മോഡിയുടെ രണ്ടാം വരവ്; ആഗോളമാധ്യമങ്ങളുടെ കാഴ്ചപ്പാടുകള്‍

Web Desk
Posted on June 03, 2019, 10:37 pm

പ്രത്യേക ലേഖകന്‍

മെയ് 23 ന്റെ ദി ഗാര്‍ഡിയന്‍ പത്രത്തിന്റെ മുഖപ്രസംഗം നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ആസ്പദമാക്കിയായിരുന്നു. മോഡിയുടെ രണ്ടാമതുമുള്ള വിജയം ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെട്ടതിന് തുല്യമാണെന്നായിരുന്നു ഗാര്‍ഡിയന്‍ മുഖപ്രസംഗത്തിന്റെ കാതല്‍. വിദ്വേഷവും വെറുപ്പും വേരു പിടിപ്പിച്ച ഇന്ത്യയില്‍ അക്രമം, വ്യാജ വാര്‍ത്തകള്‍, വ്യാജ വ്യക്തിബിംബങ്ങളുടെ സൃഷ്ടി, അസഹിഷ്ണുത എന്നിവയെല്ലാം ഉപയോഗിച്ചാണ് മോഡിയുടെ രണ്ടാംവരവെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനം വിലയിരുത്തുന്നത്. വംശവിദ്വേഷവും സ്വേഛാധികാര പ്രവണതയുമുള്ള ഒരാളെ വീണ്ടും തെരഞ്ഞെടുക്കുന്ന ലോകത്തെ ആദ്യ രാഷ്ടമാവുകയാണ് ഇന്ത്യയെന്നായിരുന്നു മറ്റൊരു ഇഗ്ലീഷ് പത്രമെഴുതിയ ലേഖനത്തിന്റെ തലക്കെട്ടുതന്നെ.

ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് നടന്ന ഇന്ത്യയില്‍ വെറും ഒരു വ്യക്തിയാണ് ജയിച്ചത്, നരേന്ദ്ര മോഡിയെന്നാണ് ഗാര്‍ഡിയന്‍ മുഖപ്രസംഗത്തിന്റെ തുടക്കം. 1971 ന് ശേഷം തുടര്‍ച്ചയായ രണ്ടാം തവണ തനിച്ച് ഭരിക്കാന്‍ പാകത്തിലുള്ള ഭൂരിപക്ഷവുമായി രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുന്ന ആദ്യത്തെ പ്രധാനമന്ത്രിയാവുകയാണ് മോഡി. 2014 ല്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ ബിജെപിക്ക് തനിച്ച് ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നു. തങ്ങള്‍ക്ക് തന്നെ ഭരണം നല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അഴിമതി ചര്‍ച്ചാവിഷയമായ ആ തെരഞ്ഞെടുപ്പില്‍ ജനം തിരസ്‌കരിച്ചപ്പോഴായിരുന്നു ബിജെപിക്ക് അവസരം ലഭിച്ചത്.

തകര്‍ന്ന സമ്പദ്‌വ്യവസ്ഥയും നിരാശരായ ജനങ്ങളും അവരുടെ ദുരിതപൂര്‍ണമായ ജീവിതവും മാത്രമായിരുന്നു രാജ്യത്തിന്റെ മുഖമുദ്ര. പക്ഷേ അതിവൈകാരികതയാണ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായത്. ഇന്ത്യയെ ജീര്‍ണാവസ്ഥയിലേക്ക് നയിക്കുന്ന ഹിന്ദു ദേശീയതയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് ബിജെപി. ഹിന്ദു ദേശീയതയുടെ രാഷ്ട്രീയവിഭാഗമാണ് ബിജെപി ഇത് ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രസ്ഥാനമാണ്. ഹിന്ദു സമൂഹത്തിലെ സവര്‍ണ വിഭാഗത്തിന്റെ സാമൂഹിക ആധിപത്യം, കോര്‍പറേറ്റ് പക്ഷപാതിത്വം, സാംസ്‌കാരികമായ യാഥാസ്ഥിതിക സമീപനങ്ങള്‍, വിദ്വേഷം വളര്‍ത്തിയെടുക്കല്‍, ഭരണകൂടാധികാരം കൂടുതല്‍ ശക്തമാക്കുക എന്നിങ്ങനെ സ്വേച്ഛാധികാരത്തിന്റെ എല്ലാ പ്രവണതകളും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം കാഴ്ചവയ്ക്കുകയുണ്ടായി. ഏകദേശം 195 ദശലക്ഷം ഇന്ത്യന്‍ മുസ്‌ലിം ജനവിഭാഗം വര്‍ത്തമാനകാലത്ത് രാജ്യത്ത് രാഷ്ട്രീയ അനാഥരാണ്. പാര്‍ലമെന്റില്‍ കുറയുന്ന മുസ്‌ലിം ജനപ്രതിനിധികളുടെ എണ്ണവും തീവ്ര ഹിന്ദുരാഷ്ട്രീയം അവരെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതിന്റെ സൂചനയാണെന്നും ഗാര്‍ഡിയന്‍ പത്രം വ്യക്തമാക്കുന്നു.
മോഡിയുടെ അഞ്ചുവര്‍ഷ ഭരണത്തെ അക്കമിട്ടു നിരത്തിയാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം ആരംഭിക്കുന്നത്. ഭരണകാലയളവിനെ ആഴത്തില്‍ വിലയിരുത്തുന്ന ലേഖനം എന്നിട്ടും എന്തേ ഇന്ത്യ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് അല്‍ഭുതം കൂറുന്നുണ്ട്.

