29 September 2024, Sunday
KSFE Galaxy Chits Banner 2

ജിഎം കടുക് പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരം

ഡോ. സോമ മര്‍ള
November 8, 2022 5:30 am

ജനിതക എന്‍ജിനീയറിങ് അപ്രൈസൽ കമ്മിറ്റി, ഒക്ടോബർ 18ന് ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കി. ഇത്തരത്തിലുള്ള ആദ്യത്തെ ഭക്ഷ്യവിള എന്ന നിലയിൽ, പാരിസ്ഥിതികവും ജൈവികവുമായ സുരക്ഷയും മനുഷ്യരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും വിലയിരുത്താതെ തിടുക്കത്തിലുള്ള സർക്കാർ അംഗീകാരത്തെ വിദഗ്ധരുടെ പഠനങ്ങൾ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദശകത്തിൽ പരുത്തിമേഖലയുടെ നാശത്തിനും കർഷക ആത്മഹത്യകൾക്കും കാരണമായ ജിഎം പരുത്തി, മൊൺസാന്റോയ്ക്കും മറ്റ് ബഹുരാഷ്ട്ര കുത്തകകള്‍ക്കും മാത്രം ഗുണം ചെയ്തുവെന്ന ഗുരുതരമായ അവസ്ഥയും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിള സസ്യങ്ങളുടെ ജനിതക പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ട്രാൻസ്ജെനിക് ജിഎം കടുക് ഹൈബ്രിഡ് ഡിഎംഎച്ച്-11 (ധാരാ കടുക് ഹൈബ്രിഡ്) കളനാശക ശക്തിയോടു കൂടിയ വിളയാണ്. ബാസിലസ് അമിലോലിക് ‌ഫേസിയൻസ് എന്ന ബാക്‌ടീരിയയിൽ കാണപ്പെടുന്ന രണ്ട് ജീനുകൾ‑ബാർനേസ്, ബാർസ്റ്റാർ എന്നിവ ഉൾപ്പെടുത്തി ‘വരുണ’, ‘ഏർലി ഹീര‑2’ എന്നീ രണ്ട് കടുക് ഇനങ്ങള്‍ അവതരിപ്പിച്ചു. മറ്റ് രണ്ട് കടുക് ഇനങ്ങൾ ‘പുരുഷ വന്ധ്യത’ എന്ന ജനിതക സാങ്കേതികത ഉപയോഗിച്ചുള്ള ഹൈബ്രിഡ് ശ്രേണിയിലുള്ളതാണ്. ഹൈബ്രിഡിലെ ബാക്ടീരിയൽ ജീനുകൾ, സസ്യങ്ങളില്‍ ഗ്ലൂഫോസിനേറ്റ് അമോണിയം എന്ന കളനാശക ശക്തിയുണ്ടാക്കുന്നു. ഗ്ലൈഫോസേറ്റ് അഥവാ ഏജന്റ് ഓറഞ്ചിന്റെ ഗണത്തില്‍പ്പെട്ട രാസവസ്തുവാണ് ഗ്ലൂഫോസിനേറ്റ്. ഈ കളനാശിനിയുടെ വ്യാപകമായ പ്രയോഗം മണ്ണിനെയും ജലാശയങ്ങളെയും മലിനമാക്കുകയും ഭക്ഷ്യ ശൃംഖല വഴി മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ഗ്ലൂഫോസിനേറ്റും ഗ്ലൈപോഹോസേറ്റും അറിയപ്പെടുന്ന കാൻസർ ഏജന്റുമാരാണ്. വിഷമയമായ ഭക്ഷണത്തിന്റെ ദൈനംദിന ഉപയോഗം മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാകും. പഞ്ചാബിലെയും യുപിയിലെയും മറ്റ് ചില സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ പച്ച കടുകില ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. പാചക എണ്ണ, കോഴി, മൃഗങ്ങളുടെ തീറ്റ എന്നിവയിലും കടുകെണ്ണയും പിണ്ണാക്കും ഉപയോഗിക്കുന്നു. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ജിഎം വിളകളെ കുറിച്ച് പഠിക്കുമ്പോള്‍ ഇലകളിലും വിത്തുകളിലുമുള്ള രാസവസ്തുക്കള്‍ തേനീച്ചകളെയും പക്ഷികളെയും മനുഷ്യരെയും ദോഷകരമായി ബാധിക്കുന്നുവെന്ന് നേരിട്ട് കണ്ടയാളാണ് ഈ ലേഖകന്‍. കാർഷികമേഖലയിലെ വന്‍തോതിലുള്ള രാസവല്ക്കരണത്തിൽ നിന്ന് പ്രയോജനം ലഭിക്കുന്ന ഒരേയൊരു കക്ഷി, ഗ്ലൂഫോസിനേറ്റിന്റെയും ഗ്ലൈപ്പോഹോസേറ്റിന്റെയും ഏക നിർമ്മാതാക്കളായ കെമിക്കൽ ഭീമൻ ബേയർ മാത്രമാണ്. ജിഎം കടുക് കൃഷി ചെയ്യുന്നത് എണ്ണക്കുരു ഉല്പാനം വർധിപ്പിക്കുമെന്നും സസ്യ എണ്ണകളുടെ ഇറക്കുമതിക്കായി ചെലവഴിക്കുന്ന 20 ബില്യൺ ഡോളറിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു. എന്നാല്‍ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ റെഗുലേറ്ററി അതോറിറ്റി ജിഇഎസി നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള വിളവെടുപ്പില്‍ വരുണയെ അപേക്ഷിച്ച് ജിഎം കടുക് കൂടുതല്‍ മെച്ചം കാണിച്ചില്ല. എന്നാൽ ഒക്‌ടോബർ 18‑ന് ജിഇഎസി ട്രാൻസ്ജെനിക് ഡിഎംഎച്ച്11‑ന് വരുണയെക്കാൾ 20 മുതൽ 25 ശതമാനം വരെ വിളവ് കൂടുതലുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. അതേസമയം നേട്ടത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുമില്ല.


