Tuesday
19 Mar 2019

ആഗോള ഐക്യദാര്‍ഢ്യം അനിവാര്യം

By: Web Desk | Wednesday 9 January 2019 10:20 PM IST


യൂറോപ്പിലെ സാമ്രാജ്യത്വവാദ തീവ്രവലതുപക്ഷത്തിന്റെ ഉറക്കം കെടുത്തുന്ന ദുസ്വപ്‌നമാണ് പുടിന്‍. ലെനിന്റെ പുനരവതാരമായാണ് അയാളെ അവര്‍ ഭയപ്പെടുന്നത്. എന്നാല്‍ ഗൂഗിള്‍ ക്രോമിന്റെ വികല പരിഭാഷയിലൂടെ റഷ്യന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കായ ലിഖിതങ്ങൡലൂടെയും ദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന ആര്‍ക്കും ബോധ്യമാകുന്ന പ്രതിരോധമാണ് സെന്റ് പീറ്റേര്‍സ് ബര്‍ഗിലും റഷ്യയിലെമ്പാടുമായി 2007-08 ലും തുടര്‍ന്ന് 2017-18 ലുമായി പുനര്‍ജനിച്ചുകൊണ്ടിരിക്കുന്ന പുടിന്‍ വിരുദ്ധ മുന്നേറ്റങ്ങള്‍. പുത്തന്‍ തലമുറ റഷ്യന്‍ ഇടതുപക്ഷം പുടിന്‍ സ്വേച്ഛാധിപത്യത്തിനെതിരെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതില്‍ ‘അതര്‍ റഷ്യ’, എഡ്വേര്‍ഡ് ലിമോനോവിന്റെ നാഷണല്‍ ബോള്‍ഷെവിക് പാര്‍ട്ടി, തീവ്രവലത് വാന്‍ഗാര്‍ഡ് ഓഫ് റെഡ് യൂത്ത്, വിക്ടര്‍ ആല്‍പാലോവിന്റെ ലേബര്‍ റഷ്യ തുടങ്ങി ആയിരങ്ങള്‍ അണിനിരക്കുന്ന മുന്നേറ്റങ്ങള്‍ കാണാം. അവര്‍ പലപ്പോഴും മിഖായേല്‍ കാസ്യനോവിന്റെ പീപ്പിള്‍സ് ഡമോക്രാറ്റിക് യൂണിയന്‍ ഗാരി കാസ്പറോവിന്റെ യാഥാസ്ഥിതിക യുണൈറ്റഡ് സിവില്‍ ഫ്രണ്ട് എന്നിവയ്ക്ക് പുറമെ പരമ്പരാഗത കമ്യൂണിസ്റ്റുകളുമായും കൈകോര്‍ക്കാന്‍ മടിച്ചുനില്‍ക്കുന്നില്ല. അവ അധികാര രാഷ്ട്രീയത്തിന് മുന്നില്‍ നിസാരങ്ങളായി തോന്നിയേക്കാമെങ്കിലും ചര്‍ച്ചകള്‍ തീവ്രവും മുഖ്യധാരയിലുമാണെന്നത് ശ്രദ്ധേയമാണ്.

ഇവയെല്ലാം വിശാല രാഷ്ട്രീയതലത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് പര്യാപ്തമായേക്കില്ല. പക്ഷെ എല്ലാ മാറ്റങ്ങളും ഒരുപോലെ സ്‌ഫോടനാത്മകം ആയിക്കൊള്ളണമെന്നില്ല. പുതിയ ഇടതുപക്ഷ ഉരുത്തിരിയലിന്റെ ആവേശകരമായ കഥയാണ്. ഓരോ രാജ്യത്തിനും നല്‍കാനുള്ളത്. കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് വ്യത്യസ്തമായ ആഖ്യാനമാകും നല്‍കാനുള്ളത്. എന്നാല്‍, ഒന്നുമില്ലായ്മയില്‍ നിന്ന് ഇടതുപക്ഷത്തെ പുനഃസംഘടിപ്പിക്കുന്നവരുടെ അളവുകോല്‍ വ്യത്യസ്തമാണ്. യൂറോപ്പിലെ ഇടതുപക്ഷ മാറ്റം കേവലം തെരഞ്ഞെടുപ്പിലെ താല്‍ക്കാലിക മാറ്റത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്. യൂറോപ്പില്‍ മാത്രമല്ല അമേരിക്കയില്‍ പോലും അത് ഉദാരീകരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി മാറിയ ചെലവുചുരുക്കല്‍ പ്രക്രിയ സൃഷ്ടിക്കുന്ന ഭൗതിക യാഥാര്‍ഥ്യത്തില്‍ വേരുറച്ചതാണ്. ഒരു ദശകത്തിലേറെയായി തുടരുന്ന ചെലവുചുരുക്കലില്‍ ജനജീവിതമാകെ ആടി ഉലയുകയാണ്. ഗ്രീസിലും ഇറ്റലിയിലും പോര്‍ച്ചുഗലിലും സ്‌പെയിനിലും വേതനം വെട്ടിച്ചുരുക്കല്‍ ഔദ്യോഗിക നയമായി ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. യഥാര്‍ഥ വേതനം കൂപ്പുകുത്തി. വേതനമരവിപ്പ് മറ്റ് ഇ യു രാജ്യങ്ങളിലും യാഥാര്‍ഥ്യമായിരിക്കുന്നു. ക്ഷേമരാഷ്ട്രങ്ങള്‍ എന്നവകാശപ്പെടുന്ന സമ്പന്ന രാജ്യങ്ങള്‍പോലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. നവഉദാരീകരണ തത്വങ്ങള്‍ സുവിശേഷമായി മാറിയ അവിടങ്ങളില്‍ പൊതു ആസ്തികള്‍ ചുളുവിലയ്ക്ക് വിറ്റഴിക്കപ്പെടുന്നു. കര്‍ക്കശമായ ചെലവുചുരുക്കലിന്റെ ഭാഗമായി ക്ഷേമ പദ്ധതികള്‍ അവഗണിക്കപ്പെടുന്ന സാമൂഹ്യ യൂറോപ്പ് ജീര്‍ണാവസ്ഥയിലാണ്. എല്ലാറ്റിനുമുപരി യൂറോപ്പ് തൊഴില്‍രഹിത യൂറോപ്പായിരിക്കുന്നു.
അടിസ്ഥാന ജീവിതാവശ്യങ്ങള്‍ അപ്പാടെ നിഷേധിക്കുന്ന ചെലവു ചുരുക്കല്‍ യൂറോപ്പിലെ മാത്രം പ്രതിഭാസമല്ല. ജപ്പാന്‍ ഒരു ദശകത്തിലേറെയായി അതിന്റെ നീരാളിപ്പിടിയിലാണ്.

