കാലാവസ്ഥാമാറ്റം; ആഗോളസമരം ശക്തിപ്പെടുമ്പോള്‍

Web Desk
Posted on October 09, 2019, 10:32 pm
manaveeyam

കാലാവസ്ഥാ വ്യതിയാനം ആധുനികകാലത്തെ ഏറ്റവും നിര്‍ണായകമായ പ്രശ്നമാണ്. ലോകജനത ഇന്നെത്തി നില്‍ക്കുന്നത് അതിന്റെ ഏറ്റവും നിര്‍ണായകമായ സന്ദര്‍ഭത്തിലുമാണ്. കേരളത്തിലെ പ്രളയത്തെ പരാമര്‍ശിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റ്റോണിയോ ഗുട്ടറെസ് കാലാവസ്ഥാമാറ്റം നമ്മളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതായിട്ടാണ് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇനിയാെരിക്കലും തിരിച്ചുവരാനിടയില്ലാത്ത തരത്തിലുള്ള മാറ്റങ്ങളാണ് കാലാവസ്ഥ വ്യതിയാനത്തിലൂടെ ആഗോളരംഗത്ത് പ്രകൃതിയിലും അതിന്റെ പ്രതിഫലനങ്ങള്‍ സമ്പദ്‌വ്യവസ്ഥയിലും പ്രകടമാകുന്നത്. ലോകത്തെമ്പാടും വര്‍ധിച്ചുവരുന്ന കാട്ടുതീകള്‍, പ്രളയങ്ങള്‍, കാെടുങ്കാറ്റുകള്‍ ഇതാെക്കെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ലോകത്തിന്റെ തന്നെ ഓക്സിജന്‍ കലവറയായ ആമസോണ്‍ കാടുകളിലുണ്ടായ കാട്ടുതീയെപോലും പ്രതിരോധിക്കാന്‍ സ്വീകരിച്ച ഭരണകര്‍ത്താക്കളുടെ മെല്ലെപോക്ക് പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഈയാെരു സാഹചര്യത്തില്‍ 1992‑ലെ ഒന്നാം ഭൗമ ഉച്ചകോടിയില്‍ പങ്കെടുത്തുകാെണ്ട് അന്നത്തെ ക്യൂബന്‍ ഭരണാധികാരി ഫിഡല്‍ കാസ്ട്രോ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.

ആഗോളതാപനവും ലാഭാധിഷ്ഠിതമായ കമ്പോളപ്രകിയയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്നത്തെ സാമൂഹികാവസ്ഥയില്‍ കാലാവസ്ഥാമാറ്റത്തിന്റെ മുഖ്യ ഉത്തരവാദി അമേരിക്കയെപോലുള്ള മുതലാളിത്ത രാഷ്ട്രങ്ങളാണ്. അതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും പൂര്‍ണമായും അവര്‍ ഒഴിഞ്ഞുമാറി മൂന്നാംകിട വികസ്വര രാഷ്ട്രങ്ങളിലെ ജനതയ്ക്ക് ദുരിതപൂര്‍ണമായ ജീവിതമാണ് സംഭാവന ചെയ്യുന്നത്. മൂന്നാം ലോക രാഷ്ട്രങ്ങളിലെ അടിസ്ഥാന ജീവല്‍ പ്രശ്നങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കുടിവെള്ളം പാേലും നേടാന്‍ കഴിയാത്ത ജനതയ്ക്ക് കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണിമൂലം അവരുടെ നിലനില്‍പ്പും അതിജീവനവും അപകടപ്പെടുത്തുന്നു. ഈയാെരു പശ്ചാത്തലത്തില്‍ ഫിഡല്‍ കാസ്ട്രോയുടെ പ്രസംഗം കാലോചിതമായ ഒരു ഓര്‍മപ്പെടുത്തലാണ്. ഫിഡല്‍ കാസ്ട്രോയുടെ അഭിപ്രായത്തില്‍ കാലാവസ്ഥാമാറ്റത്തെ നേരിടുന്നതിന് ‘നാളെയാവുകില്‍ ഏറെ വെെകിടും’ ­(Tomor­row will be Too late) എന്നാണ് സൂചിപ്പിച്ചത്. മനുഷ്യന്റെ അതിജീവനത്തിന് ആധാരമായത് പ്രകൃതിയുടെ നിലനില്‍പ്പ് തന്നെയാണ്. യാതാെരു തത്വദീക്ഷയുമില്ലാതെയുള്ള പ്രകൃതിനശീകരണത്തിന് അടിസ്ഥാനപരമായി ഉ­ത്തരവാദികള്‍ ഉപഭോക്തൃസമൂഹങ്ങളാണ്. പഴയ കാെളോണിയല്‍ ശക്തികളില്‍ നിന്നും സാമ്രാജ്യത്വ നയങ്ങളില്‍ നിന്നുമാണ് ഇവ ഉടലെടുത്തത്. ഈ മേല്‍ക്കോയ്മയാണ് മൂന്നാംകിട രാജ്യങ്ങളിലെ വികസന പിന്നാക്കാവസ്ഥയ്ക്കും ദാരിദ്ര്യത്തിനും വഴിതെളിച്ചത്. ലോക ജനസംഖ്യയുടെ വെറും 20 ശതമാനം വരുന്ന മുതലാളിത്തപക്ഷ ജനത ലോകത്തിലെ മൂന്നില്‍ രണ്ടു ഭാഗം ലോഹങ്ങളും നാലില്‍ മൂന്നു ഭാഗം ഊര്‍ജ്ജവും ഉപയോഗിച്ച് തീര്‍ക്കുന്നു. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന മുതലാളിത്ത കരങ്ങളുടെ പ്രേരണയില്‍ പ്രകൃതിക്ക് കോട്ടം സംഭവിക്കുകയും അത് ഓസോണ്‍ പാളിയെ പോലും ദുര്‍ബലപ്പടുത്തുകയും ചെയ്യുന്നു. അങ്ങനെ ആഗോളതലത്തില്‍ തന്നെ കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തി. അതിനൊപ്പം ഫിഡല്‍ കാസ്ട്രോ ചൂണ്ടിക്കാട്ടുന്നത് മൂന്നാം ലാേകരാജ്യങ്ങളിലെ പട്ടിണി, ദാരിദ്ര്യം, ഉയര്‍ന്ന ശിശുമരണ നിരക്ക്, പോഷകാഹാരക്കുറവ് തുടങ്ങിയവയ്ക്ക് കാരണം മുതലാളിത്ത ശക്തികളുടെ നയങ്ങളാണ്. ഇന്നലെവരെ മുതലാളിത്ത രാഷ്ട്രങ്ങള്‍ അവരുടെ കോളനികളായി ഉപയോഗിച്ചുവെങ്കില്‍ ഇന്നവര്‍ അനീതി നിറഞ്ഞ അന്താരാഷ്ട്ര സാമ്പത്തിക ശക്തികളെ ഉപയോഗിച്ച് ചൂഷണത്തിന് നേതൃത്വം നല്‍കുന്നു. അസമത്വം നിറഞ്ഞ കച്ചവട കരാറുകളും സംരക്ഷണ നിയമങ്ങളും വിദേശകടങ്ങളുമെല്ലാം പ്രകൃതിയെ ഒരുതരത്തില്‍ ചൂഷണം ചെയ്യാനുള്ള ഒരു ഉപാധിയായിട്ടാണ് മുതലാളിത്ത ശക്തികള്‍ ഉപയോഗിക്കുന്നത്. അതിനാലാണ് മനുഷ്യജനതയ്ക്ക് കാലാവസ്ഥാ മാറ്റങ്ങളിലൂടെ അതിജീവിക്കണമെങ്കില്‍ സാമ്പത്തിന്റെ പുനര്‍വിതരണം നടത്തിയും ആധുനിക സാങ്കേതികവിദ്യകളുടെ പങ്കുവയ്ക്കലുകള്‍ക്കും തയാറാവേണ്ടതുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലുള്ള ആധുനിക ജീവിതശെെലികളിലും ഉപഭോഗ ശീലങ്ങളിലും ജനതയ്ക്ക് അവബോധം നല്‍കുകയും ചെയ്യണം. യുക്തിസഹമായ ജീവിതത്തിന് മനുഷ്യനെ പ്രാപ്തനാക്കാന്‍ ന്യായമായ ഒരു അന്താരാഷ്ട്ര സാമ്പത്തിക ക്രമം വളര്‍ത്തിക്കൊണ്ടുവരികയും നമ്മുടെ ശാസ്ത്രത്തിന്റെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് സുസ്ഥിര വികസനത്തിനായി കെെകോര്‍ക്കാമെന്ന് സൂചിപ്പിച്ചുകാെണ്ടാണ് ഫിഡല്‍ കാസ്ട്രോ അദ്ദേഹത്തിന്റെ പ്രസംഗം ഉപസംഹരിക്കുന്നത്.

