ആഗോളതലത്തിലുള്ള നിര്‍ബന്ധിത കുടിയിറക്കല്‍ വന്‍ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഡാനിഷ് അഭയാര്‍ത്ഥി കൗണ്‍സില്‍ റിപ്പോര്‍ട്ട്. അടുത്തവര്‍ഷം അവസാനത്തോടെ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം 67 ലക്ഷം കണ്ട് വര്‍ധിക്കും. ഇതോടെ ലോകമെമ്പാടുമുള്ള കുടിയിറക്കപ്പെട്ടവരുടെ ആകെ എണ്ണം 1.3 കോടിയിലധികമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക, യുകെ, ജര്‍മ്മനി തുടങ്ങിയ പ്രധാന സാമ്പത്തിക സഹായ വിതരണ രാജ്യങ്ങള്‍ മാനുഷിക സഹായം പിന്‍വലിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ദുര്‍ബലരാക്കുകയും ചെയ്യുന്നതോടെയാണ് ഈ കുതിച്ചുചാട്ടം. നിലവില്‍ ലോകമെമ്പാടും 122.6 ദശലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഇത് 140 ദശലക്ഷത്തിലധികമാകുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം 4.2 ദശലക്ഷത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് പ്രവചനം. 2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2026ലെ വര്‍ധന 2.5 ദശലക്ഷമായിരിക്കും. കുടിയിറക്കിന്റെ മൂന്നിലൊന്നും സുഡാനില്‍ നിന്നായിരിക്കും. യുദ്ധം കാരണം ഇതിനകം 12.6 ദശലക്ഷം പേര്‍ പലായനത്തിന് നിര്‍ബന്ധിതരായി. ആഭ്യന്തരയുദ്ധം രൂക്ഷമായ മ്യാന്‍മറില്‍ 2026 അവസാനത്തോടെ 1.4 ദശലക്ഷം പേര്‍കൂടി പലായനം ചെയ്തേക്കുമെന്നും ഡാനിഷ് അഭയാര്‍ത്ഥി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഷാര്‍ലറ്റ് സ്ലെന്റെ പറഞ്ഞു.
ആഗോളതലത്തിലുള്ള നിര്‍ബന്ധിത കുടിയിറക്കലിന്റെ മൂന്നിലൊന്നും 27 രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കോംഗോ, സിറിയ, യെമന്‍, വെനസ്വേല എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക‑സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവ കാരണം പലായനം ഗണ്യമായി വര്‍ധിക്കുന്നു. കുടിയിറക്കപ്പെട്ടവരില്‍ 70 ശതമാനവും സ്വന്തം നാട്ടില്‍ തന്നെ തുടരുകയാണ്. യുഎസ് സഹായങ്ങള്‍ വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധി കൂടുതല്‍ വഷളായത്. യുഎസ് എയ്ഡ് 83 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഡാനിഷ് അഭയാര്‍ത്ഥി കൗണ്‍സില്‍ പോലുള്ള സംഘടനകളുമായുള്ള 20ലധികം കരാറുകള്‍ അവസാനിപ്പിക്കുന്നതിന് കാരണമായി. ദക്ഷിണ സുഡാനില്‍ ശൈശവ വിവാഹത്തിന് ഇരയാകാന്‍ സാധ്യതയുള്ള കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള സംരക്ഷണ പരിപാടികള്‍, എത്യോപ്യയില്‍ നിന്ന് കുടിയിറക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള സുരക്ഷിത അഭയകേന്ദ്രങ്ങള്‍ എന്നീ സംരംഭങ്ങള്‍ നിര്‍ത്തലാക്കപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയും കുടിയിറക്കവും നേരിടുകയാണെന്ന് ഷാര്‍ലറ്റ് സ്ലെന്റെ പറഞ്ഞു. ഇവര്‍ക്കുള്ള സഹായം വെട്ടിക്കുറച്ചത് ദുര്‍ബലരോടുള്ള വഞ്ചനയും ധാര്‍മ്മിക പരാജയവുമാണെന്നും അവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.