സമ്പദ്ഘടന താല്‍ക്കാലികമായി കാഴ്ചവയ്ക്കുന്ന ശോണിമയാര്‍ന്ന ചിത്രത്തിനപ്പുറം യു എസിലും സ്ഥിതി വിഭിന്നമല്ല. അവിടുത്തെ 4,20,000 ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളം എപ്പോള്‍ ലഭിക്കുമെന്ന് ഒരു നിശ്ചയവുമില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥ. അവിടെ സര്‍ക്കാര്‍ നിശ്ചലമാണ്. ഫണ്ടിന്റെ അഭാവം ചെലവുകളുടെ മുന്‍ഗണന നിര്‍ണയിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. 2012 ലെ മൊത്ത ദേശീയ ഉല്‍പാദന (ജിഡിപി)വുമായുള്ള താരതമ്യത്തില്‍ ജര്‍മനിയുടെ പൊതു കടം 82.5 ശതമാനമായിരുന്നെങ്കില്‍ യുഎസില്‍ അത് 108 ശതമാനത്തില്‍ എത്തിയിരുന്നു. യൂറോപ്യന്‍ സമ്പദ്ഘടനയുടെ ശക്തി സ്രോതസായാണ് ജര്‍മനി കണക്കാക്കപ്പെടുന്നതെന്ന് ഓര്‍ക്കുക. 2008 ലെ സാമ്പത്തിക വിസ്‌ഫോടനത്തിന്റെ കെടുതിയില്‍ നിന്ന് വികസിത ലോകം യഥാര്‍ഥത്തില്‍ കരകയറിയിട്ടില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. നവഉദാരീകരണം സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും വികസിത ലോകത്തെ രക്ഷിക്കുന്നതിനുപകരം കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു യഥാര്‍ഥത്തില്‍. തൊഴില്‍ പരിഷ്‌കാരങ്ങളുടെ പേരില്‍ തൊഴിലാളികളുടെ മേല്‍ കടന്നാക്രമണം പതിവായി മാറി. ഈ ഇരുണ്ട യാഥാര്‍ഥ്യമാണ് ഇടതുപക്ഷ കൂട്ടായ്മകള്‍ക്ക് വേരോട്ടം ഉണ്ടാക്കിയത്.
പ്രാദേശിക യാഥാര്‍ഥ്യങ്ങളില്‍ ഊന്നിയുള്ള പുത്തന്‍ ഇടതുപക്ഷം കേവലം പ്രാദേശിക, തദ്ദേശീയ പ്രതിഭാസങ്ങളായി അവസാനിക്കുന്നില്ല. ആഗോള ഇടതുപക്ഷ ഐക്യദാര്‍ഢ്യത്തിനായുള്ള ശ്രദ്ധേയ ആഹ്വാനങ്ങളാണ് അവ ഓരോന്നും നല്‍കുന്നത്. അമേരിക്കന്‍ ഇടതുപക്ഷത്തിന്റെ കാരണവസ്ഥാനത്തുനിന്നും ബേണി സാന്‍ഡേഴ്‌സ് ആഗോള ഐക്യമുന്നണിക്കുള്ള ആഹ്വാനമാണ് നല്‍കുന്നതെങ്കില്‍ ഗ്രീസിലെ ഇടതുപക്ഷ സൈറിസയുടെ നേതാവ് യാനിസ് വാറൗഫാക്കിസ് ആശയമാണ് പങ്കുവയ്ക്കുന്നത്. ലോക സോഷ്യല്‍ ഫോറത്തിന്റെ ശില്‍പികളില്‍ ഒരാളായിരുന്ന അന്തരിച്ച സമിര്‍ അമിന്‍ തന്റെ അന്ത്യദിനങ്ങളില്‍ ഒരു ലോക സാമൂഹ്യ രാഷ്ട്രീയ വേദിയെപ്പറ്റി തന്റെ സഖാക്കളെ ആഹ്വാനം ചെയ്തിരുന്നു. കരുത്തുറ്റ ഇടതുപക്ഷ ആഗോള ഐക്യദാര്‍ഢ്യ പ്രസ്ഥാനത്തിന്റെ ആവശ്യകതയിലേക്കാണ് ലോകമെമ്പാടും വളര്‍ന്നുവരുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
(അവസാനിച്ചു)
ഇന്ത്യാ പ്രസ് ഏജന്‍സി
(ലേഖകന്‍ സിപിഐ(എംഎല്‍) ലിബറേഷന്‍ മുന്‍ പോളിറ്റ് ബ്യൂറോ അംഗവും ഇടതുപക്ഷ നിരീക്ഷകനുമാണ്)