Janayugom Online
global monsoon rheumatology summit in Kochi -Janayugom

ആഗോള മണ്‍സൂണ്‍ റുമറ്റോളജി ഉച്ചകോടി കൊച്ചിയില്‍

Web Desk
Posted on July 18, 2018, 5:27 pm

വാതരോഗ ചികിത്സാ വിദഗ്ദരുടെ ആഗോള മണ്‍സൂണ്‍ ഉച്ചകോടി ജൂലൈ 20,21,22 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന്  ഡോ. പത്ഭനാഭ ഷേണായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുന്നു. ഡോ. ഗ്ലാക്‌സന്‍ അലക്‌സ്, ഡോ.സഞ്ജന ജോസഫ്, ഡോ.റേച്ചല്‍ ഉമ്മന്‍ എന്നിവര്‍ സമീപം

 കൊച്ചി: വാതരോഗ ചികിത്സാ വിദഗ്ദരുടെ ആഗോള മണ്‍സൂണ്‍ ഉച്ചകോടി ജൂലൈ 20, 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഇന്‍ഡ്യന്‍ റുമറ്റോളജി അസ്സോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ദേബാഷിഷ് ഡാന്‍ഡ ബോള്‍ഗാട്ടി ഹോട്ടല്‍ ഗ്രാന്‍റ് ഹയാത്തില്‍ മണ്‍സൂണ്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. സിംഗപ്പൂര്‍ റുമറ്റോളജി പ്രസിഡന്‍റ് ഡോ. ലിയോങ് ഖായ് പാങ്, കുവൈറ്റ് റുമറ്റോളജി അസ്സോസിയേഷന്‍ പ്രസിഡന്‍റ് ഡോ. അഡീബാ അല്‍ ഹെര്‍സ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 
 
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ അമേരിക്ക, കാനഡ, യു കെ, സിംഗപ്പൂര്‍, യൂറോപ്പ്, ജി സി സി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 400- ല്‍ പരം വാതരോഗ ചികിത്സാ വിദഗ്ദര്‍ പങ്കെടുക്കും. വാതരോഗത്തെക്കുറിച്ച് ആഗോളതലത്തില്‍ നടന്നു വരുന്ന ഗവേഷണങ്ങള്‍, പഠനങ്ങള്‍, തൊഴില്‍സാഹചര്യങ്ങളുടെ ഉന്നമനം, ചികിത്സാ രംഗത്തെ പുതിയ കണ്ടെത്തലുകളുടെ  കൈമാറ്റം, ബോധവല്‍ക്കരണം, തുടങ്ങിയവയെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കുമെന്ന് എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ റുമറ്റിസം എക്‌സലന്‍സിന്റെ (ഡോ. ഷേണായിസ് കെയര്‍) സ്ഥാപകനും, ഏഷ്യ പസഫിക് ലീഗ് ഓഫ് അസ്സോസിയേഷന്‍സ് ഫോര്‍ റുമറ്റോളജിയുടെ (അപ്‌ലാര്‍) റുമറ്റോളജിസ്റ്റ് അംബാസിഡറുമായ ഡോ. പത്ഭനാഭ ഷേണായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
 
നമ്മുടെ പ്രതിരോധ ശക്തിയിലെ വ്യാതിയാനം മൂലം ഉണ്ടാകുന്ന വാതരോഗമാണ് സ്‌ക്ലീറോഡെര്‍മ. തുടക്കത്തില്‍ ചര്‍മ്മം കട്ടികൂടി വലിഞ്ഞുമുറുകി, ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകള്‍ തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഈ രോഗം സ്ത്രീകളെയാണ് ബാധിക്കാറ്. 35% മുതല്‍ 40% വരെ സ്‌ക്ലിറോഡെര്‍മ രോഗം ബാധിച്ചവര്‍ അഞ്ചുവര്‍ഷത്തിനകം മരണപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം 4 ലക്ഷത്തില്‍ പരം ആളുകള്‍ക്ക് ഈ രോഗം ഉണ്ടെന്നാണ് കണക്കാക്കുന്നത്. 20‑നും 30‑നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരെ ബാധിക്കുന്ന സ്‌പൊന്‍ഡൈലോ ആര്‍ത്രൈറ്റിസും മറ്റൊരുതരം വാതരോഗമാണ്. നട്ടെല്ലിന് നീര്‍ക്കെട്ടായി തുടങ്ങുന്ന ഈ വാതരോഗം ആരംഭത്തിലെ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്. ഇന്ത്യയില്‍ മാത്രം ഒരു കോടിയില്‍ പരം സ്‌പൊന്‍ഡൈലോ ആര്‍ത്രൈറ്റിസ് രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
സ്‌ക്ലിറോഡെര്‍മ, സ്‌പൊന്‍ഡൈലോ ആര്‍ത്രൈറ്റിസ് എന്നീ രോഗങ്ങളെ വരുതിയിലാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയാണ് ഇത്തവണത്തെ ആഗോള മണ്‍സൂണ്‍ റുമറ്റോളജി ഉച്ചകോടി ലക്ഷ്യമിടുന്നത്.  ഉച്ചകോടിയോടനുബന്ധിച്ച് സ്‌ക്ലിറോഡെര്‍മ രോഗികളുടെ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പല കണ്ടെത്തലുകളും ഈ മണ്‍സൂണ്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കപ്പെടുമെന്ന് ഡോ. ഷേണായി പറഞ്ഞു. ഡോ.സഞ്ജന ജോസഫ്, ഡോ.റേച്ചല്‍ ഉമ്മന്‍,  ഡോ. ഗ്ലാക്‌സന്‍ അലക്‌സ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.