ഭരണത്തിന്‍കീഴില്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്നു.‘ദേശവിരുദ്ധര്‍’ എന്ന പ്രചാരണം സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി, അതിന്റെ പേരില്‍ വ്യക്തികളും സംഘടനകളും വേട്ടയാടപ്പെട്ടു. സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ധിച്ചു, അവര്‍ക്കുനേരെ ബലാത്സംഗഭീഷണി പതിവായി. മുസ് ലിംകളെയും താഴ്ന്ന ജാതി ഹിന്ദുക്കളെയും വെട്ടിക്കൊലപ്പെടുത്തി. ഹൈന്ദവമേധാവിത്വം — പ്രത്യേകിച്ച് സവര്‍ണ ഹിന്ദുത്വം — സൈന്യവും ജുഡീഷ്യറിയും മുതല്‍ വാര്‍ത്താ മാധ്യമങ്ങള്‍, സര്‍വകലാശാലകള്‍, എന്നിങ്ങനെ എല്ലായിടങ്ങളിലും പ്രതിഷ്ഠിക്കപ്പെടുകയും സ്ഥാപനങ്ങളെ പിടിച്ചെടുക്കുകയും ചെയ്തു. പണ്ഡിതന്മാരും വിദ്യാര്‍ഥികളും പത്രപ്രവര്‍ത്തകരുമെല്ലാം വേട്ടയാടപ്പെട്ടുവെങ്കിലും അതെല്ലാം തുറന്നുകാട്ടുന്നതിനുള്ള ശ്രമങ്ങളും വ്യാപകമായിരുന്നു.

എന്നിട്ടും ജനിതക എന്‍ജിനീയറിംഗും വിമാനങ്ങളും പുരാതനകാലത്തെ ഹിന്ദുക്കള്‍ കണ്ടുപിടിച്ചെന്ന വ്യാജവസ്തുത സ്ഥാപിക്കാനുള്ള ശ്രമങ്ങളും സൈന്യത്തെയും മറ്റുമുപയോഗിച്ചുള്ള പ്രചാരണങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയത്.
ദരിദ്രരായ കുറച്ചുപേര്‍ക്ക് കക്കൂസ്, ബാങ്ക് അക്കൗണ്ടുകള്‍, കുറഞ്ഞ വായ്പകള്‍, ഭവനം, വൈദ്യുതി, പാചക വാതക സിലിണ്ടറുകള്‍ എന്നിവ നല്‍കുന്നുവെന്ന് പ്രചണ്ഡമായ പ്രചാരണത്തിലൂടെ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവോയെന്ന സംശയം ന്യൂയോര്‍ക്ക് ടൈംസ് ലേഖനം ഉന്നയിക്കുന്നുണ്ട്. ഓനിയന്‍ ലേഖനവും രാജ്യത്തിന്റെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിധിയെ ആശങ്കയോടെയാണ് വിലയിരുത്തുന്നത്.
ഈ ലേഖനങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തില്‍ രാജ്യത്തിന്റെ 42 വര്‍ഷത്തെ ചരിത്രമാണ് തിരുത്തപ്പെട്ടത് എന്ന് ബോധ്യമാകും. അമിതാധികാര പ്രവണത കാട്ടിയ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ ജനതയുടെ ചരിത്രം അവിടെ നിന്നാണ് ആരംഭിക്കുന്നത്. അടിയന്തരാവസ്ഥ യഥാര്‍ഥത്തില്‍ ഇന്ത്യയ്ക്ക് ഒരു പാഠമായിരുന്നു. അതുവരെ ഇന്ത്യയ്ക്ക് തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസെന്ന ഒരു പാര്‍ട്ടി മാത്രമേയുണ്ടായിരുന്നുള്ളൂ. ഇന്ദിരാഗാന്ധിയുടെ പ്രസ്തുത ഭരണം കോണ്‍ഗ്രസിന് ബദലായ ചിന്തകളെ കൂടി ഉത്തേജിപ്പിച്ചു. അതില്‍ കോണ്‍ഗ്രസിനകത്തു നിന്നുതന്നെയുള്ള ഉള്‍പ്പോരുകളും കാരണമായിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസിനകത്ത് നിന്നിരുന്ന സോഷ്യലിസ്റ്റ് ചേരിയുടെ പുതിയ സംഘംചേരലുകള്‍ക്ക് അത് പ്രേരണമായി. അതു മാത്രമായിരുന്നില്ല ഇന്ദിരയുടെആ ഭരണത്തോടെ ഇന്ത്യയിലുണ്ടായത്. അധികാരത്തിലിരിക്കുന്നവരെ തിരുത്തുകയെന്ന വിധിയെഴുത്തിന് ഇന്ത്യ പ്രാപ്തി തെളിയിച്ചു തുടങ്ങിയത് അവിടം മുതലായിരുന്നുവെന്ന് പിന്നീടുള്ള രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം വിലയിരുത്തുമ്പോള്‍ വ്യക്തമാകും.

അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ രാജ്യം കൈവിട്ടു. പകരം അവര്‍ക്കു മുന്നില്‍ ജനതാപാര്‍ട്ടിയെന്ന ഒരു പാര്‍ട്ടി പ്രതീക്ഷയുണര്‍ത്തി നിന്നിരുന്നു. പലതും ചേര്‍ന്നുള്ളതായിരുന്നുവെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ ഉള്‍പ്പെടെ ജയിച്ചുകയറാന്‍ കഴിയുന്നൊരു പ്രസ്ഥാനമാണതെന്ന തോന്നല്‍ ഭൂരിപക്ഷത്തിനുമുണ്ടായപ്പോഴാണ് ജനതാപാര്‍ട്ടി അന്ന് അധികാരത്തിലെത്തുന്നത്. ആ സര്‍ക്കാര്‍ രണ്ടുവര്‍ഷ കാലാവധി പോലും തികയ്ക്കാതെ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയപ്പോള്‍ കോണ്‍ഗ്രസിനെ വീണ്ടും ഇന്ത്യ ജയിപ്പിച്ചു. 1984 ല്‍ ഇന്ദിരാഗാന്ധി മരിച്ചതിനെ തുടര്‍ന്ന് അധികാരമേറ്റ രാജീവ് നേരത്തേ തെരഞ്ഞെടുപ്പ് നടത്തി. അതിനാലാണ് കോണ്‍ഗ്രസിന് ഇന്ദിരാ സഹതാപതരംഗതതില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ദേശീയ മുന്നണി, കോണ്‍ഗ്രസ്, ബിജെപി, ഐക്യമുന്നണി, ബിജെപി എന്നിങ്ങനെ മാറിമാറിവന്ന ഭരണമാണുണ്ടായത്. ബിജെപി യുടെ ഭരണത്തോട് വിരുദ്ധ മനോഭാവമുണ്ടായപ്പോള്‍ കോണ്‍ഗ്രസിനല്ല ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്കാവുമെന്ന് കരുതിയപ്പോള്‍ 2004 ല്‍ ഒന്നാം യുപിഎ സര്‍ക്കാരുണ്ടായി. ഇടതു പിന്തുണയോടെ ആ സര്‍ക്കാര്‍ കാഴ്ചവച്ച ജനോപകാരപ്രദമായ നടപടികളുടെ പിന്‍ബലത്തിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഉണ്ടാവുന്നത്. കോണ്‍ഗ്രസ് ഇടതു പിന്തുണയില്ലാതെ അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ ആ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങുകയും ജനവിരുദ്ധ നയങ്ങള്‍ തുടരുകയും ചെയ്തപ്പോഴാണ് 2014ല്‍ മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നുമോര്‍ക്കണം.

ഈ പശ്ചാത്തലം കൂടി ഓര്‍ത്തുവേണം ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും പ്രതിപക്ഷത്തിന്റെ കടമകളെ കുറിച്ചും ചര്‍ച്ച ചെയ്യേണ്ടത്. അക്കാര്യം ഭംഗിയായി എഴുതിയിട്ടുള്ളത് ഗാര്‍ഡിയന്റെ മുഖപ്രസംഗത്തിലാണ്. മോഡിയെ തോല്‍പ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന കാര്യത്തില്‍ ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയ സംഭാവനകളിലൂടെ നരേന്ദ്രമോഡിയുടെ പാര്‍ട്ടിയെ സഹായിച്ച വന്‍ ബിസിനസുകാര്‍ക്ക് നാമറിഞ്ഞും അറിയാതെയും ദശകോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്.

ജാതിവ്യവസ്ഥിതിയുടെ രൂപത്തിലും സമ്പ്രദായങ്ങളിലൂടെയും രാഷ്ട്രീയ ശക്തികള്‍ വളര്‍ന്നുവന്നിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് വിശാലമായൊരു വേദിയില്‍ യോജിച്ചുകൊണ്ട് പ്രതിപക്ഷം പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മാറ്റിവച്ച് എല്ലാ ഇന്ത്യക്കാരെയും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ഇത്തരം പ്രചാരണ — സമര പരിപാടികള്‍ ഉപയോഗിക്കാമെന്ന് പരിശോധിക്കണം. രാജ്യത്തെ ദരിദ്ര ജനകോടികളും തൊഴിലാളി — കര്‍ഷക ജനസമാന്യവുമായി ഇന്ന് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ബന്ധം സൃഷ്ടിക്കേണ്ടതുമുണ്ട് എന്ന് പറഞ്ഞാണ് ഗാര്‍ഡിയന്‍ അതിന്റെ മുഖപ്രസംഗം അവസാനിപ്പിച്ചിരിക്കുന്നത്.

(വിവിധ ആഗോള മാധ്യമങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയത്)