19 April 2024, Friday

ആഗോളവല്‍ക്കരണം ലക്ഷ്യമിടുന്നത് തൊഴിലാളി വര്‍ഗത്തിന്റെ ഉന്മൂലനം: ബി രാംപ്രകാശ്

Janayugom Webdesk
കോഴിക്കോട്
November 27, 2022 7:41 pm

ആഗോളവത്കരണ നടപടികള്‍മൂലം ഏറ്റവും കൂടുതല്‍ ദുരിതംപേറുന്നത് തൊഴിലാളി വര്‍ഗ്ഗമാണെന്നും അവരുടെ അവകാശങ്ങളെല്ലാം അനുദിനം കവര്‍ന്നെടുക്കപ്പെടുകയാണെന്നും എഐബിഇഎ സംസ്ഥാന ജനറല്‍സെക്രട്ടറി ബി രാംപ്രകാശ് പറഞ്ഞു. എഐടിയുസി നേതൃത്വത്തില്‍ ‘ആഗോളവത്കരണവും തൊഴിലാളി വര്‍ഗ്ഗവും’ എന്ന വിഷയത്തില്‍ കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിവര്‍ഗ്ഗം കൂടുതല്‍ ആക്രമിക്കപ്പെടുന്നു. അവരുടെ ജോലിസുരക്ഷ ഇല്ലാതായി. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ശക്തിപ്പെട്ട രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ആഗോളവത്കരണത്തിന്റെ ഭാഗമായി സ്വകാര്യവത്കരിക്കുകയാണ്. സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉന്‍മൂലനമാണ് മുതലാളിത്ത ഭരണകൂടം ലക്ഷ്യമിടുന്നത്. അതിനായി നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളെല്ലാം സ്വകാര്യകുത്തകകള്‍ക്ക് കൈമാറുകയാണ്.

2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് സ്വകാര്യവത്കരണം ശക്തിപ്പെട്ടത്. പ്ലാനിംഗ് കമ്മീഷനു പകരം ഏര്‍പ്പെടുത്തിയ നീതി ആയോഗ് നല്‍കുന്നത് സ്വകാര്യവത്കരണത്തിനുവേണ്ടിയുള്ള ഉപദേശം മാത്രമാണ്. ആഗോളവത്കരണത്തിന്റെ പ്രാഥമിക സിദ്ധാന്തം വിദേശനിക്ഷേപം ആകര്‍ഷിക്കുകമാത്രമാണ്. തൊഴിലാളിദ്രോഹത്തിന്റെ പര്യായമാണ് പുതിയ ലേബര്‍കോഡ്. ഇതിനെതിരെ പോരാട്ടംമാത്രമാണ് തൊഴിലാളിവര്‍ഗ്ഗത്തിനുമുന്നിലുള്ള മാര്‍ഗ്ഗം. തൊഴിലാളി ഐക്യം സാധ്യമായാല്‍ വിജയം സുനിശ്ചിതമാണ്. രാജ്യത്ത് നടന്ന കര്‍ഷകസമരത്തിന്റെ വിജയം ഇതാണ് വ്യക്തമാക്കുന്നതെന്നും ബി രാംപ്രകാശ് കൂട്ടിച്ചേര്‍ത്തു.

എഐടിയുസി ജില്ലാ പ്രസിഡന്റ് ഇ സി സതീശന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍, സംസ്ഥാന സെക്രട്ടറി പി കെ മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി പി കെ നാസര്‍ സ്വാഗതം പറഞ്ഞു.
ആലപ്പുഴയില്‍ ഡിസംബറില്‍ നടക്കുന്ന എഐടിയുസി 42-ാം ദേശീയസമ്മേളനത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തുടനീളം വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.

Eng­lish Sum­ma­ry: Glob­al­iza­tion aims at the erad­i­ca­tion of the work­ing class: B Ramprakash
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.