ആഗോളതലത്തില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന ആഗോളപ്രസ്ഥാനമായ ‘സ്കൂള്‍ സ്ട്രെെക്ക് ഫോര്‍ ക്ലെെമറ്റ്’ (School strike for cli­mate) എന്ന ഈ സമരം ഇന്ന് ‘വെള്ളിയാഴ്ചകള്‍ ഭാവിക്കു വേണ്ടി’ (Friday’s for future) എന്നാണ് അറിയപ്പെടുന്നത്. സുരക്ഷിത കാലാവസ്ഥയ്ക്കും സുസ്ഥിരഭാവിക്കും വേണ്ടി സ്കൂള്‍ വിദ്യര്‍ഥികളുടെ ആഗോള സമരം ഇന്ത്യയെ പോലുള്ള വികസന പിന്നാക്കാവസ്ഥയുള്ള രാജ്യത്ത് എന്തുകാെണ്ടാണ് ചലനമുണ്ടാകാത്തത്. നാം ഓരോരുത്തരും ചിന്തിക്കേണ്ട സമയമാണിത്. പരിസ്ഥിതി സംരക്ഷണം കേവലം പരിസ്ഥിതി സംഘടനകളുടെ മാത്രം കാര്യപരിപാടിയായി ഒതുങ്ങാതെ ഇതിന് ഒരു സാമൂഹിക‑രാഷ്ട്രീയ‑സാമ്പത്തിക മാനങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇന്ത്യയിലെ യുവജന സംഘടനകളും വിദ്യാര്‍ഥി സംഘടനകളും ഈ ആശയം ഉള്‍ക്കൊണ്ടുകാെണ്ട് സുസ്ഥിരഭാവിക്കായി മുന്നിട്ടിറങ്ങണം. അതിനൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഉള്‍പ്പെടുത്തേണ്ടതായിട്ടുണ്ട്. ആഗോളതലത്തിലും പ്രത്യേകിച്ച് ഇന്ത്യയിലെ രാഷ്ട്ര നേതാക്കള്‍ പാേലും പല പരിസ്ഥിതി സമിതികളിലും പങ്കെടുത്ത് വാചകകസര്‍ത്ത് നടത്തുന്നതല്ലാതെ അടിസ്ഥാനപ്രശ്ന പരിഹാരത്തിന് വേണ്ട ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നില്ല. ഈയാെരു സാഹചര്യത്തിലാണ് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക 16 വയസുകാരി ഗ്രെറ്റാ തുണ്‍ബെര്‍ഗ് ലോകനേതാക്കളോട് ചോദിച്ച ചാേദ്യം ശ്രദ്ധേയമാകുന്നത്. “ഞങ്ങള്‍ നിങ്ങളെ നിരീക്ഷിച്ചുകാെണ്ടിരിക്കും എന്നതാണ് എന്റെ ഉത്തരം” എന്നുപറഞ്ഞാണ് ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ മാറ്റത്തിനെതിരെ സംഘടിപ്പിച്ച സമ്മേളനവേദിയില്‍ പ്രസംഗം ആരംഭിച്ചത്. 16 വയസുകാരി ഗ്രെറ്റാ തൻബര്‍ഗിന്റെ പ്രസംഗം ഇപ്രകാരമാണ്: — “ഇതെല്ലാം തെറ്റാണ്. ഞാന്‍ ഇവിടെയല്ല ഉണ്ടാവേണ്ടിയിരുന്നത്. ലോകത്തിന്റെ മറ്റൊരു കോണില്‍ ഒരു സ്കൂളില്‍ പഠിക്കേണ്ട വിദ്യാര്‍ഥിനിയാണ്. നിങ്ങളെല്ലാം പ്രതീക്ഷയോടെ ഞങ്ങളുടെ അടുത്തേക്ക് വന്ന് പാെള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി