍ കഴിഞ്ഞു. 10 ദിവസം കൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് ആയിരം കോടിയിലധികം രൂപ സംഭാവനയെത്തുന്ന അത്യപൂര്‍വ്വ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമെല്ലാം പ്രളയ മേഖലകള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ആശ്വാസ സഹായം നല്‍കുകയും ചെയ്‌തെങ്കിലും ആവശ്യകതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് വളരെ നിസ്സാരമാണ്. നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നതനുസരിച്ച് കൂടുതല്‍ കേന്ദ്രസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാം. എന്നിരുന്നാലും പ്രളയത്തിന്റെ തീവ്രത നേരിട്ടുമനസ്സിലാക്കിയിട്ടും അടിയന്തര സഹായം നല്‍കുന്നതില്‍ കാട്ടിയ പിശുക്ക് യാതൊരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല. മറ്റുപല സംസ്ഥാനങ്ങള്‍ക്കും നല്‍കിയ സഹായവുമായി തട്ടിക്കുമ്പോള്‍ ഇത് ഇരട്ടത്താപ്പാണെന്നു പറയേണ്ടിവരും.
പുനരധിവാസമെന്നതിനപ്പുറം സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണം തന്നെ അനിവാര്യമായ സാഹചര്യത്തിലാണ് ദുരിതാശ്വാസ നിധി എന്നതിനു പകരം പുനര്‍ നിര്‍മ്മാണ ഫണ്ടിലേയ്ക്ക് സംഭാവനകള്‍ നല്‍കാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. കേരളത്തിലെ തൊഴില്‍ മേഖലകളെല്ലാം സ്തംഭിക്കുകയും ജനങ്ങള്‍ യാതൊരു വരുമാനവുമില്ലാത്തവരായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളവും പിന്നീട് ഉത്സവബത്തയും സംഭാവനയായി അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ നഷ്ടത്തിന്റെ കണക്കും പുനര്‍ നിര്‍മ്മാണത്തിനാവശ്യമായ തുകയും അസാധാരണമായ നിലയില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ലോകത്തുള്ള മുഴുവന്‍ മലയാളികളും ഒരു മാസത്തെ വേതനം നല്‍കി പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാകണമെന്നഭ്യര്‍ത്ഥിച്ചത്. മലയാളികള്‍ ഇതിനെ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്. ഞാന്‍ ഒരു മാസത്തെ ശമ്പളം തരാം എന്ന പ്രഖ്യാപനവുമായി അസംഖ്യം പേര്‍ രംഗത്തെത്തിയത് നമുക്ക് കാണാന്‍ കഴിഞ്ഞു. അതിലും വലിയ തുക നല്‍കിയ നിരവധി ജീവനക്കാരുമുണ്ട്.
ഏറ്റവും സുരക്ഷിത മേഖലയിലുള്ളവര്‍, സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവര്‍, സുനാമി വന്നാലും, ഓഖി വന്നാലും, പ്രളയം വന്നാലും ആനുകൂല്യങ്ങളില്‍ കുറവുവരാത്തവര്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. അങ്ങനെയൊരഭ്യര്‍ത്ഥന വയ്ക്കുമ്പോള്‍ കേരളത്തിലെ ജീവനക്കാരില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. ജീവനക്കാരിലും ദുരന്തത്തില്‍പ്പെട്ടവരുണ്ടെന്നും കുറേയേറെ ജീവനക്കാര്‍ വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വരാണെന്നും അറിയാതെയുമല്ല അദ്ദേഹം അങ്ങനെയൊരഭ്യര്‍ത്ഥന നടത്തിയത്. ഒന്നുമില്ലാത്തവരെക്കാളും, സര്‍വ്വവും നഷ്ടപ്പെട്ടവരെക്കാളും എത്രയോ ഭേദമാണ് ജീവനക്കാരുടെ അവസ്ഥ എന്ന ചിന്ത ഈ സമൂഹത്തിലെ സാധാരണ ജനങ്ങളെപ്പോലെ തന്നെ അദ്ദേഹത്തിനും ഉണ്ടായിരിക്കും. മാത്രമല്ല, അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയ്ക്ക് മുമ്പുതന്നെ ഒരു മാസത്തെ ശമ്പളം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് നിരവധി വ്യക്തികള്‍ രംഗത്തു വന്നതും പ്രചോദനമായിരിക്കാം. ഒരിക്കലും അവസാനിക്കാത്ത ഇല്ലായ്മകളുടെ ഭാണ്ഡക്കെട്ടഴിച്ചു കൊണ്ട് പുറംതിരിഞ്ഞു നില്‍ക്കില്ല എന്ന് കരുതിയിട്ടുമുണ്ടാകും. എല്ലാക്കാലത്തും തൊഴിലെടുക്കുന്ന എല്ലാവര്‍ക്കുമെന്നപോലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് മുന്നില്‍ നില്‍ക്കുകയും ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ അതിനെതിരെ എന്നും കൂടെ നില്‍ക്കുകയും ചെയ്ത ഒരു മുന്നണിയുടെ നേതാവെന്ന നിലയില്‍ കൂടുതല്‍ ആത്മവിശ്വസത്തോടെയായിരിക്കും അദ്ദേഹമങ്ങനെ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തുന്നതിനും പത്തുദിവസം മുമ്പാണ് മുഖ്യമന്ത്രിക്കു വേണ്ടി ചീഫ് സെക്രട്ടറി സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ചത്. ഉത്സവബത്ത ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കണമെന്ന അഭ്യര്‍ത്ഥന ബഹു ഭൂരിപക്ഷം സര്‍വ്വീസ് സംഘടനകളും അംഗീകരിച്ചു. ഈ യോഗത്തില്‍ തന്നെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കണമെന്ന അഭിപ്രായം ജോയിന്റ് കൗണ്‍സില്‍ മുന്നോട്ടുവയ്ക്കുകയും ജനറല്‍ സെക്രട്ടറിയുടെ ഒരു മാസത്തെ ശമ്പളം വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നതാണ്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഭൂരിപക്ഷം ജീവനക്കാരും സ്വീകരിക്കുന്നതായാണ് ആദ്യഘട്ട പ്രതികരണങ്ങളില്‍ നിന്നും മനസ്സിലായത്. നിരവധി ജീവനക്കാര്‍ വാഗ്ദാനം മുന്നോട്ട് വയ്ക്കുകയും ഓഫീസുകളില്‍ നിന്നും സമ്മതപത്രം നല്‍കുകയും ചെയ്തു. സെപ്റ്റംബര്‍ 4ന് മുഖ്യമന്ത്രിക്ക് വേണ്ടി ധനകാര്യ മന്ത്രി ഡോ.റ്റി.എം.തോമസ് ഐസക് അദ്ധ്യാപക സര്‍വ്വീസ് സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ജീവനക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം വച്ചു. എന്നാല്‍ ഫെസ്റ്റിവല്‍ അലവന്‍സും രണ്ടു ദിവസത്തെ ശമ്പളവും ആവശ്യപ്പെട്ടപ്പോള്‍ ചില ‘പക്ഷേ’കള്‍ പറഞ്ഞ സര്‍വ്വീസ് സംഘടനകള്‍ ഇത്തവണ നിര്‍ദ്ദേശത്തെ പരോക്ഷമായി തള്ളിക്കളയുകയാണുണ്ടായത്. അതിനവര്‍ നിരത്തിയ ന്യായങ്ങളിലേറെയും ജീവനക്കാരുടെ ഒരിക്കലും അവസാനിക്കാത്ത സാമ്പത്തിക പരാധീനതകളായിരുന്നു !

നിരവധി ജീവനക്കാര്‍ പ്രളയദുരന്തത്തിന്റെ ഇരകളായി വീടും വസ്തുവകകളും നഷ്ടപ്പെട്ടവരാണെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ജോയിന്റ് കൗണ്‍സിലും എന്‍ജിഒ യൂണിയനും എന്‍ജിഒ അസോസിയേഷനും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇക്കാര്യം ധനകാര്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ അവര്‍ക്കു കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെടുകയും ചെയ്തതാണ്. അതുപോലെ തന്നെയാണ് താഴ്ന്ന വരുമാനമുള്ള ജീവനക്കാരുടെ പ്രശ്‌നവും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഉറപ്പു നല്‍കിയപ്പോഴും ‘ഒരു മാസത്തെ ശമ്പളം തരില്ല, തങ്ങള്‍ക്കിഷ്ടമുള്ളതു തരാം’ എന്ന ധാര്‍ഷ്ട്യം കലര്‍ന്ന അഭിപ്രായമാണ് ചില സംഘടനാ ഭാരവാഹികള്‍ രേഖപ്പെടുത്തിയത്.