ഇതുകൂടി വായിക്കൂ: കരുതല്‍ വേണം, സഹകരണത്തെ രക്ഷിക്കാന്‍  


പല കീടശാസ്ത്രജ്ഞരും സൂചിപ്പിക്കുന്നതുപോലെ കടുക് വയലുകളുടെ രാസവല്ക്കരണം തേനീച്ചകളുടെ എണ്ണം കുറയ്ക്കും. അവ തേൻ മാത്രമല്ല, പൂക്കളിൽ പരാഗണം നടത്തുന്നതിലൂടെ ധാന്യങ്ങളുടെയും പഴങ്ങളുടെയും ഉയർന്ന വിളവ് നൽകുന്നു. തേനീച്ചകൾ കാരണമാണ് ലോകമെമ്പാടുമുള്ള വയലുകളിൽ ഏകദേശം 30 ശതമാനം ഭക്ഷണം ഉല്പാദിപ്പിക്കപ്പെടുന്നത് എന്നാണ് കണക്ക്. ജിഎം ഭക്ഷ്യവിള കൃഷി രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും ഭീഷണിയാണ്. ഇന്ത്യൻ കാർഷികമേഖലയിൽ ജിഎം വിളകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ഭീഷണികൾക്കെതിരെ മോളിക്യുലാർ ബയോളജിസ്റ്റും മുൻ വിജ്ഞാന കമ്മിഷൻ വൈസ് പ്രസിഡന്റുമായിരുന്ന ഡോ. പുഷ്പ ഭാർഗവ് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജിഎം വിളയെ പിന്തുണയ്ക്കുന്നവരും, കോർപറേറ്റ് അഗ്രിബിസിനസ് വിഭാഗങ്ങളും, ഭക്ഷ്യ ഉല്പാദനം വർധിപ്പിക്കുന്നതിനും, സസ്യ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും പട്ടിണിയെ ചെറുക്കുന്നതിനുമുള്ള ഏക പരിഹാരമാണ് ജിഎം എന്ന് അവകാശപ്പെടുന്നു. 80 കളുടെ അവസാനത്തിൽ നാഷണൽ ഓയിൽ സീഡ് മിഷന്റെ കീഴിൽ ഐസിഎആര്‍ മഞ്ഞ വിപ്ലവം പ്രഖ്യാപിച്ചു. ഇത് എണ്ണക്കുരു ഉല്പാദനം വർധിപ്പിക്കുകയും സസ്യ എണ്ണ ഉല്പാദനത്തിൽ രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയും ചെയ്തു. എള്ള്, കടുക്, നിലക്കടല തുടങ്ങിയ വിലപിടിപ്പുള്ള എണ്ണക്കുരു വിളകളുടെ നാടാണ് ഇന്ത്യ.

ഐസിഎആര്‍ ജീൻ ബാങ്ക് ഏകദേശം 30,000 തരം എണ്ണക്കുരു ഇനങ്ങൾ സുരക്ഷിതമായി പരിപാലിക്കുന്നുണ്ട്. നാഷണൽ എണ്ണക്കുരു മിഷൻ ഉയർന്ന വിളവ് നൽകുന്ന ഡസൻ കണക്കിന് വിള ഇനങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഈ വിള വിത്തുകൾ പൊതുമേഖലാ ഗവേഷണത്തിലൂടെ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ചെറുകിട കർഷകർക്ക് സൗജന്യമായി ലഭ്യമാക്കി. എങ്കിലും ലോക വ്യാപാര സംഘടനയുടെയും കയറ്റുമതി വ്യാപാരി ലോബിയുടെയും സ്വാധീനത്തിൽ സസ്യ എണ്ണകളുടെ ഇറക്കുമതി നികുതി കുത്തനെ കുറച്ചു. ആഗോള കുത്തക ഭീമന്മാരായ കാര്‍ഷിക വ്യാപാര ലാേബിയുടെ പ്രേരണയില്‍ കുറഞ്ഞവിലയ്ക്കുള്ള ആഭ്യന്തര എണ്ണക്കുരു കൃഷി അസാധ്യമാവുകയും ഇന്ത്യ സസ്യ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുകയും ചെയ്തു. ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യ കൃഷിക്കുള്ള അംഗീകാരം, വഴുതന, അരി, ഗോതമ്പ്, ചോളം തുടങ്ങിയ മറ്റ് ജിഎം ഭക്ഷ്യവിളകൾ അവതരിപ്പിക്കുന്നതിനുള്ള വഴിതുറക്കുന്നു. ഇത് പൊതുമേഖലാ കാർഷിക ഗവേഷണങ്ങളെ തകർക്കുകയും ഇന്ത്യൻ വിത്ത് മേഖലയെ ബഹുരാഷ്ട്ര കമ്പനികളുടെ കുത്തകാവകാശത്തിലേക്ക് നയിക്കുകയും ചെയ്യും. മൊൺസാന്റോയുടെ ജിഎം പരുത്തിയുടെ ദുരനുഭവം വ്യക്തമായ ഉദാഹരണമാണ്. സര്‍ക്കാര്‍ തീരുമാനം നമ്മുടെ കർഷകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുക മാത്രമല്ല, സ്വതന്ത്രമായ ഭക്ഷ്യ ഉല്പാദനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയായി പാെതുവിതരണം അസ്ഥിരപ്പെടുത്തുകയും ചെയ്യും. അതിനാല്‍ ജിഎം കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനുള്ള അനുമതി കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണം.
(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.