നിങ്ങളെന്റെ ബാല്യവും സ്വപ്നങ്ങളും കവര്‍ന്നെടുത്തു. ആളുകള്‍ കഷ്ടപ്പെടുന്നു, മരിച്ചുകാെണ്ടിരിക്കുന്നു. ആവാസവ്യവസ്ഥ പൂര്‍ണമായും ഇല്ലാതാകുന്നു. നമ്മള്‍ സമ്പൂര്‍ണമായ വംശനാശത്തിന്റെ പടിവാതിലിലെത്തി. എന്നിട്ടും നിങ്ങള്‍ക്ക് പറയാനുള്ളത് പണത്തിനെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചാ സംബന്ധിയായ കെട്ടുകഥകളും മാത്രം. മുപ്പത് വര്‍ഷത്തിലധികമായി ഇക്കാര്യങ്ങള്‍ ശാസ്ത്രത്തിന് കൃത്യവും വ്യക്തവുമാണ്. പരിഹാരങ്ങളോ രീതിശാസ്ത്രങ്ങളോ എങ്ങും കാണാനില്ലെന്നിരിക്കെ, നിസംഗമായി നോക്കി നില്‍ക്കാനും ഞങ്ങള്‍ ആവശ്യത്തിന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാനും നിങ്ങള്‍ക്കെങ്ങനെ ധെെര്യം വരുന്നു. ഇവിടെവച്ച് എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനും പദ്ധതി രൂപീകരിക്കുവാനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വേണ്ടത്ര ഗൗരവത്തോടെ ഈ കാര്യങ്ങളെ സമീപിക്കാന്‍ നിങ്ങളിനിയും മുതിര്‍ന്നിട്ടില്ല.” 16 വയസുകാരിയായ ഗ്രെറ്റാ തൻബര്‍ഗ് ആഗോളതലത്തില്‍ ഓരോ രാഷ്ട്രനേതാക്കന്‍മാരോടും ചാേദിച്ച ഈ ചാേദ്യം നമ്മുടെ പുതിയ യുവതലമുറ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഗ്രെറ്റാ തൻബര്‍ഗിന്റെ യുഎന്‍ പ്രസംഗം ചര്‍ച്ച ചെയ്യുമ്പോള്‍ നാം ഓര്‍ക്കേണ്ട മറ്റൊരു പേരാണ് കാനഡയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ സെവേണ്‍ കള്ളിസ് സുസുകിയുടേത്. തന്റെ ഒമ്പതാം വയസില്‍ പരിസ്ഥിതി വിദ്യാര്‍ഥി സംഘടന രൂപീകരിച്ച് പരിസ്ഥിതി സംരക്ഷണത്തിനായി അവർ മുന്നിട്ടിറങ്ങി. 1992‑ലെ ലോക ഭൗമ ഉച്ചകോടിയില്‍ പ്രസംഗിച്ച് ആഗോള ശ്രദ്ധ നേടിയിരുന്നു. ഭൗമ ഉച്ചകോടിയിലെത്തിയ ജനതയോട് “ഞാന്‍ എന്റെ ഭാവിക്ക് വേണ്ടിയാണ് പൊരുതുന്നത് എന്ന് പറഞ്ഞാണ് സെവേണ്‍ പ്രസംഗം തുടങ്ങിയത്. എന്റെ ഭാവി നഷ്ടപ്പെടുത്തുകയെന്നാല്‍ അതാെരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതുപോലെയോ, സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഒരു പോയിന്റ് നഷ്ടപ്പെടുന്നതുപാേലെയോ അല്ല. വരാനിരിക്കുന്ന മുഴുവന്‍ തലമുറയ്ക്കും വേണ്ടിയാണ്.