സമാനതകളില്ലാത്ത ദുരന്തത്തില്‍പ്പെട്ട് ഒരു സംസ്ഥാനവും ജനതയാകെയും സങ്കടക്കടലില്‍ മുങ്ങിത്താഴുമ്പോള്‍ അവരെ കൈപിടിച്ചുയര്‍ത്തുകയും പുനര്‍ നിര്‍മ്മാണത്തില്‍ മുന്നില്‍ നിന്നു നയിക്കുകയും ചെയ്യേണ്ട ജീവനക്കാരുടെ സംഘടനാ ഭാരവാഹികള്‍ കേവലം രാഷ്ട്രീയ വിധേയത്വത്തിന്റെ പേരില്‍ നടത്തിയ ക്രൂരമായ അഭിപ്രായ പ്രകടനമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. എന്നും സമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് സുഖമായി ജീവിക്കുന്നവര്‍, ആ സമൂഹത്തിനൊരാവശ്യം വന്നപ്പോള്‍ തിരിച്ചൊരു മാന്യമായ വിഹിതം നല്‍കാന്‍ തയ്യാറാകുമ്പോള്‍ അതിന് തടസ്സം നില്‍ക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നന്ദികേടാണ്.
തുച്ഛമായ ശമ്പളം വാങ്ങുന്നവര്‍, ലോണുകള്‍ ധാരാളം തിരിച്ചടക്കേണ്ടവര്‍, കുടുംബത്തിന്റെ മൊത്തം ചുമതല ഏറ്റെടുത്തവര്‍, ചികിത്സയ്ക്ക് കൂടുതല്‍ ചെലവഴിക്കുന്നവര്‍, മക്കളെ പഠിപ്പിക്കുന്നവര്‍, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നവര്‍, സ്വന്തമായി വീടില്ലാത്തവര്‍, പി എഫ് ലോണെടുത്ത് തിരിച്ചടച്ചു തീരാത്തവര്‍, അകലേയ്ക്ക് സ്ഥലംമാറ്റപ്പെട്ട് ഭീമമായ യാത്രക്കൂലി നല്‍കുന്നവര്‍, ഹോട്ടല്‍ ഭക്ഷണത്തിന്റെ അമിത വില തുടങ്ങി എന്തെല്ലാം പരിദേവനങ്ങളാണ് നിരത്തുന്നത്. ഇത്തരത്തില്‍ ലോണെടുക്കാനും തിരിച്ചടയ്ക്കാനും കഴിയുമെന്ന ഉറപ്പുള്ള മറ്റേതൊരു വിഭാഗമാണ് ഈ സമൂഹത്തിലുള്ളത്. ജീവനക്കാരുടെ പ്രാരാബ്ധങ്ങളെക്കാളും ഉത്തരവാദിത്വങ്ങളെക്കാളും കുറവാണോ സമൂഹത്തിലെ യാതൊരു നിശ്ചിത വരുമാനവുമില്ലാത്ത മറ്റുള്ളവര്‍ക്ക്? ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. മറ്റാര്‍ക്കുമില്ലാത്ത നിരവധിയായ ആനുകൂല്യങ്ങള്‍ തരുന്നത് ഈ സമൂഹമല്ലേ. അപ്പോള്‍ ഈ സമൂഹത്തിനൊരാവശ്യം വരുമ്പോള്‍, അതും ഇത്ര ഗുരുതരമായ ഒരു ദുരന്തം സംഭവിക്കുമ്പോള്‍ കുറഞ്ഞപക്ഷം ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളമെങ്കിലും സ്വമേധയാ തന്നെ നല്‍കേണ്ടതല്ലേ? ഞങ്ങള്‍ ജോലി ചെയ്തിട്ട് കിട്ടുന്ന ശമ്പളമാണ്, ഇഷ്ടമുള്ളത് തരാം എന്നൊക്കെപ്പറയുന്ന സംഘടനാ ഭാരവാഹികള്‍ ഒന്നോര്‍ക്കണം ഈ നാടില്ലെങ്കില്‍ ഇവിടെയൊരു സിവില്‍ സര്‍വ്വീസും സര്‍ക്കാര്‍ ജീവനക്കാരും ആവശ്യമില്ല, സര്‍വീസ് സംഘടനകളുമുണ്ടാകില്ല.
ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കിയാല്‍ കുടുംബ ബജറ്റ് തകരുമെന്ന് ഈ ദുരന്ത സാഹചര്യത്തിലും ചിന്തിക്കുന്നവര്‍, യാതൊരു വരുമാനവുമില്ലാതായ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം എന്നെന്നേയ്ക്കുമായി തകരുന്നത് കാണുന്നില്ല. സംഭാവന നല്‍കാന്‍ ഇഷ്ടമില്ലാത്തവര്‍ നോ എന്നെഴുതി നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ സമ്മര്‍ദ്ദമായി കാണുന്നവര്‍, യാതൊരു സമ്മര്‍ദ്ദവുമില്ലാതെ കൊച്ചുകുട്ടികള്‍ മുതല്‍ കൂലിപ്പണിക്കാരും ലോട്ടറിക്കച്ചവടക്കാരും അന്യസംസ്ഥാനത്തുള്ളവരും വിദേശികളും ഉള്‍പ്പെടെ സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ കാണുന്നില്ല. അവര്‍ക്കൊന്നും കുടുംബ ബജറ്റില്ലല്ലോ. 29 ദിവസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് അവസരം നല്‍കുന്നില്ല തുടങ്ങിയ ഒഴിഞ്ഞുമാറലുകള്‍ ദുരിതബാധിതരെ അവഹേളിക്കുന്നതിന് തുല്യമാണ്.
ഈ ആനുകൂല്യങ്ങളെല്ലാം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കരുതുന്നവര്‍ ഇതൊക്കെ എങ്ങനെയുണ്ടായി എന്നത് ഒന്നു പഠിക്കണം. സമയബന്ധിത ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടത് എപ്പോഴെല്ലാമാണെന്നും വിലയിരുത്തണം. ആരുടെയും അഭ്യര്‍ത്ഥനയും സമ്മര്‍ദ്ദവുമില്ലാതെ 2002 ല്‍ 32 ദിവസത്തെ ശമ്പളം ത്യജിച്ച് ത്യാഗോജ്ജ്വല പോരാട്ടം നടത്തേണ്ടി വന്നത് ലോക ബാങ്കിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി അന്നത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ഈ സിവില്‍ സര്‍വ്വീസിനെ ചെറുതാക്കുകയും ചെയ്തപ്പോഴായിരുന്നു. അന്ന് ഭരണനേതൃത്വം ഒന്നാകെ സമരത്തിനും ജീവനക്കാര്‍ക്കും എതിരായിരുന്നിട്ടും, എത്രകാലം ഈ ഓഫീസുകള്‍ അടഞ്ഞുകിടന്നാലും ഒന്നും സംഭവിക്കാനില്ല എന്ന് ആവര്‍ത്തിച്ചിട്ടും ആ സമരത്തെ ഏറ്റെടുത്ത് വിജയിപ്പിച്ചത് ഈ നാട്ടിലെ ജനങ്ങളാണെന്ന കാര്യം ആരും മറക്കരുത്.
പ്രകൃതിയുടെ പകയില്‍ സര്‍വ്വവും നഷ്ടപ്പെട്ട ഒരു ജനതയും ഒരു നാടും നമുക്ക് തന്നതില്‍ നിന്നും ഒരു ചെറിയ വിഹിതം മാത്രമാണ് തിരികെ ആവശ്യപ്പെടുന്നത്. ഒന്നിച്ച് നല്‍കാന്‍ കഴിയില്ലെങ്കില്‍ വേണ്ട, പത്ത് തവണകളായി നല്‍കിയാല്‍ മതി. ശമ്പളത്തില്‍ നിന്നും നല്‍കാന്‍ കഴിയില്ലെങ്കില്‍ പിഎഫ് ലോണെടുത്ത് നല്‍കാം. തിരിച്ചടവിന് കൂടുതല്‍ കാലാവധി ലഭിക്കും. അതുമല്ലെങ്കില്‍ 30 ആര്‍ജ്ജിതാവധി സറണ്ടര്‍ ചെയ്ത് നല്‍കാനും അവസരമുണ്ട്. ശമ്പളപരിഷ്‌കരണ കുടിശ്ശിക കിട്ടാനുള്ളതും വേണ്ടെന്നു വയ്ക്കാം. ഒരു പക്ഷേയും പറയാതെ, ഒരു സമ്മര്‍ദ്ദവുമില്ലാതെ ചെലവുകള്‍ അല്പം പരിമിതപ്പെടുത്തി അതവര്‍ക്ക് നല്‍കുക. കേരളത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടും നമ്മുടെ ഈ മഹാമനസ്‌കത. മുഴുവന്‍ ജീവനക്കാരും അധ്യാപകരും ആത്മാഭിമാനമുയര്‍ത്തുന്ന ഈ മഹായജ്ഞത്തില്‍ പങ്കാളികളാകുക തന്നെ വേണം.

(ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)