ഞാനിവിടെ സംസാരിക്കുന്നത്. ലോകത്താകമാനം പട്ടിണി കിടന്ന് കരയുന്ന കുട്ടികള്‍ക്ക് വേണ്ടിയും മറ്റൊരിടത്തേക്കും രക്ഷപ്പെടാന്‍ കഴിയാതെ ഭൂമിയില്‍ മരിച്ചുവീഴുന്ന എണ്ണമറ്റ മൃഗങ്ങള്‍ക്കും വേണ്ടിയാണ് ഞാനിവിടെ സംസാരിക്കുന്നത്” എന്നാണ് സാെവേണ്‍ അഭിപ്രായപ്പെട്ടത്. ഇരുപത്തിഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992‑ലെ ഭൗമഉച്ചകോടിയില്‍ സംസാരിച്ച ക്യൂബന്‍ ഭരണാധികാരി ഫിഡല്‍ കാസ്ട്രോയുടെയും, കനേഡിയന്‍ പരിസ്ഥിതി പ്രവര്‍ത്തക സൊവേണ്‍ കള്ളിസ് സുസുക്കിയുടെയും വാക്കുകള്‍ ആഗോളതലത്തില്‍ ഭരണകര്‍ത്താക്കള്‍ ശ്രദ്ധ ചെലുത്താത്തതിനാലാണ് മറ്റാെരു പതിനാറു വയസുകാരി ഗ്രെറ്റ തൻബര്‍ഗ് 2019ല്‍ വീണ്ടും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ ഓര്‍മപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാന സമൂഹത്തിലെ വിവിധ മേഖലകളായ ഭക്ഷ്യ ഉല്‍പാദനം, ഊര്‍ജ്ജഉല്‍പാദനം, ഗതാഗതം, വാണിജ്യം, ജലസ്രോതസുകള്‍ എന്നിവയെ കൂടാതെ ദേശീയ സുരക്ഷയെപോലും സാരമായി ബാധിക്കുന്ന അവസ്ഥയിലെത്തി ചേര്‍ന്നിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ചില ഫലങ്ങള്‍ ഹ്രസ്വകാലഗുണമുള്ളതാണെങ്കിലും ദീര്‍ഘകാല വ്യതിയാനങ്ങള്‍ സമൂഹത്തിന്റെ ഘടനയെയും മാനവരാശിയുടെ നിലനില്‍പ്പിനെയും അപകടത്തിലാക്കും. മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് ജീവിക്കാനുള്ള കാലാവസ്ഥാ സാക്ഷരത നേടുകയാണ് പ്രധാനമായി ചെയ്യേണ്ടത്. അതിനൊപ്പം കാലാവസ്ഥാ ശാസ്ത്രത്തെ ഒരു പ്രായോഗിക അറിവായി മനസിലാക്കുകയും സങ്കീര്‍ണമായ ഭൗതികവും ജീവശാസ്ത്രപരവുമായ കൂടിച്ചേരലുകളെ കുറേക്കൂടി വിശാലരീതിയില്‍ സമഗ്രഹിച്ച് സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവും നയപരവുമായ മാറ്റങ്ങള്‍ താഴെത്തട്ടില്‍ നിന്ന് ആരംഭിച്ച് നടപ്പിലാക്കിയാല്‍ മാത്രമേ കാലാവസ്ഥ വ്യതിയാന ഭീഷണി നേരിടാന്‍ സാധിക്കുകയുള്ളു. അതിനൊപ്പം ഭരണതലത്തില്‍ മെച്ചപ്പെട്ട നയപരിപാടികള്‍ വിഭാവനം ചെയ്ത് മുന്നേറിയാല്‍ മാത്രമേ മാനവരാശിക്ക് ഈ ഭൂമിയില്‍ നിലനില്‍പ്പുള്ളു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ആഗോളതലത്തിലുള്ള സമരം ശക്തിപ്പെടുമ്പോള്‍ ഇന്ത്യയിലെ പുതുതലമുറ സുരക്ഷിത കാലാവസ്ഥയ്ക്കും സുസ്ഥിര ഭാവിക്കും വേണ്ടി സദാ ജാഗ്രത പ്രകടിപ്പിക്കേണ്ട കാലഘട്ടമാണിത്.